കോട്ടയം: മനുഷ്യരും ആനകളും നിരന്തരം ഏറ്റുമുട്ടുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ കാട്ടാനയെ കൊല്ലാം. ആനകളുടെ ഭാവി ശോഭനമാക്കാൻ എന്തൊക്കെ ചെയ്യണമെന്നതു സംബന്ധിച്ച് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച മാർഗ നിർദേശങ്ങളിൽ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. ‘ഗജ’ എന്ന പേരിൽ 2010 ആഗസ്റ്റ് 31ന് പുറത്തിറക്കിയ റിപ്പോർട്ടിന്റെ 81 ാം പേജിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
അരിക്കൊമ്പനടക്കമുള്ള ആനകളെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ഹൈകോടതി ചുമതലപ്പെടുത്തിയ വിദഗ്ധസമിതിയിൽ ഉൾപ്പെട്ട ഡോ. പി.എസ്. ഈസ അടക്കമുള്ളവരാണ് ഈ റിപ്പോർട്ടും തയാറാക്കിയിരിക്കുന്നത്.
എണ്ണം കുറക്കാൻ ആനകളെ കൂട്ടത്തോടെ കൊല്ലുന്ന രീതിയുണ്ടെങ്കിലും ഇന്ത്യൻ സാഹചര്യത്തിൽ ധാർമികമായി സ്വീകാര്യമല്ലെന്നു പറയുന്ന റിപ്പോർട്ടിൽ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ആനയെ കൊല്ലാമെന്നും പറയുന്നു.
അപൂർവമായി മാത്രമേ ഈ മാർഗം സ്വീകരിക്കാവൂ. തീരുമാനമെടുക്കേണ്ടത് ചീഫ് വൈൽഡ് ലൈഫ് വാർഡനാണ്. പ്രശ്നക്കാരനായ ആനയെ പിടികൂടി മറ്റൊരിടത്തേക്ക് കൊണ്ടുപോകുമ്പോൾ ആ ആന ഉൾപ്പെട്ട ആനക്കൂട്ടത്തെ മുഴുവനോടെയോ അല്ലെങ്കിൽ ആനയുടെ കുടുംബത്തെയോ ഒന്നടങ്കം മാറ്റണമെന്നും മാർഗനിർദേശങ്ങളിലുണ്ട്.
അരിക്കൊമ്പൻ കൂട്ടമായി സഞ്ചരിക്കുന്ന ആനയാണെന്ന് 2023 മാർച്ച് 29ന് ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ മൂന്നാമത്തെ ഖണ്ഡികയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പിടിയാനയും കുഞ്ഞും അരിക്കൊമ്പനൊപ്പമുണ്ട്. ഈ സാഹചര്യത്തിൽ ആനകളുടെ നിലനിൽപ്പിന് ആനക്കൂട്ടത്തെ അപ്പാടെ മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. എന്നാൽ, ഡോ. പി.എസ്. ഈസ അടങ്ങിയ വിദഗ്ധസമിതി ഇക്കാര്യങ്ങൾ പരിഗണിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.