കോഴിക്കോട്: അട്ടപ്പാടിയിൽ വൻ പൊലീസ് സന്നാഹത്തോടെ പിടിച്ചെടുത്തത് അരനൂറ്റാണ്ടിലേറെയായി ആദിവാസികൾ കൈവശം വെച്ച് അനുഭവിച്ച കൃഷിഭൂമിയെന്ന് രേഖകൾ. അട്ടപ്പാടി ട്രൈബൽ താലൂക്ക് തഹസിൽദാരുടെ 2022 ജൂൺ 22ലെ റിപ്പോർട്ട് പ്രകാരം ആദിവാസികളായ പെരുമാൾ, പാപ്പയ്യൻ എന്നിവർ വീടുവെച്ച് താമസിച്ച് മരച്ചീനി, വാഴ എന്നിവ കൃഷിചെയ്യുന്ന ഭൂമിയാണിത്.
അതേസമയം, ഭൂവുടമകളെന്ന് അവകാശപ്പെടുന്നവർ ഹാജരാക്കിയ വ്യാജരേഖകളൊന്നും ശാസ്ത്രീയ പരിശോധന നടത്താതെയാണ് റവന്യൂ ഉദ്യോഗസ്ഥർ ഹൈകോടതിയിൽ സമർപ്പിച്ച് ആദിവാസികൾക്കെതിരെ വിധി സമ്പാദിച്ചതെന്ന് ആദിവാസി മഹാസഭാ നേതാവ് ടി.ആർ ചന്ദ്രൻ മാധ്യമം ഓൺലൈനോട് പറഞ്ഞു. ആദിവാസി ഭൂമി 1974 ൽ കൈമാറ്റം ചെയ്തുവെന്ന് അവകാശപ്പെടുന്നവർ കഴിഞ്ഞ അര നൂറ്റാണ്ടിലധികം ഭൂമിക്ക് മേൽ അവകാശവാദം ഉന്നയിക്കാത്തതിന്റെ കാരണം വ്യക്തമാക്കണമെന്നും അദ്ദേഹം അവശ്യപ്പെട്ടു.
മുമ്പ് ഷോളയൂർ വില്ലേജിന്റെ ഭാഗമായിരുന്നതും നിലവിൽ കോട്ടത്തറ വില്ലേജിന്റെ ഭാഗമായതുമായ, പ്രിലിമിനറി സർവേ രജിസ്റ്ററിൽ ആദിവാസി ചിന്നന്റെ പേരിൽ രേഖപ്പെടുത്തിയതാണ് ഇപ്പോൾ പിടിച്ചെടുത്ത ഭൂമി. 1972ൽ പുതൂർ ലാൻഡ് ട്രൈബ്യൂണലിൽ നിന്ന് 1210/1 സർവേയിൽപ്പെട്ട 2.0410 ഹെക്ടർ ഭൂമിക്ക് ചിന്നന്റെ പേരിൽ പട്ടയമുണ്ട്.
ഈ രണ്ട് രേഖകളും സമ്മതിക്കുന്ന റവന്യൂ ഉദ്യോഗസ്ഥർ 1960നുശേഷം ആദിവാസി ഭൂമിയിൽ നടത്തിയ എല്ലാ കൈമാറ്റങ്ങളും നിയമപ്രകാരം ആദിവാസി ഭൂമി കൈയേറ്റമാണെന്നും അംഗീകരിക്കണം. ഇത്തരം കൈയേറ്റമായാലും കൈമാറ്റമായാലും ടി.എൽ.എ കേസിന്റെ പരിധിയിൽ വരുമെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 1960 മുതൽ 1986 ജനുവരി 24വരെ നടന്ന കൈമാറ്റങ്ങൾ പരിശോധിച്ച് ഇരു കക്ഷികളെയും ഹിയറിങ് നടത്തി അഞ്ച് ഏക്കർവരെയുള്ള ഭൂമി നിയമപരമായി കർഷകർക്ക് നൽകാം.
തത്തുല്യമായി കൃഷിയോഗ്യവും വാസയോഗ്യവുമായ ഭൂമി നൽകി ആദിവാസികളെ പുനരധിവസിപ്പിക്കണമെന്നാണ് 1999ലെ നിയമം. എന്നാൽ, തഹസിൽദാർ തയാറാക്കിയ റിപ്പോർട്ടിൽ ടി.എൽ.എ കേസ് നിലവിലില്ലെന്നാണ് രേഖപ്പെടുത്തിയത്. അതിലൂടെ അട്ടപ്പാടിയിലെ ഭൂ മാഫിയ സംഘത്തിന്റെ താൽപര്യമാണ് തഹസിൽദാർ സംരക്ഷിച്ചതെന്ന ആദിവാസികളുടെ ആരോപണം ശരിവെക്കുകയാണ് റവന്യൂ വകുപ്പിന്റെ തുടർ നടപടികൾ.
ആദിവാസി ഭൂമി അന്യാധീനപ്പെട്ടതെങ്ങനെയെന്ന് അന്വേഷണം നടത്തേണ്ടത് റവന്യൂ ഉദ്യോഗസ്ഥരാണ്. തഹസിൽദാരുടെ റിപ്പോർട്ട് പ്രകാരം മണ്ണാർക്കാട് എസ്.ആർ. ഒയിലെ ആധാരപ്രകാരം 1974ൽ ആണ് 1.24 ഹെക്ടർ ഭൂമി രങ്കസ്വാമി കൗണ്ടർക്ക് ആദ്യ കൈമാറ്റം നടത്തിയത്. 1975 മാർച്ച് അഞ്ചിന് രങ്കസ്വാമി ദാനാധാരപ്രകാരം സഹോദരങ്ങൾക്ക് നൽകിയത് രണ്ടാമത്തെ കൈമാറ്റം. 1997ൽ ആണ് കൃഷ്ണ സ്വാമിക്ക് കൈമാറിയത്.
ഈ മൂന്ന് കൈമാറ്റങ്ങൾ നടത്തിയിട്ടും ഭൂമി തേടി ആരും കടമ്പാറയിൽ എത്തിയില്ല. ആദിവാസികളുടെ കൈവശം തന്നെയായിരുന്നു ഭൂമി. കൃഷ്ണ സ്വാമിയുടെ അവകാശികൾ 2021-22 വരെ നികുതി അടച്ചിരുന്നുവെന്നാണ് തഹസിൽദാർ റിപ്പോർട്ടിൽ രേഖപ്പെടുത്തിയത്. ഇക്കാര്യത്തിൽ നികുതി അടച്ചതുകൊണ്ടുമാത്രം ഭൂമി സ്വന്തമാകില്ലെന്ന സുപ്രീം കോടതിയുടെയും വിവിധ ഹൈകോടതികളുടെയും വിധിയാണ് നിയമ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
കോട്ടത്തറ വില്ലേജ് ഓഫിസർ, അഗളി തഹസിൽദാർ, ഒറ്റപ്പാലം സബ് കലക്ടർ തുടങ്ങിയവരൊന്നും ഭൂമിയുടെ ഉടമകളെന്ന് അവകാശപ്പെടുന്നവർ ഇതുവരെ എവിടെയായിരുന്നുവെന്ന് അന്വേഷിച്ചിട്ടില്ലെന്നും ഇവർ ഹാജരാക്കിയത് വ്യാജരേഖയാണോയെന്ന് പരിശോധിച്ചിട്ടില്ലെന്നുമാണ് ആദിവാസികളുടെ ആരോപണം. 1975ലെയും 1999ലെയും നിയമ പ്രകാരം ടി.എൽ.എ കേസ് എടുക്കാതെ ആദിവാസി ഭൂമിക്ക് മേൽ നടപടി സ്വീകരിക്കാനാവില്ല.
1960നു ശേഷം ആദിവാസി ഭൂമി കൈമാറ്റം ചെയ്ത സംഭവങ്ങളിൽ ടി.എൽ.എ കേസ് എടുത്തിട്ടുണ്ട്. അതിനാൽ തഹസിൽദാർ ഭൂമാഫിയയെ സഹായിക്കുന്നതിനാണ് ടി.എൽ.എ കേസിൽനിന്ന് ഈ ഭൂമി ഒഴിവാക്കിയത്. ഇത് വിജയിച്ചാൽ അട്ടപ്പാടിയെ സംബന്ധിച്ചടത്തോളം പൊലീസ് കാവലിൽ ആദിവാസി ഭൂമി പിടിച്ചെടുക്കൽ തുടർകഥയാവുമെന്ന് ടി.ആർ ചന്ദ്രൻ പറഞ്ഞു.
ആദിവാസി ഭൂമിക്ക് വ്യാജരേഖയുണ്ടാക്കി അട്ടപ്പാടിയിലെ ജനിച്ച മണ്ണിൽ നിന്ന് ആദിവാസികളെ പിഴുതെറിയുന്ന റവന്യൂ വകുപ്പിന്റെയും സർക്കാരിന്റെയും നിയമവിരുദ്ധ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭവും നിയമപോരാട്ടവും നടത്തുമെന്ന് ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ, സി.എസ് മുരളി, ശിവാനി അട്ടപ്പാടി (തായ്കുല സംഘം) , അമ്മിണി വയനാട്, ഡി.എസ്.എം നേതാവ് കെ. സന്തോഷ് കുമാർ, ശ്രീരാമൻ കൊയ്യോൻ, എം.പി കുഞ്ഞിക്കണാരൻ, സുകുമാരൻ അട്ടപ്പാടി തുടങ്ങിയവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.