അജിത്കുമാറിനെ നീക്കിയില്ലെങ്കിൽ കേസ് അട്ടിമറിക്കപ്പെടും -അൻവർ

മലപ്പുറം: ഭീകരവിരുദ്ധ സ്ക്വാഡിന്‍റെ സഹായത്തോടെയാണ് എ.ഡി.ജി.പി എം.ആർ. അജിത്കുമാറും സംഘവും രാഷ്ട്രീയ നേതാക്കളുടെയും മന്ത്രിമാരുടെയും ഫോൺ ചോർത്തിയതെന്ന് പി.വി. അൻവർ എം.എൽ.എ. താൻ നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ നടക്കുന്ന അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്ന അജിത്കുമാറിനെ തൽസ്ഥാനത്തുനിന്ന് നീക്കാൻ മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെടുമെന്നും അൻവർ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. അജിത്കുമാർ ഇനിയും ആ സ്ഥാനത്തിരുന്നാൽ അദ്ദേഹത്തിന് താഴെയോ സമന്മാരോ ആയ ഉദ്യോഗസ്ഥർക്ക് കേസന്വേഷിക്കാനുള്ള ആത്മവിശ്വാസം കുറയും. എ.ഡി.ജി.പി മാറിയാൽ മാത്രമേ കൂടുതൽ തെളിവുകൾ പുറത്തുവരൂ. അജിത്കുമാറിനെ സ്ഥാനത്തുനിന്ന് നീക്കിയാലും അദ്ദേഹത്തിന്‍റെ നീക്കങ്ങൾ ഇന്‍റലിജൻസ് നിരീക്ഷിക്കണം.

ഭീകരവിരുദ്ധ സേനയുടെ ഭാഗമായി പ്രവർത്തിക്കുന്ന, അരീക്കോട് സ്പെഷൽ ഓപറേഷൻ ഗ്രൂപ് (എസ്.ഒ.ജി) കേന്ദ്രത്തിലാണ് ഫോൺ ചോർത്തൽ നടന്നത്. മാവോവാദി ഭീഷണിയുടെ പേരിലാണ് വർഷങ്ങളോളം അജിത്കുമാറും സംഘവും തങ്ങൾക്ക് താൽപര്യമുള്ളവരുടെയെല്ലാം ഫോൺ ചോർത്തിയത്. സ്വർണക്കള്ളക്കടത്തുകാർ, കുഴൽപണക്കാർ എന്നിവരിൽനിന്ന് പണം തട്ടുകയായിരുന്നു ലക്ഷ്യം. വിജിലൻസിൽ ഉണ്ടായിരുന്ന ഒരു എ.എസ്.ഐയെയാണ് ഫോൺ ചോർത്താൻ മുൻ എസ്.പി സുജിത്ദാസ് നിയോഗിച്ചത്. ഒരു ഉത്തരവുമില്ലാതെയാണ് വിജിലൻസ് ഉദ്യോഗസ്ഥൻ സുജിത്ദാസിനൊപ്പം പ്രവർത്തിച്ചത്. എസ്.ഒ.ജിയിലെ മൂന്ന് ഉദ്യോഗസ്ഥരും ചോർത്തലിന് കൂട്ടുനിന്നു. സകല രാഷ്ട്രീയ നേതാക്കളുടെയും മന്ത്രിമാരുടെയും പ്രമുഖ മാധ്യമപ്രവർത്തകരുടെയും അടക്കം ഫോൺ ഈ സംഘം ചോർത്തി. കേരള പൊലീസിന്‍റെ കിടയറ്റ സൈബർ സംവിധാനം പ്രവർത്തിക്കുമ്പോഴാണ് അരീക്കോട് എസ്.ഒ.ജി ക്യാമ്പിലെ ഇന്‍റർസെപ്റ്റർ മെഷീൻ ഉപയോഗിച്ച് സമാന്തരമായി ഫോൺ ചോർത്തൽ അരങ്ങേറിയത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ തൂപ്പുകാരിയുടെ ശബ്ദം വരെ തങ്ങളുടെ ലാപ്ടോപ്പിലുണ്ടെന്ന് സുജിത്ദാസ് പറഞ്ഞതായി സ്വർണക്കടത്ത് കാരിയറായ ആൾ വെളിപ്പെടുത്തിയത് ഞെട്ടിക്കുന്നതാണ്. ഉസാമ ബിൻലാദൻ രഹസ്യവിവരം കൈമാറുന്ന രീതിയിലായിരുന്നു ചോർത്തപ്പെട്ട വിവര കൈമാറ്റം. ഫോൺ നമ്പർ ഒഫീഷ്യലായി നൽകും. കാൾ ഡീറ്റൈൽസ് അടക്കം മറ്റു വിവരങ്ങൾ റൈറ്ററാണ് എ.ഡി.ജി.പിക്ക് കൈമാറിയത്.

താമിർ ജിഫ്രി കസ്റ്റഡിക്കൊലക്കുശേഷം ട്രെയിനിങ്ങിനു പോയ എസ്.പി സുജിത്ദാസ് പിന്നീട് ആറുമാസം പ്രവർത്തിച്ചത് അരീക്കോട് എ.ടി.എസ് തലവനായാണ്. കുഴൽപണം പിടിച്ചാൽ ആ പണം തട്ടുന്ന പൊലീസ് സംഘം നിരവധി യുവാക്കളെയാണ് മയക്കുമരുന്ന് കേസിൽ കുടുക്കി പീഡിപ്പിച്ചത്. ആരുടെയെങ്കിലും പിന്തുണയില്ലാതെ ഇത്തരം നീചകൃത്യങ്ങൾ നടക്കുമോ? ഡി.ഐ.ജിക്ക് കൂടുതൽ തെളിവുകൾ അടുത്ത ഘട്ടത്തിൽ നൽകും. അജിത്കുമാർ ആ കസേരയിൽ ഇരിക്കുന്നതുകൊണ്ട് ഉദ്യോഗസ്ഥർക്ക് തെളിവ് നൽകാൻ പേടിയാണ്. എ.ഡി.ജി.പി സ്ഥാനത്തുനിന്ന് മാറിയാൽ കൂടുതൽ ഉദ്യോഗസ്ഥരും ജനങ്ങളും തെളിവുമായി വരുമെന്നാണ് വിശ്വാസം. രാഷ്ട്രീയമായ ചോദ്യങ്ങൾക്ക് മറുപടി പറയാനില്ലെന്നും അൻവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - If Ajith Kumar is not removed, the case will be overturned - Anwar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.