കൊച്ചി: നിരക്ഷരതയിൽനിന്ന് അക്ഷരങ്ങളുടെ ലോകത്തേക്ക് 2266 പേർ കടന്നുവരുന്നു. സംസ്ഥാന സാക്ഷരതമിഷൻ ആവിഷ്കരിച്ച ‘നവചേതന’ പദ്ധതിയുമായി ബന്ധപ്പെട്ട് പട്ടികജാതി കോളനികളിൽ നടത്തിയ സർവേയിൽ കണ്ടെത്തിയവരെയാണ് പഠനത്തിനെത്തിക്കുന്നത്. വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന 100 പട്ടികജാതി കോളനികളിലാണ് സർേവ നടത്തിയത്. ഇവിടെ 2266 പേർ നിരക്ഷരരാണെന്നാണ് കണ്ടെത്തിയത്. ഏപ്രിലിൽ ക്ലാസുകൾ ആരംഭിക്കുമെന്നും എല്ലാവരും പഠിക്കാനെത്തുമെന്നും സാക്ഷരത മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല ‘മാധ്യമ’ത്തോട് പറഞ്ഞു. 316 പേർ നിരക്ഷരരായ പാലക്കാട് ജില്ലയാണ് ഇതിൽ മുന്നിൽ. 41പേരുള്ള കോട്ടയത്താണ് ഏറ്റവും കുറവ്. ആകെ നിരക്ഷരരിൽ 756 പേർ പുരുഷന്മാരും 1505 പേർ സ്ത്രീകളും അഞ്ചുപേർ ട്രാൻസ്ജെൻഡർമാരുമാണ്.
തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ അതത് കോളനിവാസികളുടെ പങ്കാളിത്തത്തോടെയാവും പദ്ധതി നടപ്പാക്കുക. നാലുമാസം ദൈർഘ്യമുള്ള സാക്ഷരതക്ലാസ്, തുടർന്ന് വിജയിക്കുന്നവർക്ക് നാല്, ഏഴ് ക്ലാസുകളുടെ തുല്യത കോഴ്സുകൾ എന്നിവ നടക്കും. 20 പേർക്ക് ഒരു പഠനകേന്ദ്രം എന്ന നിലയിലാണ് ക്ലാസുകൾ. നാലാംതരം വിജയിക്കാത്തവരിൽ രണ്ട് ട്രാൻസ്ജെൻഡർമാരുൾപ്പെടെ 1872 പേരുണ്ട്. തൃശൂർ ജില്ലയിലാണ് കൂടുതൽ -322പേർ. കാസർകോട്ടാണ് (52) കുറവ്. എട്ട് ട്രാൻസ്െജൻഡർ ഉൾപ്പെടെ ഏഴാംതരം വിജയിക്കാത്തവരുടെ എണ്ണം 2644 ആണ്. തൃശൂരാണ് (424) കൂടുതൽ, കാസർകോട് (62) കുറവ്.
പത്താംതരം വിജയിക്കാത്തവരായി നാല് ട്രാൻസ്ജെൻഡർമാരുൾപ്പെടെ 5215 പേരെ കണ്ടെത്തിയപ്പോൾ കൂടുതൽ തിരുവനന്തപുരം ജില്ലയിലാണ്- 636. കുറവ് കാസർകോട്- 88 പേർ. പത്താംതരം പാസാകുകയും ഹയർ സെക്കൻഡറി വിജയിക്കാത്തവരുമായ 3394 പേരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.