തിരുവനന്തപുരം: കാർബൺ ബഹിർഗമനം കുറഞ്ഞതും മലിനീകരണം പൂർണമായി ഇല്ലാതാക്കുന്നതുമായ ഹൈഡ്രജൻ വാഹനങ്ങൾ സർക്കാർ പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി ആന്‍റണി രാജു. നോർവെ എംബസി, ഇന്നൊവേഷൻ നോർവെ, ദി എനർജി ആൻഡ് റിസോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് (ടി.ഇ.ആർ.ഐ) എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ഗ്രീൻ ഹൈഡ്രജൻ, ഗ്രീൻ ഷിപ്പിങ് ആൻഡ് ഇ-മൊബിലിറ്റി ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കൊച്ചി മെട്രോ അനുബന്ധ സർവിസിന് ഉപയോഗിക്കാൻ 10 ഹൈഡ്രജൻ ബസുകൾ വാങ്ങാനുള്ള തയാറെടുപ്പിലാണ് ഗതാഗത വകുപ്പ്. നോർവെ പോലുള്ള രാജ്യങ്ങൾ പുനരുപയോഗ ഊർജ മേഖലയിൽ നടത്തുന്ന പരീക്ഷണങ്ങളും പ്രവർത്തനങ്ങളും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
2030ഓടെ ഇന്ത്യക്ക് ആവശ്യമായ ഊർജത്തിെൻറ 50 ശതമാനവും പുനരുപയോഗ സ്രോതസ്സുകളിൽനിന്ന് ലഭ്യമാക്കാനുള്ള പ്രയത്‌നത്തിലാണെന്ന് ടി.ഇ.ആർ.ഐ ഡയറക്ടർ ജനറൽ ഡോ. വീഭാ ധവാൻ പറഞ്ഞു. നോർവീജിയൻ അംബാസിഡർ ഹാൻസ് ജേക്കബ് ഫ്രിഡൻലന്‍റ്, ഇന്നൊവേഷൻ നോർവേ ആൻഡ് ഇന്ത്യ കൺട്രി ഡയറക്ടർ ക്രിസ്റ്റ്യൻ വ്ളാഡ്‌സ് കാർട്ടർ, ഏഷ്യ ആൻഡ് മിഡിൽ ഈസ്റ്റ് ഇന്നൊവേഷൻ നോർവെ റീജനൽ ഡയറക്ടർ ഒലേ ഹെനസ്, പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ തുടങ്ങിയവർ ശിൽപശാലയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.