മയക്കുമരുന്ന് കേസുകളിൽ എത്രയും വേഗം ചാർജ് ഷീറ്റ് നൽകും; രാത്രികാല പട്രോളിങ് ശക്തിപ്പെടുത്താനും നിർദേശം

തിരുവനന്തപുരം: മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി ചാർജ് ഷീറ്റ് നൽകാൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്. പൊലീസ് ആസ്ഥാനത്ത് സംസ്ഥാനത്തെ ഇക്കൊല്ലം ജൂൺ മുതലുള്ള മൂന്നു മാസത്തെ കുറ്റകൃത്യങ്ങളുടെയും തുടർനടപടികളുടെയും അവലോകന യോഗത്തിൽ സംസാരിക്കുകയായരുന്നു അദ്ദേഹം.

സ്കൂൾ, കോളജ് അധികൃതരുമായി സംസാരിച്ച് മയക്കുമരുന്ന് വിരുദ്ധപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ജനമൈത്രി പൊലീസിനെ ചുമതലപ്പെടുത്തണമെന്നും അദ്ദേഹം നിർദേശം നൽകി. കുറ്റവാളികളെ അമർച്ച ചെയ്യുന്നതിന് എറണാകുളം ജില്ലയിൽ നടപ്പാക്കിയ മാപ്പിങ് സംവിധാനം എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും. സൈബർ കുറ്റകൃത്യങ്ങളും ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളും വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇതിനെതിരെയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ എല്ലാ ജില്ലകളിലും നടപ്പാക്കും.

രാത്രികാല പൊലീസ് പട്രോളിങ് ശക്തിപ്പെടുത്തും. സോൺ ഐ.ജിമാർ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തും. വ്യാജ നമ്പർപ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങൾ കണ്ടെത്താൻ പ്രത്യേക പരിശോധന നടത്തും. ജില്ലകളിലെ സ്പെഷ്യൽ ബ്രാഞ്ച് സംവിധാനം ശക്തിപ്പെടുത്തും. ഇതിനായി സ്പെഷ്യൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥർക്ക് പ്രത്യേകം പരിശീലനം നൽകും. ചാർജ് ഷീറ്റ് നൽകാൻ വൈകുന്ന പോക്സോ കേസുകൾ റേഞ്ച് ഡി.ഐ.ജി മാർ വിലയിരുത്തി നടപടി സ്വീകരിക്കും.

മാവോയിസ്റ്റ് സംഘങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കാനും ആവശ്യമായ ഇടപെടൽ നടത്താനും ജില്ലാ പൊലീസ് മേധാവിമാർ നടപടി സ്വീകരിക്കും. പൊലീസ് ഉദ്യോഗസ്ഥർക്ക് അവരുടെ ആവശ്യങ്ങൾക്ക് അനുസൃതമായി അവധിയും ഓഫും അനുവദിക്കും. സാമ്പത്തിക മാനേജ്മെൻറ് സംബന്ധിച്ച് എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും ബോധവൽക്കരണം നടത്താനും സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചു.

അവലോകനയോഗത്തിൽ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് അധ്യക്ഷത വഹിച്ചു. എ.ഡി.ജി.പിമാർ, സോൺ ഐ.ജിമാർ, റേഞ്ച് ഡി.ഐ.ജിമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - In drug cases charge sheet will be issued as soon as possible; It is also suggested to strengthen night patrolling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.