തൊടുപുഴ: കാലവർഷത്തിന് ആഴ്ചകൾ മാത്രം ശേഷിക്കെ ഇടുക്കിയിലെ കൂടിയ ജലനിരപ്പ് വീണ്ടും ഭീതിയാകുന്നു. ലോക്ഡൗണിൽ ഉപഭോഗം കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിൽനിന്ന് ജലം ഉപയോഗിച്ചുള്ള വൈദ്യുതി ഉൽപാദനം കുറക്കേണ്ടി വന്നതാണ് കുഴപ്പമായത്. കാലവർഷത്തിനു മുേമ്പ ഉൽപാദനം കൂട്ടി ജലനിരപ്പ് താഴ്ത്തുന്നതിനു തീരുമാനമെടുത്തതിനു പിന്നാലെ ലോക്ഡൗൺ നീണ്ടതും ഇടുക്കിയിലെ പകുതി ജനറേറ്ററുകളും തകരാറിലായതും കാര്യങ്ങൾ വഷളാക്കി. ഇതോടെ കാലവർഷം കനത്താൽ അണക്കെട്ട് തുറക്കേണ്ടി വരുമെന്ന നിലയുണ്ട്.
2018ലെ മഹാപ്രളയത്തിെൻറ തീവ്രത വർധിപ്പിച്ചത് ഇടുക്കി ഡാം തുറക്കേണ്ടി വന്നതാണെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ സർക്കാർ മുൻകരുതൽ ശക്തമാക്കിയിട്ടും ലോക്ഡൗൺ പശ്ചാത്തലത്തിൽ ജനറേറ്ററുകളുടെ പണി യഥാസമയം തീരില്ലെന്നത് വെല്ലുവിളിയാണ്. 130 മെഗാവാട്ടിെൻറ ആറ് ജനറേറ്ററുകളിൽ മൂന്നും പ്രവർത്തിക്കുന്നില്ല. ഒന്ന് നവീകരണം തീരാത്തതും രണ്ടെണ്ണം പൊട്ടിത്തെറിയെ തുടർന്ന് തകരാറിലായതുമാണ്.
തകരാറിലായ ആറാം നമ്പർ ജനറേറ്റർ ട്രയൽറണ്ണിനിടെ ശനിയാഴ്ച വീണ്ടും തകരാറിലാകുകയായിരുന്നു. ഇതോടെ പൂർണശേഷിയിൽ 18.72 ദശലക്ഷം യൂനിറ്റ് ഉൽപാദനം അസാധ്യമായി. ശനിയാഴ്ച പരമാവധി ഉൽപാദനം 8.463 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്നു. ജനുവരി 20നും ഫെബ്രുവരി ഒന്നിനുമാണ് ജനറേറ്ററുകൾ പൊട്ടിത്തെറിയില്‍ കത്തിനശിച്ചത്. ലോക്ഡൗണോടെ ഒന്നരമാസമായി നിലച്ച ജോലികൾ രണ്ടാഴ്ച മുമ്പാണ് പുനരാരംഭിച്ചത്.
ജലവര്‍ഷം അവസാനിക്കാന്‍ 21 ദിനങ്ങള്‍ മാത്രം ശേഷിക്കെ 43 ശതമാനം ജലമുണ്ട്. 2019 ജൂണ്‍ ഒന്നിന് 19.5 ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടിലുണ്ടായിരുന്നത്. തിങ്കളാഴ്ച മാത്രം 12.29 ലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തി. വേനല്‍മഴ ശരാശരി ലഭിക്കുന്നതിനാല്‍ നീരൊഴുക്കുമുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തെക്കാള്‍ 411.077 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം സംഭരണികളിലെല്ലാമായി അധികമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.