കൊലപാതകങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് പകരം ചോദിക്കാന്‍ ഇറങ്ങിയാല്‍ സി.പി.എമ്മിന്റെ പൊടിപോലും കാണില്ല -കെ.സുധാകരന്‍

ഭരണത്തിന്റെ തണലില്‍ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരെ സി.പി.എമ്മിന്റെ സംഘടിതവും ആസൂത്രിതവുമായ ആക്രമണം നടന്നിട്ടും പൊലീസും മുഖ്യമന്ത്രിയും മൗനിബാബയെപ്പോലെ പെരുമാറുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി.

വീണുകിട്ടിയ രക്തസാക്ഷിത്വത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കളെ തെരുവില്‍ കൈകാര്യം ചെയ്യാനാണ് സിപിഎമ്മിന്റെ തീരുമാനമെങ്കില്‍ കോണ്‍ഗ്രസ് അത് കൈയ്യും കെട്ടിനോക്കി നില്‍ക്കുമെന്ന് കരുതരുത്. അണികളെ നിലക്ക് നിര്‍ത്താന്‍ സി.പി.എം നേതൃത്വം തയ്യാറാകണം. കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിനും നേതാക്കള്‍ക്കും പിണറായി വിജയന്റെ പൊലീസിന് സംരക്ഷണം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ അത് ഭംഗിയായി നിറവേറ്റാന്‍ പതിനായിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സന്നദ്ധരാണ്. ഉമ്മാക്കികാട്ടി കോണ്‍ഗ്രസിനെ ഭയപ്പെടുത്താമെന്ന് സി.പി.എം കരുതിയെങ്കില്‍ അത് വെറും മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമാണ്.

കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ പൊലീസ് ഒന്നും ചെയ്യുന്നില്ല. പതിനാല് ജില്ലയിലും സി.പി.എം അക്രമ പരമ്പരകള്‍ നടത്തി അഴിഞ്ഞാടുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ഇതിനോടകം ഉണ്ടായിട്ടുള്ളത്. പൊതുമുതല്‍ നശിപ്പിക്കുന്ന സി.പി.എം ഗുണ്ടകള്‍ക്ക് സംരക്ഷണം ഒരുക്കുന്ന തിരക്കിലാണ് മുഖ്യമന്ത്രിയുടെ പൊലീസ്. ജനപ്രതിനിധിയായ മാത്യൂകുഴല്‍നാടന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ ഡി.വൈ.എഫ്.ഐ ഗുണ്ടകള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമം നടത്തി. മൂവാറ്റുപുഴ ടി.ബിയില്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ടിരിക്കെയാണ് മാത്യൂകുഴല്‍ നാടനെതിരെ കയ്യേറ്റ ശ്രമം ഉണ്ടായത്. കൊല്ലം എം.പി പ്രേമചന്ദ്രന്‍, കായംകുളം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന അരിതാ ബാബു തുടങ്ങിയവര്‍ക്കെതിരെയും അതിക്രമം നടന്നു.

കൊലപാതകങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് പകരം ചോദിക്കാന്‍ ഇറങ്ങിയിരുന്നെങ്കില്‍ കേരളത്തില്‍ സി.പി.എമ്മിന്റെ പൊടിപോലും കാണില്ലായിരുന്നു. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന പാരമ്പര്യമല്ല കോണ്‍ഗ്രസിന്റെത്. ജനാധിപത്യബോധം എന്താണെന്ന് നല്ല തിരിച്ചറിവുള്ള പ്രസ്ഥനമാണ് കോണ്‍ഗ്രസ്. തലക്ക് വെളിവില്ലാത്ത നേതാക്കളുള്ള സി.പി.എമ്മിന് ജനാധിപത്യ മര്യാദ തീണ്ടാപ്പാട് അകലെയാണ്.

കലാപത്തിന്റെയും കൊലപാതകരാഷ്ട്രീയത്തിന്റെയും വക്താക്കളായ സി.പി.എമ്മുകാര്‍ ഇപ്പോള്‍ വ്യാപകമായി നുണപ്രചരണം നടത്തി ഇടുക്കി കൊലപാതകത്തിന്റെ പേരില്‍ കെ.പി.സി.സിയെ പ്രതിക്കൂട്ടില്‍ കയറ്റാനുള്ള വൃഥാശ്രമം നടത്തുകയാണ്. ബോംബു നിര്‍മ്മാണവും ആയുധ ശേഖരണവും കുലത്തൊഴിലാക്കിയ പ്രസ്ഥാനമാണ് സി.പി.എം. ജനം ഇതെല്ലാം തിരിച്ചറിയുന്നുണ്ട്.

ഇടുക്കി സംഭവുമായി ബന്ധപ്പെട്ട പച്ചയായ യാഥാര്‍ത്ഥ്യം ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഈ സംഭവം നടന്ന അന്ന് തന്നെ കോളജിലെ ചില വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളുമായി ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. ഇടുക്കി കോളജിലെ അനിഷ്ട സംഭവത്തിലേക്ക് നയിച്ച യഥാര്‍ത്ഥ്യം പുറത്തുവരാതിരിക്കാനായി സി.പി.എം ജില്ലാ നേതൃത്വം ഇടപെട്ടു. ഇടുക്കി കോളജിലെ കൊലപാതകം ആകസ്മികമായി നടന്നതാണെന്ന് പൊലീസ് സൂപ്രണ്ട് തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ അത് അംഗീകരിക്കാന്‍ തയ്യാറാകാത്ത സി.പി.എം അവരുടെ തിരക്കഥക്ക് അനുസരിച്ച് പെരുമാറാന്‍ എസ്.പിയെ ഭീഷണിപ്പെടുത്തുകയാണെന്നും സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - If the Congress goes to ask for revenge for the murders, not even the dust of the CPM will be seen - K Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.