മുരളി കരുത്തനാണെങ്കിൽ രാജിവെച്ച് മത്സരിക്കട്ടെ, രാജഗോപാലിനെ തള്ളിപ്പറഞ്ഞ് കുമ്മനം

തിരുവനന്തപുരം: ശക്തനായ നേതാവാണ് നേമത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ എന്ന ഒ. രാജഗോപാലിന്‍റെ അഭിപ്രായത്തെ തള്ളിപ്പറഞ്ഞ് കുമ്മനം രാജശേഖരന്‍. കെ. മുരളീധരന്‍ കരുത്തനായ എതിരാളിയല്ല. കരുത്തനാണെങ്കില്‍ എം.പി സ്ഥാനം രാജിവെച്ച് മത്സരിക്കട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു. 

ജനങ്ങളിൽ വിശ്വാസമുണ്ടെങ്കിൽ രാജിവെച്ച് മത്സരിക്കട്ടെ. അതല്ലേ വേണ്ടത്? അപ്പോള്‍ അദ്ദേഹത്തിന് സംശയമുണ്ട്, കുമ്മനം പറഞ്ഞു. നേമത്തെ എൻ.ഡി.എ സ്ഥാനാർഥി കുമ്മനം രാജശേഖരൻ പറഞ്ഞു. രാഹുല്‍ ഗാന്ധിയും ഉമ്മന്‍ചാണ്ടിയും എല്ലാവരും കൂടി തലപുകഞ്ഞ് ആലോചിച്ച് ഉണ്ടാക്കിയതാണ് കരുത്തനായ സ്ഥാനാര്‍ത്ഥിയെ. അത് ബി.ജെ.പിയെ തോല്‍പ്പിക്കാനാണല്ലോ. അവിശുദ്ധ കൂട്ടുകെട്ടുകളൊന്നും നടക്കില്ല. കരുത്ത് എന്തിന്റെ അടിസ്ഥാനത്തിലാണ്? അത്ര കരുത്തനാണെങ്കില്‍ എം.പി സ്ഥാനം രാജിവെച്ചിട്ട് മത്സരിക്കട്ടെ.

ഗുജറാത്തില്‍ വികസനമുള്ളതിനാലാണ് നേമത്തെ ഗുജറാത്ത് മോഡല്‍ എന്ന് വിളിച്ചതെന്നും കുമ്മനം പറഞ്ഞു. ഇന്നലെ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കെ. മുരളീധരന്‍ കരുത്തനായ സ്ഥാനാർഥിയാണെന്ന് രാജഗോപാല്‍ പറഞ്ഞത്. നേമത്തേക്ക് മുരളീധരന്റെ വരവ് എങ്ങനെ ബാധിക്കുമെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുരളീധരന്‍ കെ കരുണാകരന്റെ മകനാണ്. ശക്തമായ രാഷ്ട്രീയ പാരമ്പര്യവും ഉണ്ട്. കുമ്മനം നല്ല ജനപിന്തുണയുള്ള നേതാവാണ്. എന്നാല്‍ പാര്‍ട്ടിക്ക് പുറത്തുള്ള വോട്ട് സമാഹരിക്കാന്‍ കഴിയുമോ എന്ന് അറിയില്ലെന്നും രാജഗോപാല്‍ പറഞ്ഞിരുന്നു.

Tags:    
News Summary - If Murali is strong, let him resign and contest, says Kummanam Rajasekharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.