പാലക്കാട്: വൈദ്യുതിക്ഷാമത്തിന്റെ പേരിൽ പുറംകരാറുകൾ വഴി വൈദ്യുതി വാങ്ങിക്കൂട്ടുമ്പോഴും കോടികൾ ലാഭം ഉണ്ടാക്കാമായിരുന്ന ജലവൈദ്യുതി പദ്ധതികളുടെ സാധ്യതകളെ കെ.എസ്.ഇ.ബി അവഗണിച്ചു. മൊത്തം 4140.252 മില്യൺ യൂനിറ്റ് (എം.യു) സംഭരണശേഷിയുള്ള സംസ്ഥാനത്തെ 16 ജലവൈദ്യുതി ഡാമുകളിലെ ജലവിതാനത്തിന്റെ 15 ശതമാനം അവശേഷിപ്പിച്ച് ബാക്കി ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കണമെന്നാണ് കേന്ദ്ര ജലകമീഷൻ നിർദേശം. കടുത്ത വൈദ്യുതിക്ഷാമത്തിൽ വൈദ്യുതി വാങ്ങലിലൂടെ 200 കോടിയോളം ചെലവിട്ടിരിക്കേ, സംസ്ഥാനത്തെ 16 ജലവൈദ്യുതി പദ്ധതികളിൽ കരുതൽ ശേഖരത്തിനു പുറമെ വൈദ്യുതി ഉൽപാദിപ്പിക്കാവുന്ന 400 മില്യൺ യൂനിറ്റ് അധിക ജലം ബാക്കിയുണ്ടായിരുന്നുവെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു.
കേന്ദ്ര ജലകമീഷൻ നിഷ്കർഷിക്കുന്ന 15 ശതമാനമായ 621 എം.യുവിനു പകരം 1245.413 എം.യു ജലം ബാക്കിയുണ്ടെന്ന് ചൊവ്വാഴ്ചത്തെ കണക്കുകൾ സൂചിപ്പിക്കുന്നു. ഡാമുകളിൽ നിലനിർത്തേണ്ട 621 എം.യു, പത്ത് ദിവസത്തെ പ്രതിദിന ഉൽപാദനത്തിനുള്ള 200 എം.യു എന്നിങ്ങനെ നീക്കിവെച്ചാലും മേയ് 31ന് ജലവർഷം അവസാനിക്കുമ്പോൾ കരുതൽ ശേഖരത്തേക്കാൾ 400 എം.യു അധിക ജലം ഡാമുകളിലുണ്ടാകും.
മഴയെത്തുന്നതോടെ ഡാമുകളിലെ അധികജലം തുറന്നുവിടേണ്ട അവസ്ഥ വരുന്നതോടൊപ്പം അതിതീവ്ര മഴപ്രവചനം ആശങ്ക വീണ്ടും ഉയർത്തുന്നുണ്ട്. മുൻകാലങ്ങളിൽ ഈ സംഭരണ ജലനിരപ്പ് 15 ശതമാനത്തിന് താഴെയായി അധികൃതർ നിലനിർത്തുമായിരുന്നു. അതായത്, ഡാമിലെ വെള്ളം പരമാവധി വൈദ്യുതിയാക്കിയാൽ മൺസൂൺ മഴയിൽ കൂടുതൽ ജലം ശേഖരിക്കാൻ റിസർവോയറുകൾക്കാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.