തൃശൂർ: ജില്ലയിൽ കോൺഗ്രസിന് കനത്ത ആഘാതമേൽപിച്ച് നേതാക്കൾ കൂട്ടത്തോടെ ബി.ജെ.പിയിൽ ചേർന്നു.
യു.ഡി.എഫ് തൃശൂർ നിയോജക മണ്ഡലം ചെയർമാനും കെ. കരുണാകരന്‍റെ പേഴ്സനൽ സെക്രട്ടറിയുമായിരുന്ന ഒ.ബി.സി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. മോഹനൻ, ഐ ഗ്രൂപ് നേതാവും യു.ഡി.എഫ് തൃശൂർ നിയോജക മണ്ഡലം ചെയർമാനും ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറിയുമായ അനിൽ പൊറ്റേക്കാട്, നടത്തറ പഞ്ചായത്ത് മുൻ പ്രസിഡന്‍റും ഡി.സി.സി അംഗവുമായ സജിത ബാബുരാജ്, ഒ.ബി.സി കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റും ഒല്ലൂർ മേഖല തൊഴിലാളി സഹകരണസംഘം ഡയറക്ടറും കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റുമായ ടി.എം. നന്ദകുമാർ, ഒല്ലൂർ മേഖല തൊഴിലാളി സഹകരണസംഘം ഡയറക്ടറും കോൺഗ്രസ് പ്രാദേശിക നേതാവുമായ ബിജു കോരപ്പത്ത്, ഐ.എൻ.ടി.യു.സി ഒല്ലൂർ മണ്ഡലം വൈസ് പ്രസിഡന്‍റും ഒല്ലൂർ സഹകരണസംഘം ഡയറക്ടറുമായ സുരേഷ് കാട്ടുങ്ങൽ, ജവഹർ ബാലഭവൻ തൃശൂർ മണ്ഡലം പ്രസിഡന്‍റും മഹിള കോൺഗ്രസ് ഭാരവാഹിയുമായ മാലതി വിജയൻ, തൃശൂർ വ്യവസായ സഹകരണസംഘം പ്രസിഡന്‍റ് ഷിജു വെളിയന്നൂർകാരൻ എന്നിവരാണ് ബി.ജെ.പിയിൽ ചേർന്നത്.
വർഷങ്ങളായി കോൺഗ്രസ് നിയന്ത്രണത്തിൽ ഭരണം നടത്തുന്ന ഒല്ലൂർ മേഖല തൊഴിലാളി സഹകരണസംഘവും നേതാക്കളുടെ പോക്കിൽ ബി.ജെ.പിയുടെ കൈയിലെത്തി. തൃശൂരിൽ സംഘടിപ്പിച്ച ചടങ്ങിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ അംഗത്വം വിതരണം ചെയ്തു. സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗവും എ.ഐ.വൈ.എഫ് മുൻ സംസ്ഥാന കമ്മിറ്റി അംഗവും മുൻ ജില്ല ജോയന്‍റ് സെക്രട്ടറിയും തൃശൂർ മൾട്ടിപർപ്പസ് ബാങ്ക് ഡയറക്ടറുമായ സുനിൽകുമാറും സുരേന്ദ്രനിൽനിന്ന് ബി.ജെ.പി അംഗത്വം എടുത്തവരിലുണ്ട്.
സ്വീകരണയോഗത്തിൽ ബി.ജെ.പി ജില്ല പ്രസിഡന്‍റ് അഡ്വ. കെ.കെ. അനീഷ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, സംസ്ഥാന വക്താക്കളായ നാരായണൻ നമ്പൂതിരി, ടി.പി. സിന്ധുമോൾ, മേഖല ജനറൽ സെക്രട്ടറി രവികുമാർ ഉപ്പത്ത്, ജില്ല ജനറൽ സെക്രട്ടറിമാരായ കെ.ആർ. ഹരി, ജസ്റ്റിൻ ജേക്കബ്, മേഖല പ്രസിഡന്‍റ് വി. ഉണ്ണികൃഷ്ണൻ, എം.എസ്. സമ്പൂർണ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.