കറുത്ത നിറത്തിന്റെ പേരിൽ യുവതിയെ വെള്ളത്തിൽ തള്ളിയിട്ടുകൊന്ന ഭർത്താവ് എട്ടു വർഷത്തിനു ശേഷം പിടിയിൽ

കൊല്ലം: നിറം കുറഞ്ഞതിന്റെ പേരിൽ യുവതിയെ വെള്ളത്തിൽ തള്ളിയിട്ടു കൊന്ന സംഭവത്തിൽ എട്ടു വർഷത്തിനു ശേഷം ഭർത്താവ് അറസ്റ്റിൽ. പുനലൂർ വാളക്കോട് ഷാജഹാൻ-നസീറ ദമ്പതികളുടെ മകൾ ഷജീറയാണ്(30) ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.  2015ലായിരുന്നു മരണം. ശാസ്താംകോട്ട തേവലക്കര പാലക്കൽ ബദരിയ മൻസിലിൽ അബ്ദുൽ ശിഹാബിനെയാണ്(41)കൊല്ലം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഷജീറയുടെ മാതാപിതാക്കളാണ് മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് പരാതി നൽകിയത്. തുടർന്ന് ക്രൈംബ്രാഞ്ച് എസ്.പി എൻ. രാജന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങി.

2015 ജൂൺ 17ന് രാത്രി ഏഴരയോടെ ശാസ്താംകോട്ട കല്ലുംമൂട്ടിൽ കടവ് ബോട്ട് ജെട്ടിയിൽ നിന്നാണ് അബോധാവസ്ഥയിൽ ഷജീറയെ കണ്ടെത്തിയത്. ഉടൻ ശാസ്താംകോട്ട പത്മാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നാം ദിവസം മരിച്ചു. മരിക്കുമ്പോൾ ഷജീറയുടെ വിവാഹം കഴിഞ്ഞിട്ട് ഏഴുമാസമായതേ ഉണ്ടായിരുന്നുള്ളൂ. നിറത്തിന്റെ പേരിൽ ഷജീറയെ ശിഹാബ് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെളുത്ത കാറും കറുത്ത പെണ്ണുമാണ് തനിക്ക് കിട്ടിയതെന്ന് ഇയാൾ പതിവായി പറയുമായിരുന്നു. ഇയാളുടെ രണ്ടാം വിവാഹമായിരുന്നു. വീട്ടിലേക്ക് ഫോൺ ചെയ്യാൻ പോലും ഷജീറയെ അനുവദിച്ചിരുന്നില്ല.

സംഭവ ദിവസം കരിമീൻ വാങ്ങിക്കാനെന്ന വ്യാജേനയാണ് ഇയാൾ ഷജീറയെ കൊല്ല​ത്തെ മൺറോ തുരുത്തിനടുത്തേക്ക് കൊണ്ടുപോയത്. കരിമീൻകിട്ടാതെ തിരികെ വന്ന ഇയാൾ വൈകീട്ട് ആറ​രയോടെ ജങ്കാറിൽകല്ലുംമൂട്ടിൽ കടവിൽ എത്തി. രാത്രി ഏഴരയോടെ അവിടെ തുടർന്നു. പിന്നീട് ഷജീറയെ ബോട്ട്ജെട്ടി​യിലേക്ക് നടത്തിച്ച് വെള്ളത്തിൽ തള്ളിയിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് തെളിയിച്ചത്. ശിഹാബ് കുറ്റം ഏറ്റതായി പൊലീസ് പറഞ്ഞു.

Tags:    
News Summary - Husband arrested after 8 years for killing wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.