കോട്ടയം: കേരളമടക്കം നാല് സംസ്ഥാനങ്ങളിൽ ആനകളുടെ കണക്കെടുപ്പ് നടത്താനിരിക്കെ കേരളത്തിലെ വനങ്ങളിൽ ആനകളുടെ പെരുപ്പം വീണ്ടും ചർച്ചയാകുന്നു. 1993 മുതൽ 2017വരെയുള്ള കാലയളവിൽ 63 ശതമാനം വർധനയാണ് കേരളത്തിലെ കാട്ടാനകളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. 1993ൽ 3500 കാട്ടനകൾ ഉണ്ടായിരുന്ന സ്ഥാനത്ത് 2017ൽ 5706 എണ്ണമാണുള്ളത്.
ആനപ്പെരുപ്പത്തിന്റെ ദേശീയ ശരാശരി 17.2 ശതമാനമാണ്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രോജക്ട് എലിഫന്റിന്റെ ഭാഗമായി 2020ൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് കണക്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.1993ൽ രാജ്യത്താകെ 25,569 ആനകളാണുണ്ടായിരുന്നത്. 2017ൽ ഇത് 29,964 ആയെന്ന് റിപ്പോർട്ട് പറയുന്നു.മേഘാലയയിലും അരുണാചലിലും ഈ കാലത്ത് എണ്ണം കുറഞ്ഞു. മേഘാലയയിൽ 2872 എണ്ണത്തിൽനിന്ന് 1754 ലേക്കും അരുണാചലിൽ 2102ൽ നിന്ന് 1614 ലേക്കുമാണ് കുറഞ്ഞത്.
യഥാക്രമം 38.9 ശതമാനം, 23.2 ശതമാനം എന്നിങ്ങനെയാണ് കുറവ്. കർണാടക 5500-6049, അസം 5524-5719, തമിഴ്നാട് 2307-2761, ഒഡിഷ 1750-1976 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലുണ്ടായിരിക്കുന്ന വർധന.രാജ്യത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 1993ൽ 11,027 ആനകളുണ്ടായിരുന്നത് 2017 ആയപ്പോൾ 10,139 ആയി കുറഞ്ഞു. അതേസമയം, ദക്ഷിണേന്ത്യയിൽ 11,353 എണ്ണത്തിൽനിന്ന് 14,612 ആയി വർധിച്ചു.
കിഴക്കൻ സംസ്ഥാനങ്ങളിൽ 2314 എണ്ണമുണ്ടായിരുന്നത് 3128 ആയി. ഉത്തരേന്ത്യയിൽ 875ൽനിന്ന് 2085 എണ്ണമായി വർധിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.ആനകളെ കൂടുതലുള്ളിടത്തുനിന്ന് കുറവുള്ള ഭാഗങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയാണ് ആനശല്ല്യം കുറക്കുന്നതിനുള്ള ഫലപ്രദമായ മാർഗമെന്ന് വനംവകുപ്പ് അധികൃതർ തന്നെ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.