കാമ്പസുകളിലെ ഇടിമുറികളും വിചാരണ കോടതികളും തകർക്കും; മാതാപിതാക്കൾക്ക് കോൺഗ്രസ് നൽകുന്ന ഉറപ്പാണെന്ന് കെ. സുധാകരൻ

കോഴിക്കോട്: കോൺഗ്രസ് നയിക്കുന്ന ഭരണകൂടം കേരളത്തിൽ അധികാരമേറ്റാൽ കലാലയങ്ങളെ സുരക്ഷിതമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. കലാലയങ്ങളിലെയും ജനാധിപത്യ വിരുദ്ധത അവസാനിപ്പിക്കും. കേരളത്തിലെ കാമ്പസുകളിലെ 'തീവ്രവാദ സംഘടന'കളുടെ ഇടിമുറികളും വിചാരണ കോടതികളും എന്നെന്നേക്കുമായി തകർക്കുമെന്നും സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

കേരളം ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത അതിദാരുണമായ ഒരു വാർത്തയാണ് പൂക്കോട് സർവകലാശാല കാമ്പസിൽ നിന്ന് കഴിഞ്ഞ ദിവസം കേട്ടത്. തീവ്രവാദ പ്രസ്ഥാനങ്ങൾ നടത്തുന്നതു പോലെയുള്ള അതിക്രൂരമർദനങ്ങളെ തുടർന്ന് ഒരു ചെറുപ്പക്കാരൻ കൊല്ലപ്പെട്ടിരിക്കുന്നു. സിദ്ധാർഥൻ എന്ന ആ വിദ്യാർഥിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വായിച്ചാൽ ഏതൊരു മനുഷ്യന്റെയും ഹൃദയം തകർന്നു പോകും.

സി.പി.എം എന്ന ക്രിമിനൽ പാർട്ടി ഏതുവിധത്തിലാണ് തങ്ങളുടെ പോഷക സംഘടനയെ വാർത്തെടുക്കുന്നത് എന്ന് ഈ സംഭവത്തിൽ നിന്ന് തന്നെ വ്യക്തമാണ്. സ്വന്തമായി കോടതിയും വിചാരണയും ആരാച്ചാരന്മാരും ഉള്ള സമാന്തര സംവിധാനമായാണ് കോളേജ് ക്യാമ്പസുകളിൽ സി.പി.എമ്മിന്റെ വിദ്യാർഥി സംഘടന പ്രവർത്തിക്കുന്നത്.

ഒരു ജനാധിപത്യ സമൂഹത്തിന് ഒട്ടും ഭൂഷണം അല്ലാത്ത ഇത്തരം തീവ്രവാദ പ്രസ്ഥാനങ്ങളെ എത്രയും പെട്ടെന്ന് തന്നെ അവസാനിപ്പിക്കേണ്ടതുണ്ട്. സിദ്ധാർഥന്റെ കൊലപാതകത്തിൽ സുതാര്യമായ അന്വേഷണം നടത്തണമെന്നും മുഴുവൻ കുറ്റക്കാരെയും ശിക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കെ.പി.സി.സി അതിശക്തമായ ആവശ്യപ്പെടുന്നു

ഇന്ത്യൻ നാഷണൽ കോൺഗ്രസ് നയിക്കുന്ന ഭരണകൂടം കേരളത്തിൽ അധികാരമേറ്റാൽ ഉടൻ തന്നെ കലാലയങ്ങളെ സുരക്ഷിതമാക്കാനുള്ള നടപടികൾ സ്വീകരിച്ചിരിക്കും. കേരളത്തിലെ പല കലാലയങ്ങളിലെയും ജനാധിപത്യ വിരുദ്ധത അവസാനിപ്പിച്ചിരിക്കും. കേരളത്തിലെ കാമ്പസുകളിലെ 'തീവ്രവാദ സംഘടന'കളുടെ ഇടിമുറികളും വിചാരണ കോടതികളും എന്നെന്നേക്കുമായി തകർത്തിരിക്കും. കേരളത്തിലെ ഓരോ മാതാപിതാക്കൾക്കും സുരക്ഷിതമായി ഇവിടെ പഠിക്കണം എന്ന് ആഗ്രഹിക്കുന്ന വിദ്യാർഥി സമൂഹത്തിനും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നൽകുന്ന ഉറപ്പാണതെന്നും സുധാകരൻ വ്യക്തമാക്കി.

Tags:    
News Summary - If the Congress government comes, the thunder rooms in the campuses will be broken -K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.