കൊച്ചി: സ്വാതന്ത്ര്യ സമരത്തിൽ ആർ.എസ്.എസിന്‍റെ പങ്ക് അവരുടെ ലൈബ്രറിയിലെ ഏതെങ്കിലും പുസ്തകത്തിൽ കാട്ടിത്തന്നാൽ താൻ ആർ.എസ്.എസിൽ ചേരാമെന്ന് ഗാന്ധിജിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി. സ്വാതന്ത്ര്യ സമരത്തിൽ ഗോൾവാക്കറുടെ പങ്ക് പറയുന്ന ഒരു പേജെങ്കിലും ഏതെങ്കിലും പുസ്തകത്തിലുണ്ടാകുമോ എന്നും അദ്ദേഹം ചോദിച്ചു. സബർമതി പഠന ഗവേഷണ കേന്ദ്രം കൊച്ചി ഡി.സി.സി ഓഫിസിൽ സംഘടിപ്പിച്ച ‘മിസ് സ്റ്റേറ്റ്’ വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് പ്രവർത്തകർ പാർട്ടി അണികളാണെന്നത് മറക്കുകയാണ്. അവർ കരുതുന്നത് നേതാക്കളുടെ അണികളാണെന്നാണ്. ഇതു രണ്ടും വലിയ വ്യത്യാസമുണ്ട്. നേതാക്കൾ വരുകയും പോകുകയും ചെയ്യും. പാർട്ടിയാണ് പ്രധാനം. നേതാക്കളെ അനുസരിക്കുകയല്ല വേണ്ടത്. നേതാക്കളും അണികളും പാർട്ടിക്കുവേണ്ടിയാണ് പ്രവർത്തിക്കേണ്ടത്. ഇതനുസരിച്ച് പ്രവർത്തിച്ചാൽ ആർക്കും കോൺഗ്രസിനെ തോൽപിക്കാനാവില്ല.
രാഹുലിന്‍റെ ഭാരത് ജോഡോ യാത്രകൊണ്ട് ഉണ്ടാകുന്ന നേട്ടങ്ങൾ മുതൽക്കൂട്ടാക്കാൻ കോൺഗ്രസ് എത്രകണ്ട് തയാറാണെന്നത് സംശയമാണ്. ശ്രീനഗറിൽ ജോഡോ യാത്രയുടെ സമാപനത്തിൽ താനും പങ്കെടുക്കും.
നിലവിൽ എത്രകണ്ട് കഷ്ടത അനുഭവിക്കുന്നുവെന്ന് മുസ്ലിംകൾക്ക് അറിയാം. ഭയത്തിൽനിന്ന് അവരെ കൂടുതൽ ശക്തരാക്കാൻ നമുക്ക് കഴിയണം. ബി.ജെ.പി പ്രചരിപ്പിക്കുന്നത് ഹിന്ദുയിസമല്ല, ഹിന്ദുത്വയാണ്. ഹിന്ദുത്വ എന്നാൽ, രാഷ്ട്രീയ മതമാണ്. ആത്മീയതയുടെ മതമല്ലെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.