'ലീഗ്​ നേതാക്കളെപ്പോലെ ഫണ്ട്​ പിരിച്ച് മുക്കുന്ന ഏർപ്പാട് തനിക്കില്ല'; ഫിറോസിന്​ മറുപടിയുമായി കെ.ടി. ജലീൽ

കോഴിക്കോട്​: 2018ലെ ഹർത്താലിനിടെ താനൂരിൽ തകർക്കപ്പെട്ട കടകളുടെ പുനർനിർമാണത്തിനായി പിരിച്ച തുകയുടെ വിവരങ്ങൾ പുറത്തുവിടണമെന്ന യൂത്ത്​ ലീഗ്​ നേതാവ്​ പി.കെ. ഫിറോസിന്‍റെ ചോദ്യത്തിന്​ മറുപടിയുമായി ​മന്ത്രി കെ.ടി. ജലീൽ. 'താനൂർ സംഭവവുമായി ബന്ധപ്പെട്ട ഒരാളുടെ കൈയിൽനിന്നും ഒരു രൂപ പോലും താൻ വാങ്ങുകയോ ആരെങ്കിലും തന്നെ ഏൽപ്പിക്കുകയോ ചെയ്തിട്ടില്ല. സ്വയമേവ വാഗ്ദത്തം നൽകിയ 25,000 രൂപ താനൂർ എം.എൽ.എ വി. അബ്ദുറഹിമാന് ദിവസങ്ങൾക്കുള്ളിൽ ഞാൻ കൈമാറുകയാണ് ഉണ്ടായത്​' -മന്ത്രി ഫേസ്​ബുക്ക്​ പോസ്റ്റിൽ കുറിച്ചു​.

പി.കെ. ഫ​ിറോസിന്‍റെ ഫേസ്​ബുക്ക്​ പോസ്റ്റിൽനിന്ന്​:

'കത്വ-ഉന്നാവോ കുടുംബ സഹായ ഫണ്ടിനെ സംബന്ധിച്ച് ഡോ. കെ.ടി ജലീൽ ഉന്നയിച്ച ആരോപണത്തിന് മറുപടിയായി യൂത്ത് ലീഗ് ദേശീയ ഭാരവാഹികൾ പത്രസമ്മേളനം നടത്തുകയും വരവ് ചെലവ് കണക്കുകൾ മാധ്യമങ്ങൾക്ക് നൽകുകയും ചെയ്തിരുന്നു. ദേശീയ തലത്തിൽ യൂത്ത് ലീഗ് നടത്തിയ ഇടപെടലുകൾ ജനങ്ങളെ അറിയിക്കാൻ ഒരവസരം കൂടി ലഭിച്ചു എന്നതാണ് ഇതുകൊണ്ടുണ്ടായ നേട്ടം.

ഇനി ചോദ്യം കെ.ടി ജലീലിനോടാണ്. 2018 ഏപ്രിൽ 18ന് അങ്ങയുടെ ഫേസ്ബുക്ക് പോസ്റ്റിൽ, വാട്‌സ്ആപ്പ് ഹർത്താലിൽ താനൂരിൽ തകർക്കപ്പെട്ട കടകളുടെ പുനർനിർമാണത്തിന് ഒരു പിരിവ് നടത്തുന്നതായി പ്രഖ്യാപിച്ചിരുന്നു. ആറു ലക്ഷം രൂപ പിരിഞ്ഞു കിട്ടിയതായി ആ പോസ്റ്റിൽ തന്നെ താങ്കൾ വ്യക്തമാക്കുകയും ചെയ്തിരുന്നു. മറ്റു പലരും തുക വാഗ്ദാനം ചെയ്തതായും അവകാശപ്പെടുകയും ചെയ്തു.

ചോദ്യമിതാണ്.
1. പ്രത്യേക ആവശ്യത്തിന് പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങി അതിലേക്ക് മാത്രമേ പണം ശേഖരിക്കാൻ പാടുള്ളൂ എന്ന് താങ്കൾ തന്നെ പറഞ്ഞ സാഹചര്യത്തിൽ ഏത് ബാങ്കിലെ അക്കൗണ്ടിലേക്കാണ് അങ്ങ് പണം ശേഖരിച്ചത് എന്ന് വ്യക്തമാക്കാമോ?
2. കേരളത്തിലെ ഒരു മന്ത്രിയായ താങ്കൾ നടത്തിയ പിരിവിൽ മണിക്കൂറുകൾക്കുള്ളിൽ ആറ്​ ലക്ഷം കിട്ടിയെങ്കിൽ എത്ര രൂപയാണ് മൊത്തം പിരിച്ചത്?
3. പിരിച്ച പൈസ ആർക്കൊക്കെ വേണ്ടിയാണ് വിനിയോഗിച്ചത്?
4. ആർക്കൊക്കെയാണ് പണം നൽകിയത് എന്ന കാര്യം എന്തുകൊണ്ടാണ് നാളിതുവരെ വ്യക്തമാക്കാതിരുന്നത്?
5. പണം ആർക്കെങ്കിലും നൽകിയിട്ടുണ്ടെങ്കിൽ കൊടുത്തത് പണമായിട്ടാണോ ചെക്കായിട്ടാണോ?
ഇതുസംബന്ധിച്ച് വാർത്താസമ്മേളനം നടത്തി വരവ് ചെലവ് കണക്കുകൾ പുറത്തു വിടുമെന്ന പ്രതീക്ഷയോടെ തൽക്കാലം നിർത്തുന്നു'.
ഇതിന്​ മറുപടിയായി മന്ത്രി കെ.ടി. ജലീൽ ഫേസ്​ബുക്കിൽ തന്നെ പോസ്റ്റിടുകയായിരുന്നു.

മന്ത്രി കെ.ടി. ജലീലിന്‍റെ ഫേസ്​ബുക്ക്​ പോസ്റ്റ്​:

ഇമ്മിണി വലിയ താനൂർ പിരിവിന്‍റെ കണക്ക്!

വാട്ട്സ്ആപ്പ് ഹർത്താലിനോടനുബന്ധിച്ച് താനൂരിൽ ചില അമുസ്​ലിം സഹോദരങ്ങളുടെ കടകൾ അക്രമിക്കപ്പെട്ടത് ആരും മറന്നുകാണില്ല. അത് ചൂണ്ടിക്കാണിച്ച് മലപ്പുറത്ത് സാമുദായിക ധ്രുവീകരണമുണ്ടാക്കാൻ ചില കേന്ദ്രങ്ങൾ ആസൂത്രിതമായി ശ്രമിച്ചപ്പോൾ അതിന്​ തടയിടേണ്ടത് മലപ്പുറത്തുകാരൻ എന്ന നിലയിൽ എന്‍റെയും സ്ഥലം എം.എൽ.എ എന്ന നിലയിൽ വി. അബ്ദുറഹിമാന്‍റെയും ചുമതലയാണെന്ന് ഞങ്ങൾ കരുതി. അങ്ങിനെയാണ് അബ്ദുറഹിമാന്‍റെ നേതൃത്വത്തിൽ ബുദ്ധിമുട്ടുകൾ നേരിട്ട സഹോദര സമുദായത്തിലെ വ്യാപാരി സുഹൃത്തുക്കൾക്ക് നഷ്​ടപരിഹാരം നൽകാൻ തീരുമാനിച്ചത്.

പ്രസ്തുത ഉദ്യമത്തിലേക്ക് എന്‍റെ വകയായി 25,000 രൂപ സ്വന്തമായി നൽകുമെന്ന് അന്നുതന്നെ ഞാൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. എന്‍റെ ചില സുഹൃത്തുക്കൾ അവർക്ക് കഴിയും വിധമുള്ള സംഖ്യകൾ വാഗ്ദാനം നൽകിയ വിവരവും അതേ കുറിപ്പിൽ അവരുടെ പേരും സംഖ്യയും സഹിതം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. സംശയമുള്ളവർ 2018 ഏപ്രിൽ 18ലെ എന്‍റെ ഫേസ്ബുക്ക് പോസ്റ്റ് നോക്കുക.

താനൂർ സംഭവവുമായി ഒരാളുടെ കൈയിൽനിന്നും ഒരു രൂപ പോലും ഞാൻ വാങ്ങുകയോ ആരെങ്കിലും എന്നെ ഏൽപ്പിക്കുകയോ ചെയ്തിട്ടില്ല. സ്വയമേവ വാഗ്ദത്തം നൽകിയ 25000 രൂപ താനൂർ എം.എൽ.എ വി. അബ്ദുറഹിമാന് ദിവസങ്ങൾക്കുള്ളിൽ ഞാൻ കൈമാറുകയാണ് ഉണ്ടായത്.
ഹർത്താലിൽ ഭാഗികമായി ആക്രമിക്കപ്പെട്ട കെ.ആർ ബേക്കറിക്കാർ, കെട്ടിട ഉടമയുമായി തുടർ വാടകക്കരാറിൽ ചില തർക്കങ്ങൾ ഉണ്ടായതിനെ തുടർന്ന് സ്ഥാപനം നടത്തിക്കൊണ്ട് പോകേണ്ടതില്ലെന്ന് തീരുമാനിച്ചു. കെ.ആർ ബാലൻ, തനിക്ക് നഷ്ടപരിഹാരം വേണ്ടെന്ന് നേരിട്ട് എം.എൽ.എയെ അറിയിക്കുകയും ചെയ്തു. അതുകൊണ്ട്​ തന്നെ സംഖ്യ വാഗ്ദാനം നൽകി പണമയക്കാത്തവരോട് ഇനി സംഭാവന അയക്കേണ്ടതില്ലെന്ന് എം.എൽ.എ എന്നെ അറിയിച്ചു.

അതിനിടയിൽ എം.എൽ.എക്ക് ഞാനുൾപ്പടെ മൂന്നുപേർ വാഗ്ദാനം നൽകിയ പണം അയച്ച് കൊടുത്ത് കഴിഞ്ഞിരുന്നു. ഈ സംഖ്യ വിനിയോഗിച്ചതിന്‍റെ കണക്ക് ഞങ്ങളെ അദ്ദേഹം ബോധ്യപ്പെടുത്തുകയും ചെയ്തു. നാസർ, അക്ബർ ട്രാവൽസ്: 50,000, സലീം ചമ്രവട്ടം: 50,000, എൻ്റെ 25000 രൂപ. അങ്ങിനെ ആകെ ഒന്നേകാൽ ലക്ഷം രൂപയാണ് എം.എൽ.എയുടെ അക്കൗണ്ടിൽ ലഭിച്ചത്.

നാസറിന്‍റെ സംഭാവനയിൽനിന്ന് 25,000 രൂപ ടൗണിലെ കച്ചവടക്കാരൻ വീയാംവീട്ടിൽ വൈശാലി ചന്ദ്രനും 25,000 രൂപ പടക്കക്കച്ചവടക്കാരൻ കാട്ടിങ്ങൽ ചന്ദ്രനും നൽകി. സലീമിന്‍റെയും എന്‍റെയും സംഭാവന എന്തു ചെയ്യണം എന്ന് എം.എൽ.എ ചോദിച്ചു. തീരദേശത്തെ ഏതെങ്കിലും കഷ്ടപ്പെടുന്ന പാവപ്പെട്ടവർക്ക് സഹായ ധനമായി നൽകാൻ ഞങ്ങൾ മറുപടിയും കൊടുത്തു.

അപ്പോഴാണ് അബ്ദുറഹിമാൻ അദ്ദേഹം മുൻകൈയെടുത്ത് താനൂർ പഴയ അങ്ങാടിയിലെ ജന്മനാ രണ്ട് കാലുകളും തളർന്ന, ആരോരുമില്ലാത്ത മാങ്ങാട്ടിൽ വീട്ടിൽ സഫിയക്ക് സ്ഥലം വാങ്ങി വീട് വെച്ച് കൊടുക്കുന്ന കാര്യം ശ്രദ്ധയിൽ പെടുത്തിയത്. അതിലേക്കെടുക്കാൻ സന്തോഷത്തോടെ ഞങ്ങൾ സമ്മതിച്ചു.

സംഖ്യ വാഗ്ദാനം നൽകിയവരെല്ലാം ഇന്ന് ജീവിച്ചിരിപ്പുണ്ട്. അവരുടെ പേരുവിവരം എന്‍റെ പഴയ എഫ്​.ബി പോസ്റ്റിൽനിന്ന് ആർക്ക്​ വേണമെങ്കിലും എടുത്ത് അന്വേഷിക്കാം. ഒരു ചില്ലിപ്പൈസയെങ്കിലും അവരാരെങ്കിലും എന്നെ നേരിട്ട് ഏൽപ്പിക്കുകയോ എന്‍റെ എക്കൗണ്ടിലേക്ക് അയക്കുകയോ ചെയ്തിട്ടുണ്ടോ എന്ന കാര്യം തിരക്കാം.

കേന്ദ്ര കോൺഗ്രസ് നേതാക്കളിൽ പലരെയും കൈയിലിട്ട് അമ്മാനമാടിയ സാക്ഷാൽ ഇ.ഡി തലകുത്തി മറിഞ്ഞിട്ട് പഴയ യൂത്ത്​ ലീഗ്​ ജനറൽ സെക്രട്ടറിയിൽ കള്ളത്തരത്തിന്‍റെ ഒരു അണുമണിത്തൂക്കം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നിട്ടല്ലേ കുഞ്ഞാപ്പയുടെ കുട്ടിക്കുരങ്ങൻമാരായി നടക്കുന്ന പുതിയ യൂത്ത്​ ലീഗ് നേതാക്കൾ!

ലീഗ്‌ - യൂത്ത്​ ലീഗ് നേതാക്കളെപ്പോലെ പിരിച്ച് മുക്കുന്ന ഏർപ്പാട് എനിക്ക് പണ്ടുമില്ല, ഇപ്പോഴുമില്ല. മരണംവരെ ഉണ്ടാവുകയുമില്ല. നല്ല കാര്യങ്ങൾക്ക് സ്വയം സംഭാവന നൽകി പിന്നീട് മാത്രം മറ്റുള്ളവരോട് അഭ്യർത്ഥിക്കുന്ന ശീലമാണ് എന്നും എ​േന്‍റത്. യൂത്ത് ലീഗിന്‍റെ കത്വ - ഉന്നാവോ ബാലികമാരുടെ സഹായ ഫണ്ടിലേക്ക് സംഭാവന നൽകിയ, ഏതെങ്കിലുമൊരു യൂത്ത്​ ലീഗ്​ നേതാവിന്‍റെ പേര്, തെളിവ് സഹിതം പറയാനാകുമോ ലീഗിലെ 'തട്ടിപ്പു തുർക്കി'കൾക്ക്?.

കല്ല് കരട് കാഞ്ഞിരക്കുറ്റി മുതൽ മുള്ള് മുരട് മൂർഖൻ പാമ്പ്​ വരെയുള്ള യുവ സിങ്കങ്ങളോട്, ഒന്നേ പറയാനുള്ളൂ; അവനവനെ അളക്കുന്ന കുന്തം കൊണ്ട് മറ്റുള്ളവരെ അളക്കാൻ ശ്രമിച്ചാൽ എട്ടിന്‍റെ പണി കിട്ടും. ഇത് ജെനുസ്സ് വേറെയാണ്!!

Tags:    
News Summary - ‘I don’t have a fundraising arrangement like the league leaders’; In reply to Firos by KT. Jaleek

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.