തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിലെ ആൾമാറാട്ടവുമായി ബന്ധപ്പെട്ട് കർശന നടപടിയുമായി കേരള സർവകലാശാല. കോളജ് പ്രിൻസിപ്പൽ ഡോ. ജി.ജെ ഷൈജു, ഒന്നാം വർഷ ബി.എസ്സി വിദ്യാർഥി വിശാഖ് എന്നിവർക്കെതിരെ സർവകലാശാല പൊലീസിൽ പരാതി നൽകും. ഇതോടെ ഇരുവർക്കുമെതിരെ ക്രിമിനൽ കേസ് ഉറപ്പായി. ഡോ. ജി.ജെ. ഷൈജുവിനെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് നീക്കാൻ തീരുമാനിച്ച സർവകലാശാല അദ്ദേഹത്തെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്യാൻ ക്രിസ്ത്യൻ കോളജ് മാനേജ്മെന്റിന് നിർദേശം നൽകി.
നിർദേശം നടപ്പാക്കിയില്ലെങ്കിൽ കോളജിന്റെ അംഗീകാരം പിൻവലിക്കും. അടുത്ത അഞ്ചുവർഷത്തേക്ക് പരീക്ഷ നടത്തിപ്പ് ഉൾപ്പെടെ ഒരു ചുമതലയും ഡോ. ഷൈജുവിന് നൽകേണ്ടതില്ലെന്നും ശനിയാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
ഒരു അധ്യാപകൻ വിചാരിച്ചാൽ ആൾമാറാട്ടം നടക്കുമെന്ന് വ്യക്തമായ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് പൂർണമായും സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കാൻ തീരുമാനിച്ചതായി വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ പറഞ്ഞു.
വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച യു.യു.സി പട്ടിക താൽക്കാലികമായി പിൻവലിച്ചു. ആകെ സ്ഥാനാർഥികൾ, കിട്ടിയ വോട്ട്, ഭൂരിപക്ഷം ഉൾപ്പെടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിശദാംശങ്ങൾ എല്ലാ കോളജുകളോടും ആവശ്യപ്പെടും.
അതിനെക്കുറിച്ച് പരാതിയുള്ളവർക്ക് അതുകൂടി ഉന്നയിക്കാനുള്ള അവസരം നൽകി യു.യു.സി പട്ടിക പുനഃപ്രസിദ്ധീകരിച്ച ശേഷമാകും സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പ് നടത്തുക.
പരിശോധന ഉൾപ്പെടെ കാര്യങ്ങളിൽ സർവകലാശാലക്ക് വന്ന ചെലവ് ഡോ. ഷൈജുവിൽനിന്ന് ഈടാക്കും. അധ്യാപകൻ നൽകിയില്ലെങ്കിൽ കോളജ് മാനേജ്മെന്റിൽനിന്ന് ഈടാക്കും.
കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ യു.യു.സി സ്ഥാനത്തേക്ക് അനഘ, ആരോമൽ എന്നിവരിൽ അനഘയുടെ പേര് വെട്ടി മത്സരരംഗത്തില്ലാതിരുന്ന വിശാഖിന്റെ പേര് തിരുകിക്കയറ്റിയായിരുന്നു ആൾമാറാട്ടം. എസ്.എഫ്.ഐ ഏരിയ സെക്രട്ടറിയും സി.പി.എം ലോക്കൽ കമ്മിറ്റിയംഗവുമായിരുന്നു വിശാഖ്. ആൾമാറാട്ടം പുറത്തായതിന് പിന്നാലെ വിശാഖിനെ എസ്.എഫ്.ഐയും സി.പി.എമ്മും തൽസ്ഥാനങ്ങളിൽനിന്ന് പുറത്താക്കിയിരുന്നു. കോൺഗ്രസ് അനുകൂല കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ല സെക്രട്ടറിയായിരുന്ന ഡോ. ഷൈജുവിനെ അസോസിയേഷനും പുറത്താക്കിയിരുന്നു.
പിന്നിലാരെന്ന് പൊലീസ് കണ്ടെത്തട്ടെ -വി.സി
തിരുവനന്തപുരം: കോളജ് യൂനിയൻ തെരഞ്ഞെടുപ്പിലെ എസ്.എഫ്.ഐ നേതാവിന്റെ ആൾമാറാട്ടത്തിന് പിന്നിൽ ആരാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തട്ടെയെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ.
സിൻഡിക്കേറ്റ് യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയിച്ചയാളെ മാറ്റി മറ്റൊരാളുടെ ഫോട്ടോ ഒട്ടിച്ച് സാക്ഷ്യപ്പെടുത്തി സർവകലാശാലക്ക് നൽകിയത് പ്രിൻസിപ്പലാണ്.
തിരിമറിയിൽ മുഖ്യപങ്ക് അദ്ദേഹത്തിനാണ്. തിരിമറിക്കായി ഫോട്ടോ നൽകുകയും ഒപ്പിട്ട് നൽകുകയും ചെയ്ത വിദ്യാർഥിയും കുറ്റകൃത്യത്തിൽ പങ്കാളിയാണ്. അതിനാലാണ് ഇരുവർക്കുമെതിരെ പൊലീസിൽ പരാതി നൽകുന്നത്.
ഇവർക്ക് പുറമെ ആൾമാറാട്ടത്തിൽ ആർക്കൊക്കെ പങ്കുണ്ടെന്നത് കണ്ടെത്തേണ്ടത് പൊലീസാണ്. സർവകലാശാലക്ക് അന്വേഷണത്തിന് പരിമിതിയുണ്ട്. നാക് അക്രഡിറ്റേഷനുള്ള സർവകലാശാലക്ക് കടുത്ത അപമാനമാണുണ്ടായത്. അധ്യാപകനിൽനിന്ന് ഉണ്ടാകാൻ പാടില്ലാത്ത വിശ്വാസവഞ്ചനയാണ് പ്രിൻസിപ്പലിന്റേത്. അപമാനം പരിഹരിച്ച് സൽപേര് തിരിച്ചുപിടിക്കാനാണ് കടുത്ത നടപടികളെന്നും വൈസ് ചാൻസലർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.