പുതിയതെരു (കണ്ണൂർ): ചിറക്കലിൽ സി.പി.എം സ്ഥാനാർഥിയുടെ പത്രിക തള്ളി. ചിറക്കൽ ഗ്രാമപഞ്ചായത്ത് 12ാം വാർഡായ അരയമ്പേത്തെ സ്ഥാനാർഥി എ.എം. ശ്രീധരെൻറ പത്രികയാണ് തള്ളിയത്. 2009ൽ സി.പി.എം പ്രവർത്തകനായ ഒ.ടി. വിനീഷിനെ എൻ.ഡി.എഫുകാർ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് നിരവധിേപരുടെ വീടുകൾ ആക്രമിക്കപ്പെട്ടിരുന്നു.
ഇതിൽ ചിറക്കൽ കുന്നുംകൈയിലെ എൻ.ഡി.എഫുകാരുടെ വീട് ആക്രമിച്ച കേസിൽ പ്രതിയായിരുന്നു സി.പി.എം ചിറക്കൽ നോർത്ത് ലോക്കൽ കമ്മിറ്റി അംഗമായ എ.എം. ശ്രീധരൻ. ആറ് കേസുകളാണ് ആക്രമണവുമായി ബന്ധപ്പെട്ട് ചുമത്തിയത്. ഇതിൽ അഞ്ചുകേസ് തള്ളി. ഒരു കേസിൽ സെഷൻസ് കോടതി അഞ്ചു വർഷം ജയിൽശിക്ഷ വിധിച്ചു.
ശിക്ഷ ഹൈകോടതി സ്റ്റേ ചെയ്യുകയും ശ്രീധരനുൾപ്പെടെയുള്ള അഞ്ചുപേർക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ഈ കേസ് ഹൈകോടതിയിൽ വിചാരണ നടക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ചിറക്കൽ പഞ്ചായത്ത് റിട്ടേണിങ് ഓഫിസർ പത്രിക തള്ളിയത്.
ഇതേ വാർഡിൽ സി.പി.എം പ്രവർത്തകനും ഇതേ കേസിലെ പ്രതിയുമായ ഉല്ലാസനും പത്രിക നൽകിയിരുന്നു. ഉല്ലാസെൻറ പത്രികയും തള്ളി. എ.എം. ശ്രീധരൻ 2010-15 ഭരണസമിതി കാലയളവിൽ ചിറക്കൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്നു.
ശ്രീധരെൻറ പത്രിക തള്ളിയതിനാൽ ഡെമ്മി സ്ഥാനാർഥിയായി പത്രിക നൽകിയ പി. അനീഷ് കുമാറാണ് സി.പി.എം സ്ഥാനാർഥി. ഓട്ടോറിക്ഷ ഡ്രൈവറായ അനീഷ് പട്ടികജാതി ക്ഷേമസമിതി കണ്ണൂർ ഏരിയ കമ്മിറ്റി അംഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.