കൊച്ചി: സർവകലാശാല നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി സ്വതന്ത്ര തീരുമാനമെടുക്കാൻ സെനറ്റ് അംഗങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന് സർക്കാർ ഹൈകോടതിയിൽ. സമൂഹത്തിന്റെ എല്ലാ മേഖലയുടെയും പ്രാതിനിധ്യം വേണമെന്നതിനാലാണ് വിവിധ മേഖലകളിൽനിന്നുള്ളവരെ സെനറ്റിൽ എടുക്കുന്നത്. നാമനിർദേശം ചെയ്യുന്നത് ചാൻസലർ കൂടിയായ ഗവർണറാണെങ്കിലും സെനറ്റ് അംഗങ്ങൾക്ക് സർവകലാശാല നിയമത്തിനനുസൃതമായ സ്വതന്ത്രാധികാരമുണ്ട്. അംഗത്വത്തിൽനിന്ന് പുറത്താക്കിയ ചാൻസലറുടെ നടപടി ചോദ്യം ചെയ്ത് കേരള സർവകലാശാലയിലെ 15 സെനറ്റംഗങ്ങൾ നൽകിയ ഹരജികളിലാണ് സർക്കാറിന്റെ വിശദീകരണം.
നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചേ ചാൻസലർക്ക് നടപടി സ്വീകരിക്കാനാകൂവെന്ന് വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ അഭിപ്രായപ്പെട്ടു.
വൈസ് ചാൻസലറെ കണ്ടെത്താനുള്ള സർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നാമനിർദേശം ചെയ്യാതിരുന്നതിനെ തുടർന്ന് താൻ നാമനിർദേശം ചെയ്ത സെനറ്റ് അംഗങ്ങളെ ചാൻസലർ പുറത്താക്കുകയായിരുന്നു. സെനറ്റ് നോമിനിയില്ലാതെ ചാൻസലർ സർച്ച് കമ്മിറ്റി രൂപവത്കരിക്കുകയും കൺവീനറെ നിയമിക്കുകയും ചെയ്തു. സെനറ്റ് പ്രതിനിധി ഇല്ലാതെ സർച്ച് കമ്മിറ്റി രൂപവത്കരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത് തെറ്റാണെന്നും അംഗീകരിക്കാനാവില്ലെന്നുമാണ് സെനറ്റ് അംഗങ്ങളുടെ വാദം.
സെനറ്റ് അംഗങ്ങളെ പുറത്താക്കുംമുമ്പ് നോട്ടീസ് നൽകുന്നതടക്കമുളള നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിശദീകരണത്തിന് ചാൻസലർക്ക് സമയം അനുവദിച്ചു. തുടർന്ന് ചൊവ്വാഴ്ചത്തേക്ക് ഹരജി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.