അനധികൃതമായി അധ്യാപക തസ്തികകൾ: പെരുമ്പക്കോണം എൽ.എം.എസ് യു.പി.സ്ക്കൂളിൽ വ്യാജ അഡ്മിഷനെന്ന് റിപ്പോർട്ട്

കോഴിക്കോട് : അനധികൃതമായി അധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ തിരുവനന്തപുരം, പാറശ്ശാല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് കീഴിലുള്ള പെരുമ്പക്കോണം എൽ.എം.എസ് യു.പി.സ്ക്കൂളിൽ വ്യാജ അഡ്മിഷൻ നടത്തിയെന്ന് ധനകാര്യ റിപ്പോർട്ട്. സ്ക്കൂളിൽ വ്യാജ അഡ്മിഷനുകൾ, ടി.സി എന്നിവ വഴി 2023-24 വർഷം ഡിവിഷനുകൾ നിലനിർത്തിയിരിക്കുന്നതായി ആരോപിച്ച് ലഭിച്ച പരാതിയിന്മേലാണ് പരിശോധന നടത്തിയത്.

അനധികൃതമായി അധ്യാപക തസ്തികകൾ സൃഷ്ടിക്കനും അത് നിലനിലനിർത്താനുമുള്ള ദുരുദ്ദേശത്തോടെ 36 കുട്ടികൾക്ക് (വ്യത്യസ്ത ക്ലാസുകളിലെ) ടി.സി അനുവദിക്കാതെ നിലനിർത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വ്യാജമായി അഡ്മിഷൻ അനുവദിച്ചതായി രേഖകൾ സൃഷ്ടിച്ചു. അതനുസരിച്ചുള്ള വ്യാജ കണക്കുകൾ വകുപ്പ് അധികാരികൾക്ക് സമർപ്പിക്കുകയും ചെയ്തത് സ്ക്കൂളിലെ പ്രധാന അധ്യാപിക കെ.എസ്. ജാസ്മിൻആണ്. അതിനാൽ പ്രധാന അധ്യാപകക്ക് എതിരെയും, സ്ക്കൂൾ മാനേജർക്കെതിരെയും കർശന അച്ചടക്ക നടപടികൾ ഭരണ വകുപ്പ് സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് അനുവദിക്കാതെ വ്യാജമായി കുട്ടികളെ പ്രമോഷൻ നടത്തി ക്ലാസുകളിൽ നിലനിർത്തിയത് വ്യത്യസ്ത ക്ലാസുകളിലെ 36 വിദ്യാർഥികളെയാണ്. ഇതുലൂടെ ആറ് എൽ.പി.എസ്.എ തസ്തികകൾക്ക് നേടെയുക്കാൻ ശ്രമിച്ചു. 2022-23 വർഷത്തിൽ വ്യാജമായി സമ്പൂർണയിൽ ഉൾപ്പെടുത്തിയ 19 കുട്ടികളെയും 2023-24 വർഷത്തിൽ വ്യാജമാണെന്ന് തെളിഞ്ഞ 36 കുട്ടികളെയും ഒഴിവാക്കി സ്റ്റാഫ് ഫിക്സേഷൻ ഭേദഗതി ചെയ്യണം. അതിനനുസരിച്ച് തസ്തികകൾ പുനഃനിർണയിക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.

വ്യാജമായി കുട്ടികളെ ഉൽപ്പെടുത്തുക വഴി സർക്കാരിന് സാമ്പത്തിക നഷ്ടവും ഉണ്ടായി. ഉച്ചകഞ്ഞി, സൗജന്യ പാഠപുസ്തകം, സൗജന്യ യൂനിഫോം, ഐ.ഇ.ഡി സ്കോളർഷിപ്പ് എന്നീ ഇനങ്ങളിൽ വ്യാജമായി രേഖപ്പെടുത്തിയ കുട്ടികളുടെ പേരിൽ 2022-23, 2023-24 വർഷങ്ങളിൽ സർക്കാരിനുണ്ടായ സാമ്പത്തിക നഷ്ടം 94,715 രൂപയാണ്. ഈ തുക പ്രധാന അധ്യാപികയായ കെ.എസ്. ജാസ്മിനിൽ നിന്നും അതാത് ക്ളാസ് ടീച്ചർമാരിൽ നിന്നും ആനുപാതികമായി തിരിച്ചുപിടിക്കമണമെന്നാണ് ശിപാർശ.

അഡ്മിഷൻ രജിസ്റ്റർ, ഹാജർ പുസ്തകം, ടി.സി രജിസ്റ്റർ എന്നിവയിലെ തിരിമറി, വ്യാജരേഖാ നിർമാണം, വ്യാജ നിയമനം എന്നിവക്ക് കൂട്ടുനിന്ന മാനേജരുടെ നടപടി അധികാര ലംഘനവും സർക്കാർ ഖജനാവിന് നഷ്ടം വരുത്തുന്ന പ്രവർത്തിയുമായതിനാൽ ഭരണ വകുപ്പ് മാനേജർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

2020-21 മുതൽ 2021-22 വരെയുള്ള കാലത്തെ ആറാം പ്രവർത്തി ദിവസം നല്കിയ യു.ഐ.ഡി കണക്കുകൾ ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പുനപരിശോധന നടത്തി വ്യാജ സൃഷ്ടികളുണ്ടെങ്കിൽ ആയത് കണ്ടെത്തി കുറവ് ചെയ്യണം. ഈ പ്രവർത്തനം പൂർത്തീകരിച്ചതിനു ശേഷം മാത്രമേ 2023-24 ഉൾപ്പടെയുള്ള വർഷങ്ങളിലെ തസ്തികകളുടെ നിയമനാംഗീകാരം അനുവദിച്ച് നൽകേണ്ടതുള്ളൂ.

സ്കൂളിൽ ഹാജരാകാത്ത 36-ഓളം കുട്ടികൾക്ക് പ്രധാന അധ്യാപകൻ്റെ ഒത്താശയോടെ അധ്യാപകർ ഹാജർ രേഖപ്പെടുത്തിയത് സംഘടിത ഗൂഡാലോചനയുടെ ഭാഗമാണ്. അതിനാൽ ഭരണ വകുപ്പ് ഇക്കാര്യത്തിൽ പ്രത്യേക അന്വേഷണം നടത്തി ഈ അധ്യാപകരുടെ പങ്ക് കണ്ടെത്തി വ്യാജമായി ഹാജർ രേഖപ്പെടുത്തിയതിന് ഈ അധ്യാപകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണം. ഈ അധ്യാപകർ നിയമനാംഗീകാരം ലഭിക്കാത്തവരാണെങ്കിൽ അവരുടെ അംഗീകാരം തടഞ്ഞു വെക്കണം. ഇക്കാര്യങ്ങൾ സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ. 

Tags:    
News Summary - Illegal teaching posts: Report of fake admission in Perumbakonam LMS UP School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.