തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി വേണ്ടെന്നാണ് ജനത്തിന് അഭിപ്രായമെങ്കിൽ പിന്നെന്തിനാണ് സി.പി.എമ്മിനും സർക്കാറിനും നിർബന്ധമെന്ന് സി.പി.എം നേതാവും അഖിലേന്ത്യ കർഷകസംഘം ദേശീയ ഫിനാൻസ് സെക്രട്ടറിയുമായ പി. കൃഷ്ണപ്രസാദ്. പദ്ധതി അപകടകരമാണെന്ന് ആത്മാർഥമായി വിശ്വസിക്കുന്നവരാണ് അതിനെ എതിർക്കുന്നവരിൽ നല്ലൊരു ശതമാനവുമെന്നും സർക്കാർ എല്ലാവരുമായും ചർച്ചക്ക് തയാറാവണമെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. ആരെതിർത്താലും പദ്ധതി നടപ്പാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആവർത്തിച്ചുള്ള പ്രഖ്യാപനത്തിനിടെയാണ് സി.പി.എമ്മിൽനിന്ന് എതിർപ്പിനെ ജനാധിപത്യപരമായി സമീപിക്കണമെന്ന അഭിപ്രായം ഉയരുന്നത്.
'സിൽവർ ലൈൻ പദ്ധതി അപകടകരമാണെന്നും അത് തടയണമെന്നും ആത്മാർഥമായി വിശ്വസിച്ചിട്ട് എതിർക്കുന്നവരാണ് നല്ലൊരു ശതമാനവുമെന്നാണ് ഞങ്ങൾ കണ്ടത്. അതുകൊണ്ട് അങ്ങനെയുള്ള എതിർപ്പിനെ ജനാധിപത്യപരമായി സമീപിക്കണം. അതിനോട് എന്തെങ്കിലും വീഴ്ച പാർട്ടിക്കോ മുഖ്യമന്ത്രിക്കോ ഉണ്ടായിട്ടുണ്ടോ. ഉണ്ടെങ്കിൽ മുഖ്യമന്ത്രിയും പാർട്ടിയും അത് തിരുത്തും. അതിന് ചർച്ചക്ക് തയാറാകണം. ചർച്ചക്ക് തയാറാകുമ്പോൾ എല്ലാവരുമായി ചർച്ച ചെയ്യുന്നില്ലെന്ന അഭിപ്രായം ഉയരുന്നുണ്ടെങ്കിൽ എല്ലാവരോടും ചർച്ചക്ക് തയാറാവണം.
ആ അർഥത്തിൽ ജനാധിപത്യപരമായ സമീപനം മാത്രമേ എൽ.ഡി.എഫ് സർക്കാറും ഇടതുപക്ഷ മുന്നണിയും എടുക്കുകയുള്ളൂ. ജനത്തിന് ഈ പദ്ധതി വേണ്ടെന്നാണോ അഭിപ്രായം. പിന്നെന്തിനാ പാർട്ടിക്കും സർക്കാറിനും നിർബന്ധം. നമുക്ക് അത് ഉപേക്ഷിക്കാം'- കൃഷ്ണപ്രസാദ് വ്യക്തമാക്കി. ഡൽഹി അതിർത്തിയിൽ മോദി സർക്കാറിനെ മുട്ടുകുത്തിച്ച കർഷക സമരത്തിന്റെ ഏകോപനത്തിൽ നിർണായക പങ്കുവഹിച്ച ഇടത് നേതാക്കളിൽ ഒരാൾകൂടിയാണ് കൃഷ്ണപ്രസാദ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.