കാഞ്ഞങ്ങാട്: പൊലീസിലെയടക്കം കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ ജില്ലയിലേക്ക് സ്ഥലംമാറ്റുന്ന പതിവ് വർധിച്ചതോടെ ജില്ലയിലെ ജനങ്ങൾ ചോദിച്ചുതുടങ്ങി കാസർകോടെന്താ സാറെ കറക്ഷൻ സെൻററോ ...?. കൂടുതല്‍ കളിച്ചാല്‍ തന്നെ കാസര്‍കോട്ടേക്ക് ‘സ്ഥലംമാറ്റും’ എന്ന സിനിമ ഡയലോഗ് ആവര്‍ത്തനവിരസത കാരണം സിനിമാക്കാര്പോലും തിരസ്കരിച്ചെങ്കിലും ഭരണാധികാരികള്‍ ഈ പ്രവൃത്തി ഇപ്പോഴും തുടരുകയാണ്. കുറ്റാരോപിതരായ പൊലീസുകാരെ സ്ഥലംമാറ്റാനുള്ള ഇടമായി ജില്ലയെ കാണുന്ന പതിവ് ഇപ്പോഴും നടക്കുന്നു. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രതിഷേധമുയരുന്നുണ്ട്.
അധികാരികള്‍ക്ക് ഇതൊന്നും പ്രശ്നമല്ല. കഴിഞ്ഞദിവസം എറണാകുളം തോപ്പുംപടിയിയില് യുവാവിനെ വാഹനമിടിച്ചുവീഴ്ത്തി നിര്‍ത്താതെ പോയ സംഭവത്തിലെ പ്രതി കടവന്ത്ര ഇന്‍സ്പെക്ടര്‍ ജി.പി. മനുരാജിനെ ചന്തേര സ്റ്റേഷനിലേക്ക് സ്ഥലംമാറ്റിയ നടപടിയാണ് അവസാനത്തേത്. ഇത്തരത്തില്‍ ശിക്ഷാനടപടിയുടെ ഭാഗമായി മറ്റു ജില്ലയില്‍ നിന്നും സ്ഥലംമാറിവന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഈ വര്‍ഷമാണ് സര്‍വിസില്‍ നിന്നും പിരിച്ചുവിട്ടത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കാസര്‍കോട് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടറായിരുന്ന ഉദ്യോഗസ്ഥനെയാണ് സര്‍വിസില്‍നിന്ന് പുറത്താക്കിയത്.
പാലക്കാട് ജോലിചെയ്യവേ അനധികൃത സ്വത്ത് സമ്പാദനം, നിരപരാധികളെ കേസില്‍പ്പെടുത്തല്‍, അനധികൃതമായി അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ കേസുകളിലും പ്രതിയായിരുന്നു. 2006 മുതല്‍ വിവിധ അച്ചടക്ക നടപടികളുടെ ഭാഗമായി നാലുതവണ സസ്പെന്‍ഷനില്‍ ആവുകയും 11 തവണ വകുപ്പുതല നടപടികള്‍ക്ക് വിധേയനാവുകയും ചെയ്തിട്ടുണ്ട്. സര്‍വിസിന്റെ അവസാനകാലത്താണ് ശിക്ഷാനടപടിയായി കാസര്‍കോട്ടേക്കുള്ള സ്ഥലം മാറ്റം. 2021 ആഗസ്റ്റ് 26ന് കൊച്ചിയില്‍ 11 കോടിയുടെ മയക്കുമരുന്ന് പിടിച്ച കേസ് അട്ടിമറിച്ച എക്സൈസ് സി.ഐയെ കാസർകോട്ടേക്ക് സ്ഥലംമാറ്റിയുള്ള ഉത്തരവ് ഏറെ വിവാദമായിരുന്നു.
പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ സ്ഥലംമാറ്റ നടപടിയില്‍ നിന്നും പിന്മാറുകയായിരുന്നു. 2016ല്‍ തൃശൂര്‍ പാലിയേക്കരയില്‍ കാര്‍ യാത്രികരോട് മോശമായി പെരുമാറിയ ചാലക്കുടി ഡിവൈ.എസ്.പിയെ സ്ഥലം മാറ്റിയതും കാസര്‍കോട്ടേക്ക്.
ഇതുൾപ്പെടെ കൈക്കൂലിക്കാരും സ്വഭാവ ദൂഷ്യവുമുള്ള ഒട്ടേറെ ഉദ്യോഗസ്ഥർക്ക് നിയമനം ലഭിക്കുന്നതും കാസർകോട് ജില്ലയിൽ തന്നെ. സർക്കാറിന്റെ മിക്കവകുപ്പുകളിലെയും അവസ്ഥ ഇത് തന്നെ ഇവിടത്തെ അഴിമതി, ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതാകട്ടെ കാസർകോട്ടെ തന്നെ മറ്റൊരിടത്ത് തന്നെയുമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.