കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് സി.പി.എം എറണാകുളം ജില്ല നേതൃത്വം കോടികൾ വിലമതിക്കുന്ന ഭൂമിയിൽ അനധികൃത നിര്‍മാണം നടത്തുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ടോണി ചമ്മണി. അന്തരിച്ച സി.പി.എം നേതാവ് ടി.കെ. രാമകൃഷ്ണന്‍റെ സ്മാരകമായി എറണാകുളം ബോട്ട്‌ജെട്ടിക്ക് സമീപം പണിയുന്ന സാംസ്കാരിക കേന്ദ്രത്തിനെതിരെയാണ് ടോണിയുടെ ആരോപണം. സി.പി.എം ജില്ല സെക്രട്ടറിയാണ് സാംസ്കാരിക കേന്ദ്രത്തിന്‍റെ സെക്രട്ടറി. കെട്ടിടം നിർമാണത്തിന് പെര്‍മിറ്റ് നല്‍കുന്നതിലടക്കം മുഖ്യമന്ത്രിയുടെ ഓഫിസ് നേരിട്ട് ഇടപെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
സാംസ്കാരിക കേന്ദ്രത്തിന്‍റെ രജിസ്റ്റേര്‍ഡ് മേല്‍വിലാസം സി.പി.എം ജില്ല കമ്മിറ്റി ഓഫിസ് ആണ്. വിഷയത്തില്‍ തദ്ദേശമന്ത്രി നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും ടോണി ചമ്മണി പറഞ്ഞു. പുഴപുറമ്പോക്ക് ഭൂമിയില്‍ കായലിനോട് ചേര്‍ന്ന് അംഗീകൃത റോഡ് ഉണ്ടെന്ന വ്യാജ റിപ്പോര്‍ട്ട് കൊച്ചി നഗരസഭ സെക്രട്ടറിയെക്കൊണ്ട് കേരള തീരദേശ പരിപാലന അതോറിറ്റിയിൽ നല്‍കിയാണ് സി.ആർ.ഇസഡ് ക്ലിയറൻസ് നേടിയെടുത്തത്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നടക്കം ഉദ്യോഗസ്ഥരിൽ സമ്മര്‍ദം ചെലുത്തിയെന്നും അദ്ദേഹം പറഞ്ഞു.
തീരദേശ പരിപാലന നിയമപ്രകാരം 1996 നോ അതിനുമുമ്പോ പുഴ, കായല്‍ എന്നിവക്കും നിര്‍മാണ ഭൂമിക്കുമിടയില്‍ അംഗീകൃത റോഡോ കെട്ടിടമോ ഉണ്ടെങ്കില്‍ മാത്രമേ സി.ആര്‍.ഇസഡ് അനുമതി നൽകുകയുള്ളു. ബോട്ട് ജെട്ടിയിലെ കായൽ നികത്തിയത് 2000 ലാണ്. പന്ത്രണ്ട് കോടിയോളം രൂപവിലവരും ഈ ഭൂമിക്ക്. എൽ.ഡി.എഫ് സർക്കാറിന്‍റെ മാനവീയം പദ്ധതി പ്രകാരമാണ് 2000ൽ കായൽ നികത്തുന്നത്. മൾട്ടി മോഡൽ ട്രാൻസ്പോർട്ട് ഹബ്ബ് വികസനമായിരുന്നു ലക്ഷ്യം.
കലക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം ഈ ഭൂമി പുഴ പുറമ്പോക്ക് ആണെന്നും കോര്‍പറേഷന്‍റെ ഭാഗമാണെന്നും വ്യക്തമാക്കിയിട്ടുള്ളതാണ്. 2018ല്‍ സ്ഥലത്തെ പുതിയ നിര്‍മാണം അനധികൃതമാണെന്ന് കേരള തീരദേശ പരിപാലന അതോറിറ്റിയും വ്യക്തമാക്കിയിരുന്നു. എന്നാല്‍, 2020 ഫെബ്രുവരിയിൽ ഈ ഭൂമിക്കും കായലിനും ഇടയില്‍ അംഗീകൃത റോഡ് ഉണ്ടെന്ന് നഗരസഭ സെക്രട്ടറിയെക്കൊണ്ട് വ്യാജ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
2020 ജൂലൈയില്‍ കൗണ്‍സില്‍ ഈ വിഷയം ചര്‍ച്ച ചെയ്തു. തീരദേശ പരിപാലന അതോറിറ്റിക്ക് തെറ്റായ വിവരം നല്‍കിയതില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനും നഗരസഭ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍, ഡിസംബറില്‍ എൽ.ഡി.എഫിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തിലെത്തിയതോടെ രാഷ്ട്രീയ താല്‍പര്യം മുന്‍നിർത്തി 2021 ഫെബ്രുവരിയില്‍ കെട്ടിട നിര്‍മാണത്തിന് അംഗീകാരം നൽകുകയായിരുന്നുവെന്നും അദ്ദേഹം വാർത്തസമ്മേളനത്തില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.