കൊച്ചി: കുറ്റാരോപിതർ കുറ്റകൃത്യം ചെയ്തതായി പരാതിക്കാരിക്ക് നേരിട്ട് അറിവില്ലാത്തപക്ഷം സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് നിലനിൽക്കില്ലെന്ന് ഹൈകോടതി. സ്വഭാവദൂഷ്യക്കാരിയെന്ന് മറ്റുള്ളവരോട് പറഞ്ഞതിന്റെ പേരിൽ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ആരോപിച്ചെടുത്ത കേസ് റദ്ദാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നിരീക്ഷണം. എറണാകുളം പുക്കാട്ടുപടിയിലെ ഫ്ലാറ്റിൽ താമസക്കാരായ ഐ.ജെ. ആൻസൺ, രാഹുൽ ജോർജ്, ഡിവിൻ കുരുവിള എൽദോസ് എന്നിവർക്കെതിരെ കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസിലെ തുടർ നടപടികളാണ് റദ്ദാക്കിയത്.
പ്രതികളുടെ ഫ്ലാറ്റിൽതന്നെ താമസിക്കുന്നയാളാണ് പരാതിക്കാരി. താൻ സ്വഭാവദൂഷ്യക്കാരിയാണെന്ന് ഇവർ പ്രചരിപ്പിക്കുന്നതായി ആരോപിച്ച് തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് കേസെടുത്തത്. ഫ്ലാറ്റിലെ മറ്റ് താമസക്കാരും സമീപ പ്രദേശത്തെ കടയുടമകളും ഇക്കാര്യം തന്നോട് പറഞ്ഞുവെന്നായിരുന്നു ഹരജിക്കാരിയുടെ വാദം. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ചുമത്തിയാണ് പ്രതികൾക്കെതിരെ അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.
വാക്ക്, പ്രവൃത്തി, ആംഗ്യം തുടങ്ങിയവ സ്ത്രീത്വത്തെ അപമാനിക്കുക എന്ന ഉദ്ദേശ്യത്തോടെ ആണെങ്കിൽ മാത്രമേ കേസ് നിലനിൽക്കൂവെന്ന് കോടതി വ്യക്തമാക്കി. പരാതിക്കാരി നേരിട്ട് കാണുകയോ കേൾക്കുകയോ ചെയ്തിരിക്കണം. കുറ്റകൃത്യം ചെയ്തുവെന്ന് നേരിട്ട് അറിവുണ്ടാകണമെന്നും കോടതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.