വളാഞ്ചേരി: നിർധനനായ കാന്‍സര്‍ രോഗിയുടെ പണം മോഷ്ടിച്ച പ്രതിയെ മണിക്കൂറുകള്‍ക്കകം വളാഞ്ചേരി പൊലീസ് പിടികൂടി. കഴിഞ്ഞദിവസം വളാഞ്ചേരിയില്‍ പട്ടാപ്പകല്‍ ഓട്ടോ ഡ്രൈവറുടെ പണം മോഷ്ടിച്ച കുറ്റിപ്പുറം മൂടാല്‍ സ്വദേശി കോരാത്ത് ഇല്ലത്ത് സല്‍മാനുല്‍ ഫാരിസിനെയാണ് (22) വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. വളാഞ്ചേരി ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള പാര്‍ക്കിങ് സ്ഥലത്തുനിന്ന് കഴിഞ്ഞ ദിവസമാണ് നിര്‍ത്തിയിട്ട ഓട്ടോയുടെ ഡാഷ് ബോര്‍ഡ് കുത്തിത്തുറന്ന് പണം കവര്‍ന്നത്.
പരാതി ലഭിച്ച് മണിക്കൂറുകള്‍ക്കകം പൊലീസ് പ്രതിയെ പിടികൂടി. കാന്‍സർ രോഗിയായ ഓട്ടോ ഡ്രൈവർ അയ്യപ്പത്തേതില് കബീറിന്റെ പണമാണ് മോഷണം പോയത്. തലേദിവസം കാന്‍സര്‍ ചികിത്സയ്ക്കായി തിരുവനന്തപുരത്ത് പോയി മടങ്ങിയെത്തിയ കബീര്‍, ബാക്കിവന്ന പണം ഓട്ടോയുടെ ഡാഷ് ബോര്‍ഡില്‍ സൂക്ഷിച്ചതായിരുന്നു.
10,000 രൂപയും എ.ടി.എം കാര്‍ഡും ഹോസ്പിറ്റല്‍ രേഖകള്‍ അടങ്ങിയ പഴ്സ് എന്നിവയാണ് മോഷ്ടാവ് കവര്‍ന്നത്. ടൗണിലെ കടകളിലെ സി.സി. ടി.വിയില്‍ യുവാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. പ്രതി ഉപേക്ഷിച്ച പഴ്സും മറ്റു രേഖകളും പെരിന്തല്‍മണ്ണ റോഡിലെ വഴിയരികില്‍നിന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.