കോഴിക്കോട്: സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടിന്റെ പുതിയ നാടകമാണ് പാലക്കാട്ട് ഹോട്ടലിൽ നടന്നതെന്ന് യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. ഉപതെരഞ്ഞെടുപ്പിനു കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടൽ മുറികളിൽ പൊലീസ് പരിശോധന നടത്തിയതിനു പിന്നാലെ ഫേസ്ബുക്ക് ലൈവിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്.
താൻ പാലക്കാടല്ല, കോഴിക്കോടാണുള്ളതെന്നു വ്യക്തമാക്കി ബുധനാഴ്ച പുലര്‍ച്ചെ രണ്ടരക്കാണ് കോഴിക്കോട് ടൗണ്‍ സ്‌റ്റേഷന് മുന്നില്‍നിന്ന് രാഹുൽ ലൈവിൽ എത്തിയത്. ‘ഒരുട്രോളി ബാഗ് നിറയെ പണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ പാലക്കാട്ട് ഹോട്ടലിലെത്തിയെന്നാണ് ബി.ജെ.പി-സി.പി.എം ആരോപണം. പാലക്കാട്ടെ മുറിക്കുള്ളില്‍നിന്ന് ട്രോളിബാഗുമായി രാഹുലിനെ ഇറക്കിവിടൂ എന്ന് ബി.ജെ.പിക്കാരും സി.പി.എമ്മുകാരും വിളിച്ചുപറയുകയാണ്. ഞാനുള്ളത് കോഴിക്കോടാണ്. എന്റെ ട്രോളിബാഗില്‍ പണമില്ല, രണ്ടുദിവസത്തെ വസ്ത്രമുണ്ട്. നാളെ കാന്തപുരം ഉസ്താദിനെ കാണാനായാണ് കോഴിക്കോട് എത്തിയത്’ -രാഹുല്‍ പറഞ്ഞു.
‘എല്ലാ കോൺഗ്രസ് നേതാക്കളും മുറികൾ തുറന്നുകൊടുത്തു. ഷാനിമോൾ ഉസ്മാൻ മാത്രമാണ് മുറി തുറന്ന് കൊടുക്കാതിരുന്നത്. അവർ ഒറ്റക്കാണ് മുറിയിൽ താമസിക്കുന്നത്. വനിതാ പൊലീസ് ഉദ്യോഗസ്ഥർ വരാതെ മുറി തുറക്കില്ലെന്നാണ് അവർ പറഞ്ഞത്. വനിതാ പൊലീസുകാർ വന്നപ്പോൾ അവർ മുറി തുറന്നുകൊടുത്തു. മുറി പരിശോധിച്ച ശേഷം ഒന്നും കിട്ടിയില്ല. സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടിന്റെ ഒരു ഉദാഹരണം കൂടി വന്നിരിക്കുകയാണ്. സി.പി.എം നേതാക്കന്മാരുടെ മുറി പരിശോധിച്ചെന്ന് അവരും ബി.ജെ.പി നേതാക്കന്മാരുടെ മുറി പരിശോധിച്ചെന്ന് ബി.ജെ.പിക്കാരും പറയുന്നു. സി.പി.എം നേതാക്കന്മാരുടെ മുറി പരിശോധിച്ചതിൽ എന്താണ് ബി.ജെ.പിക്ക് ആക്ഷേപമില്ലാത്തത്, തിരിച്ചും ആക്ഷേപമില്ല. നഗരഹൃദയത്തിലെ ഹോട്ടലിൽ ട്രോളി ബാഗ് നിറയെ പണവുമായി ഒരാൾക്ക് വരാൻ കഴിയുമെങ്കിൽ പിന്നെ എന്തിനാണ് പൊലീസ്?’ -രാഹുൽ ചോദിച്ചു.
വനിത നേതാക്കൾ ഉൾപ്പെടെ താമസിക്കുന്ന മുറികളിൽ വനിതാ ഉദ്യോഗസ്ഥരില്ലാതെ പൊലീസ് പരിശോധനക്കെത്തിയത് നാടകീയ രംഗങ്ങൾക്കിടയാക്കി. രാത്രി 12.10നാണ് സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളിൽനിന്നുള്ള ഉദ്യോഗസ്ഥ സംഘം ഹോട്ടലിലെത്തിയത്. 12 മുറികൾ പരിശോധിച്ചെന്നും പണം കണ്ടെത്തിയില്ലെന്നും പാലക്കാട് എസ്.പി അശ്വതി ജിജി അറിയിച്ചു.
തെരഞ്ഞെടുപ്പ് കാലത്ത് നടക്കുന്ന സാധാരണ പരിശോധനയാണിതെന്നും ആരും പരാതി നൽകിയിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്. യു.ഡി.എഫ് സ്ഥാനാർഥി രാഹുലിനായി കാറിൽ പണമെത്തിച്ചെന്നായിരുന്നു ആരോപണം.
ഇതിനിടെ പുറത്ത് സി.പി.എം, ബി.ജെ.പി നേതാക്കൾ സംഘടിച്ചെത്തി പരിശോധന മറ്റു മുറികളിലേക്കു നീട്ടണമെന്നാവശ്യപ്പെട്ടു പ്രതിഷേധിച്ചു. കൂടുതൽ കോൺഗ്രസ് നേതാക്കൾ ഹോട്ടലിനു അകത്തേക്കും എത്തി. ഇതോടെ ഹോട്ടലിൽ സംഘർഷാവസ്ഥയായി. സംഭവമറിഞ്ഞ് രാത്രി തന്നെ എം.പിമാരായ വി.കെ. ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ തുടങ്ങിയവർ സ്ഥലത്തെത്തി. സി.പി.എമ്മും പൊലീസും ചേർന്ന് നടത്തിയ നാടകമാണിതെന്നായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.