'ഗോൾ' പദ്ധതി സംസ്ഥാനതല ഉദ്ഘാടനം; കായികക്ഷമതയുള്ള തലമുറ സർക്കാർ ലക്ഷ്യം -മന്ത്രി

കോലഞ്ചേരി: കായികക്ഷമതയുള്ള തലമുറയെ വാർത്തെടുക്കലാണ് സർക്കാറിന്‍റെ ലക്ഷ്യമെന്ന് കായികമന്ത്രി വി. അബ്ദുൽ റഹ്മാൻ. വിദ്യാർഥികൾക്കായുള്ള സർക്കാറിന്‍റെ ഫുട്ബാൾ പരിശീലന പരിപാടിയായ 'ഗോൾ' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കടയിരിപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് ലക്ഷം പേർക്ക് പരിശീലനം നൽകുന്നതിലൂടെ ലോകത്തുതന്നെ ഒരു സർക്കാർ ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് ഒന്നിച്ച് നടത്തുന്ന ഫുട്ബാൾ പരിശീലനമാണിതെന്നും മന്ത്രി പറഞ്ഞു. 20 ലക്ഷം വിദ്യാർഥികളെ കൊണ്ട് രണ്ട് മില്യൻ ഗോളടിപ്പിക്കുന്ന പദ്ധതിയിലൂടെ ഗിന്നസ് ബുക്കിൽ ഇടം തേടലും ലഹരിക്കെതിരായ ബോധവത്കരണത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ രണ്ട് കോടി ഗോൾ അടിപ്പിക്കുന്ന പരിപാടിയും കായിക വകുപ്പ് വിഭാവനം ചെയ്തിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

പി.വി. ശ്രീനിജിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൽ സമദ് മുഖ്യാതിഥിയായി. സംസ്ഥാന സ്പോർട്സ് കൗൺസിൽ അധ്യക്ഷ മേഴ്സി കുട്ടൻ, വൈസ് പ്രസിഡന്‍റ് ഒ.കെ. വിനീഷ്, കായിക യുവജനകാര്യ വകുപ്പ് ഡയറക്ടർ എസ്. പ്രേം കൃഷ്ണൻ, അഡീഷനൽ ഡയറക്ടർ എ.എൻ. സീന, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജൂബിള്‍ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

ആയിരം കേന്ദ്രങ്ങളിലായി ഒരു ലക്ഷം വിദ്യാർഥികൾ വീതമുള്ള അഞ്ച് ഘട്ടങ്ങളിലായാണ് ഗോൾ പദ്ധതിയിലൂടെ പരിശീലനം നൽകുന്നത്. ഇതിൽ നിന്ന് തെരഞ്ഞെടുക്കുന്ന 100 കായിക പ്രതിഭകൾക്ക് പഠനച്ചെലവ്, താമസം, വിദേശ പരിശീലകരുടെ നേതൃത്വത്തിലുള്ള പരിശീലനം തുടങ്ങിയവ നൽകി മികച്ച ഫുട്ബാൾ താരങ്ങളായി വാർത്തെടുക്കുകയാണ് ലക്ഷ്യം. ഐ.എം. വിജയൻ, ജോപോൾ അഞ്ചേരി, യു. ഷറഫലി, തോബിയാസ്, വി.പി. സാലി തുടങ്ങി മികച്ച ഫുട്ബാൾ താരങ്ങളാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

Tags:    
News Summary - Inauguration of 'GOAL' project at state level; A sporty generation is the government's goal - Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.