തൃക്കരിപ്പൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യുവാവ് തെറിച്ചുവീണ് കാണാതായ സംഭവത്തിൽ രക്ഷാപ്രവർത്തനം വൈകിച്ചത് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വ്യാജസന്ദേശം. കൊല്ലം കോയിവിള സ്വദേശി ഡിജോ ഫെർണാണ്ടസാണ് (32) ഉദിനൂർ പോട്ടക്കാപിൽ മാവേലി എക്സ്പ്രസിൽനിന്ന് വെള്ളിയാഴ്ച രാത്രി വീണത്.
കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ പയ്യന്നൂർ സ്റ്റേഷനിലിറങ്ങി വിവരം നൽകിയതനുസരിച്ച് പൊലീസും അന്വേഷണം ആരംഭിച്ചു. ചെറുവത്തൂരിനും പയ്യന്നൂരിനും ഇടയിൽ എവിടെയെങ്കിലും ആകാമെന്ന പ്രതീക്ഷയിൽ പ്രദേശവാസികൾ ട്രാക്കിലൂടെ നടന്ന് തിരച്ചിൽ നടത്തി. വിവിധ സംഘങ്ങളായി തിരിഞ്ഞ് ഊർജിതമായ തിരച്ചിൽ നടത്തുന്നതിനിടെ രാത്രി പത്തോടെ ‘പയ്യന്നൂർ ഭാഗത്ത് ആളെ കിട്ടിയതായി’ സന്ദേശം പ്രചരിച്ചു.
കൂട്ടത്തിൽ ആളുടെ ‘മരണ’ വിവരവും ചേർത്തിരുന്നു. സന്ദേശം പരന്നതോടെ തിരച്ചിൽ അവസാനിപ്പിച്ച് ആളുകൾ മടങ്ങി. വിവരം തെറ്റാണെന്ന് തിരിച്ചറിയാൻ രാത്രി ഏറെ വൈകി. യുവാവിന്റെ സുഹൃത്തുക്കൾ റെയിൽവേ സ്റ്റേഷനിൽ കാത്തിരുന്നു. ട്രെയിനിന്റെ വാതിൽപടിയിൽനിന്ന് തെറിച്ചുവീണ യുവാവ് അബോധാവസ്ഥയിൽ കുറ്റിക്കാട്ടിൽ പെടുകയായിരുന്നു. ശനിയാഴ്ച രാവിലെ ഇതുവഴി വരുകയായിരുന്ന തൃക്കരിപ്പൂരിലെ നേതാജി ഹോട്ടലുടമ കിഷോർ, സഹോദരൻ അനൂപ് എന്നിവരാണ് കുറ്റിക്കാട്ടിൽനിന്ന് ശബ്ദംകേട്ട് ആളെ കണ്ടെത്തി പൊലീസിലും അഗ്നിശമന സേനക്കും വിവരം നൽകിയത്. ദേഹമാസകലം പരിക്കേറ്റിരുന്ന യുവാവിനെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടയിൽ വിലപ്പെട്ട പത്ത് മണിക്കൂറാണ് നഷ്ടപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.