‘പോസ്റ്റ്മോർട്ടം റിപ്പോർട്ട് വാങ്ങാൻ പോകാനുള്ള കാശ് പോലുമില്ല, സർക്കാർ പ്രഖ്യാപിച്ച സഹായം ഇതുവ​രെ കിട്ടിയില്ല’ -മോഷ്ടാവെന്ന് മുദ്രകുത്തി മരിച്ച വിശ്വനാഥന്റെ കുടുംബം

കോഴിക്കോട്: മോഷ്ടാവെന്ന് മുദ്രകുത്തിയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് പരിസരിത്ത് തൂങ്ങി മരിച്ച കൽപറ്റ വെള്ളാരംകുന്ന് അഡ്‌ലേഡ് പാറവയൽ ആദിവാസി കോളനിയിലെ വിശ്വനാഥന്റെ കുടുംബത്തിന് ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന് കുടുബം. രണ്ട് ലക്ഷം രൂപ ധനസഹായമായി അനുവദിച്ചെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പട്ടികവർഗ ഡയറക്ടറേറ്റിൽനിന്ന് അറിയിപ്പ് ലഭിച്ചത് മാത്രമേയുള്ളവെന്ന് കൽപറ്റ പട്ടികവർഗ ഓഫിസർ ‘മാധ്യമം ഓൺലൈനി’നോട് പറഞ്ഞു.

ഭാര്യയുടെ കടിഞ്ഞൂൽ പ്രസവത്തിന് ആശുപത്രിയിൽ കൂട്ടിരിക്കാൻ പോയപ്പോഴായിരുന്നു ദാരുണസംഭവം. ഏകവരുമാന മാർഗവും ആശ്രയവുമായ ഇദ്ദേഹത്തിന്റെ മരണത്തോടെ കുടുംബം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. കോഴിക്കോട് പോയി പോസ്റ്റുമോർട്ടം റിപ്പോർട്ട് വാങ്ങാൻ പോലും കൈയിൽ പണമില്ല. ‘ദിവസവും കൂലിപ്പണിക്ക് പോയാലേ അരി വാങ്ങാൻ കഴിയൂ. കോഴിക്കോട് പോകാൻ വണ്ടിക്കൂലിയില്ലാത്തതിനാലാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വാങ്ങാൻ കഴിയാത്തത്’ -സഹോദരൻ വിനോദ് ‘മാധ്യമം ഓൺലൈനി’നോട് പറഞ്ഞു. കുടുംബത്തിന് രണ്ട് ലക്ഷം രൂപ സർക്കാർ അനുവദിച്ചുവെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നുവെന്നും വിനോദ് പറഞ്ഞു. പിന്നെ വിവരമൊന്നും ലഭിച്ചിട്ടില്ല.


 



തുക വിശ്വനാഥന്റെ കുടുംബത്തിന് എന്ന് കൈമാറുമെന്ന് അറിയി​ല്ലെന്ന് പട്ടികവർഗ ഓഫിസർ പറഞ്ഞു. ട്രഷറി വഴിയാണ് വിശ്വനാഥന്റെ കുടുംബത്തിന്റെ വിലാസത്തിൽ തുക നൽകേണ്ടത്. പട്ടികവർഗ വകുപ്പിന്റെ കെടുകാര്യസ്ഥതയാവാം തുക നൽകാൻ താമസമുണ്ടാവുന്നത്. ആദിവാസികളായതിനാൽ ആരും ചോദിക്കാനുമുണ്ടാവില്ലെന്ന് വകുപ്പിലെ ഉദ്യോഗസ്ഥർക്ക് അറിയാം. ഫെബ്രുവരി 10നാണ് വിശ്വനാഥൻ മരിച്ചത്. 18 ദിവസം കഴിഞ്ഞിട്ടും കുടുംബത്തിന് നൽകേണ്ട ധനസഹായം ലഭിച്ചിട്ടില്ല. സർക്കാർ സംവിധാനം ഉണർന്ന് പ്രവർത്തിച്ചിരുന്നുവെങ്കിൽ ഈ കാലതാമസം ഉണ്ടാകുമായിരുന്നില്ല.


 



ആദിവാസി യുവാവിന്റെ മരണം നീതിയുക്തമായി അന്വേഷിക്കുമെന്നാണ് മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചിരുന്നത്. എന്നാൽ, അന്വേഷണത്തെക്കുറിച്ച് സഹോദരങ്ങൾക്ക് ഒന്നും അറിയില്ല. വിശ്വനാഥനൊപ്പം മെഡിക്കൽ കോളജിലുണ്ടായിരുന്ന ഭാര്യയുടെ അമ്മ ലീലയുടെ മൊഴി പട്ടികവർഗ കമീഷൻ ഉൾപ്പെടെ എടുത്തിരുന്നു. അതിൽ സെക്യൂരിറ്റി ജീവനക്കാരുടെ പങ്കും പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ഉണ്ടായ അനുഭവവും വിശദീകരിച്ചിരുന്നു.

വിശ്വനാഥന്റെ മരണം കൊലപാതകമാണെന്ന ആരോപണത്തിൽ കുടുംബം ഇപ്പോഴും ഉറച്ച് നിൽക്കുന്നു. വിവാഹം കഴിഞ്ഞ് എട്ട് വർഷത്തിന് ശേഷം കുഞ്ഞുണ്ടായതിന്റെ സന്തോഷത്തിൽ കഴിഞ്ഞ വിശ്വനാഥൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം പറയുന്നത്. എന്നാൽ, ആൾക്കൂട്ട മർദനം തെളിയിക്കുന്ന വിധത്തിലുള്ള മുറിവുകളോ പാടുകളോ ഒന്നും ശരീരത്തിൽ കണ്ടെത്തിയിട്ടില്ല എന്നാണ് ഫൊറൻസിക് സർജന്റെ മൊഴി. വിശ്വനാഥന്റെ ശരീരത്തിൽ ആറ് മുറിവുകളുണ്ടായിരുന്നു. അത് ആത്മഹത്യ ചെയ്യാൻ കയറിയ മരത്തിൽ ഉരഞ്ഞ് ഉണ്ടായതാണെന്നാണ് ഡോക്ടറുടെ കണ്ടെത്തൽ. സംഭവത്തിൽ ശാസ്ത്രീയമായ അന്വേഷണം തുടരുകയാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

Tags:    
News Summary - 'I don't even have money to buy the post-mortem report, I haven't received the help announced by the government yet' - the family of Viswanathan, who died as a thief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.