കോഴിക്കോട്: മഹിളാ മോര്‍ച്ച സെക്രട്ടറിയായി സ്മിത മേനോനെ നിയമിച്ചത് താനാണെന്നും ഇക്കാര്യത്തിൽ വി. മുരളീധരനെ പഴി ചാരേണ്ട കാര്യമില്ലെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ സ്മിത മേനോനെ ശിപാര്‍ശ ചെയ്തത് താനാണ്. പാർട്ടിയിൽ കൂടുതൽ പ്രഫഷനലുകളെ ഉൾപ്പെടുത്തണമെന്ന നയത്തിന്‍റെ അടിസ്ഥാനത്തിൽ ഇനിയും ഇത്തരം നിയമനങ്ങളുണ്ടാകുമെന്നും കെ.സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര മന്ത്രി വി. മുരളീധരനുമായി ബന്ധപ്പെട്ട് തുടർച്ചയായിട്ടുള്ള ചില അപകീർത്തികരമായ ആരോപണങ്ങൾ സംസ്ഥാനത്ത് നടന്ന് കൊണ്ടിരിക്കുകയാണ്. സ്വർണക്കള്ളകടത്ത് കേസിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനാണ് ഇത്തരം ആരോപണങ്ങളുമായി ഇടതുക്ഷം രംഗത്തെത്തിയിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. അതിനോട് പ്രതികരിക്കേണ്ടതില്ല എന്ന നിലപാടാണ് ഇതുവരെ സ്വീകരിച്ചിരുന്നത് എന്നാൽ അപകീർത്തികരമായ പരമാർശങ്ങൾ എല്ലാ സീമകളും ലംഘിച്ചത് കൊണ്ടാണ് ചില കാര്യങ്ങൾ വ്യക്തമാക്കാൻ ഉദ്ദേശിക്കുന്നത് എന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. വി മുരളീധരനെതിരെ വിഷലിപ്തമായ വ്യക്തിഹത്യയാണ് നടക്കുന്നത് സി.പി.എം നേതാക്കളുടെ ഒത്താശയോടെ ആണ് അവരുടെ സൈബർ സംഘങ്ങൾ അടക്കം ഈ പ്രചാരണം ഏറ്റു പിടിച്ചിരിക്കുന്നത് എന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
മഹിളാ മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറിയായ സ്മിത മേനോന്‍ ഒരു അന്താരാഷ്ട്ര സമ്മേളനത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതിനെ സംബന്ധിച്ചാണ് ഈ ആരോപണങ്ങളെല്ലാം ഉയർന്ന് വന്നിരിക്കുന്നത്. അവര്‍ മഹിള മോര്‍ച്ചയുടെ ഭാരവാഹിയായതിന്‍റെ പൂര്‍ണ ഉത്തരവാദിത്വം ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷൻ എന്ന നിലയില്‍ തനിക്കാണ് എന്ന് കെ.സുരേന്ദ്രൻ വ്യക്തമാക്കി.
സ്മിത മേനോന്റെ കുടുംബം നാലഞ്ച് പതിറ്റാണ്ടുകളായി സംഘ്പരിവാറുമായി അടുത്ത ബന്ധമുള്ളവരാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. അവരുടെ വീട്ടില്‍ ആർ. എസ്.എസിന്റെയും ബി.ജെ.പിയുടെയും എത്രയോ നേതാക്കന്മാര്‍ പോവുകയും താമസിക്കുകയും ചെയ്യാറുണ്ട്. മുതിര്‍ന്ന നേതാക്കളുടെ എല്ലാം അനുഗ്രഹാശിസുകള്‍ ഏറ്റുവാങ്ങിയിട്ടുള്ള ഒരു കുടുംബമാണ്. അവരുമായി വ്യക്തിപരമായ ബന്ധം സ്ഥാപിച്ചിട്ടുള്ള കുടുംബമാണ്. അതുകൊണ്ടുതന്നെ അവര്‍ പാര്‍ട്ടിക്ക് അന്യരാണെന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഈ പ്രചാരണങ്ങളൊന്നും സ്മിതാ മേനോന്റെ കുടുംബത്തെ ഉദ്ദേശിച്ചുള്ളതല്ല. വി. മുരളീധരനെ ഉദ്ദേശിച്ചാണ് ഇവിടെ നടത്തുന്നതെങ്കില്‍ അതെല്ലാം പച്ചക്കള്ളമാണ്. ഒരു ചട്ടലംഘനവും വി.മുരളീധരൻ നടത്തിയിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടിയെന്ന വാര്‍ത്തയും തെറ്റാണ്. മലയാളത്തില്‍ നിന്നുള്ളള്‍പ്പെടെ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ ആ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഒരു മന്ത്രി എന്ന നിലയില്‍ അത്തരം സമ്മേളനങ്ങളില്‍ ആളുകള്‍ പങ്കെടുക്കുന്നതിന് ഒരു ഉത്തരവാദിത്വവും മുരളീധരനില്ല. സ്വര്‍ണ കള്ളക്കടത്ത് കേസില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് മുരളീധരനെതിരെയുള്ള ആരോപണങ്ങളെങ്കില്‍ അതിനുവെച്ച വെള്ളം വാങ്ങി വെയ്ക്കുന്നതാണ് നല്ലതെന്നാണ് തനിക്ക് ഇടതുപക്ഷത്തോട് പറയാനുള്ളതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.