തൊടുപുഴ: കുമളിയില്‍ അഞ്ചു വയസ്സുകാരൻ ഷഫീഖിനെ രണ്ടാനമ്മയും അച്ഛനും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച കേസില്‍ വിധിപറയുന്ന നിമിഷം നാടിന് മുഴുവൻ ആകാംക്ഷ സൃഷ്ടിക്കുന്നതായിരുന്നു.
രാവിലെ മുതല്‍ കോടതിവളപ്പിലടക്കം ഉയർന്നത് കേസിനെക്കുറിച്ചുള്ള സംസാരങ്ങൾ മാത്രം. കോടതി തുടങ്ങി അധികം വൈകാതെ പ്രതികളായ അനീഷയും ഷെരീഫുമെത്തി. തീര്‍ത്തും നിര്‍വികാരമായി ഇരുവരും കോടതി ഹാളിന്റെ വാതില്ക്കല് നിന്നു. ഷെരീഫ് മാസ്ക് ധരിച്ചിരുന്നു.
അനീഷ മാസ്കിനൊപ്പം ഷാള്കൊണ്ട് തലയും മറച്ചു. 12ഓടെ ജഡ്ജി ആഷ് കെ. ബാല്‍ ഇരുവരും കുറ്റക്കാരാണെന്ന് ബോധ്യപ്പെട്ടതായി അറിയിച്ചു. ഭാവഭേദങ്ങളില്ലാതെ പ്രതികള്‍ ജഡ്ജിക്ക് അഭിമുഖം നിന്നു. കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഷെരീഫ് തങ്ങള്‍ക്ക് മറ്റ് മക്കളുണ്ടെന്നും അവരുടെ സുരക്ഷിതത്വം സംബന്ധിച്ചുമുള്ള കാര്യങ്ങള്‍ പരിഗണിക്കണമെന്നും പറഞ്ഞു.
തന്റെ അവസരത്തില്‍ അനീഷയുടെ കണ്ണുകള്‍ നിറഞ്ഞു. ശേഷം വിധിക്കായുള്ള കാത്തിരിപ്പ്. നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നതില്‍ ചെറിയ സാങ്കേതിക താമസങ്ങള്‍. മറ്റ് കേസുകളുടെ നടപടികള്‍ നടന്നപ്പോള്‍ പ്രതികള്‍ പുറത്ത് ബെഞ്ചില്‍ തലതാഴ്ത്തിയിരുന്നു. 3.23ന് ജഡ്ജി ആഷ് കെ. ബാല്‍ എത്തി മിനിറ്റുകള്‍ക്കുള്ളില്‍ നാടൊന്നാകെ കാത്തിരുന്ന വിധി പറഞ്ഞു.
വിധി കേട്ടശേഷവും പ്രതികരിക്കാതെ, പൊട്ടിത്തെറിക്കാതെ, കരയാതെ അനീഷയും ഷെരീഫും കോടതി ഹാളിലെ ബെഞ്ചില്‍ ദീര്‍ഘനേരം ഇരുന്നു. കോടതി ഹാള്‍ ഒഴിഞ്ഞു, ശേഷം പൊലീസ് വാഹനത്തില്‍ ഇരുവരും ജയിലിലേക്ക് നീങ്ങി.
2013 ജൂലൈ 15
കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നു. കുട്ടി അബോധാവസ്ഥയിൽ, ഹൈപ്പോക്സിക് ഇസ്കിമിക് ബ്രെയിന്‍ ഡാമേജ് (തലച്ചോറിലേക്ക് ഓക്സിജൻ എത്താത്ത തരത്തിലുള്ള തകരാർ)
ജൂലൈ 16
കുട്ടിയുടെ നില അതീവ ഗുരുതരം. അച്ഛൻ ഷെരീഫിനെയും രണ്ടാനമ്മ അനീഷയെയും കസ്റ്റഡിയിലെടുക്കുന്നു. ഇവർ കുറ്റം സമ്മതിക്കുന്നു. കോട്ടയം മെഡിക്കൽ കോളജിൽനിന്നുള്ള ഡോക്ടർമാർ അടങ്ങുന്ന വിദഗ്ധ സംഘത്തെ ചികിത്സക്കായി സർക്കാർ നിയമിക്കുന്നു.
ജൂലൈ 17
ഷെരീഫിന്റെയും അനീഷയുടെയും അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പ്രതീക്ഷ. സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം കുട്ടിയെ പരിശോധിക്കുന്നു. കണ്ണുകളുടെ ചലനം തിരിച്ച് വന്നതും കൈകാലുകൾ അനക്കുന്നതും പ്രതീക്ഷ.
ജൂലൈ 18
25 ശതമാനം മാത്രമേ പ്രതീക്ഷയുള്ളൂവെന്ന് മെഡിക്കൽ സംഘം. ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകാൻ തുടങ്ങി. ഷെരീഫും അനീഷയും റിമാൻഡിൽ. പെറ്റമ്മ ആശുപത്രിയിൽ എത്തി കുട്ടിയെ കാണുന്നു.
ജൂലൈ 19
നില ഗുരുതരമായി തുടരുന്നു. സി.ടി സ്കാന്‍ വിധേയമാക്കിയെങ്കിലും കാര്യമായ പുരോഗതിയില്ല.
ജൂലൈ 20
ഷെഫീഖിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. വെന്റിലേറ്റർ സപ്പോർട്ട് 50 ശതമാനമാക്കുന്നു. സ്വയം ശ്വസിക്കാൻ ആരംഭിക്കുന്നു.
ആഗസ്റ്റ് ഒന്ന്
ഷെഫീഖിന്റെ നില 75 ശതമാനം മെച്ചപ്പെടുന്നു. തലച്ചോറിന്റെ പ്രവർത്തനം 50 ശതമാനം. ജീവിതത്തിലേക്ക് കുട്ടി മടങ്ങി വന്നാലും വൈകല്യങ്ങളുണ്ടാകുമെന്ന് മെഡിക്കൽ സംഘം
ഷെഫീക്കിന് കൈകാലുകൾ ചലനം തിരിച്ച് പിടിക്കാൻ ഫിസിയോ തെറപ്പി ആരംഭിക്കുന്നു. തലച്ചോറിലെ നീർക്കെട്ട് 90 ശതമാനവും കുറഞ്ഞു
ഷെഫീഖിനെ ഐ.സി.യു.വിൽനിന്ന് മാറ്റുന്നു
ആശുപത്രിയിൽ എത്തിയ ശേഷം ആദ്യമായി കുട്ടിയിൽനിന്ന് ശബ്ദം പുറത്ത് വരുന്നത് 20 ദിവസങ്ങൾക്ക് ശേഷം.
ന്യൂറോ റീഹാബിലിറ്റേഷൻ ചികിത്സക്കായി ഷെഫീഖിനെ വെല്ലൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകുന്നു.
ചികിത്സക്ക് ശേഷം ഷെഫീഖ് മടങ്ങിയെത്തി. കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ പരിശോധന.
ചെറുതോണിയിലെ സ്വധർ ഷെൽട്ടർ ഹോമിലേക്ക് ഷെഫീഖിനെ മാറ്റി.
തൊടുപുഴയിലെ അൽ അസ്ഹർ ഗ്രൂപ് ഷെഫീഖിനെ ഏറ്റെടുക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.