കോഴിക്കോട്: കഴിഞ്ഞ ഫെബ്രുവരിയിൽ ഡൽഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ ഗൂഢലോചന നടത്തിയവരായി സി.പി.എം ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരി, പൊതുപ്രവർത്തകൻ യോഗേന്ദ്ര യാദവ്, ജെ.എൻ.യു സാമ്പത്തിക ശാസ്ത്രം പ്രഫസർ ജയതി ഘോഷ്, ദില്ലി സർവകലാശാലയിലെ ഹിന്ദി പ്രഫസർ അപൂർവാനന്ദ്, ഡോക്യുമെൻററി നിർമാതാവ് രാഹുൽ റോയി എന്നിവരെ പരാമർശിക്കുന്നത് ഇന്ത്യയിൽ സ്വതന്ത്ര രാഷ്ട്രീയ പ്രവർത്തനത്തിന് കൂച്ചുവിലങ്ങിടാനുള്ള പദ്ധതിയുടെ ഭാഗമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. കമ്യൂണിസ്റ്റ് പാർട്ടിയെ നശിപ്പിക്കാൻ ബ്രിട്ടീഷുകാർ കെട്ടിപ്പടുത്ത മീററ്റ്, കാൺപൂർ ഗൂഢാലോചന കേസുകളെയാണ് ഇത് ഓർമിപ്പിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരായി ഇന്ത്യയാകെ നടന്ന പ്രക്ഷോഭത്തെ തുറുങ്കിലടച്ച് ഭയപ്പെടുത്താനാണ് അമിത് ഷായുടെ ഡൽഹി പൊലീസ് ശ്രമിക്കുന്നത്. ഭാവിയിൽ ഇത്തരം ഒരു ജനകീയ പ്രക്ഷോഭവവും ഉയർന്നുവരാതിരിക്കാനാണ് ഈ പേടിപ്പിക്കൽ. ബ്രിട്ടീഷുകാരെ അതിജീവിച്ച ഇന്ത്യക്കാർ ആർ.എസ്.എസിനെയും അതിജീവിക്കുെമന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണരൂപം:
ദില്ലി കലാപം ഗൂഡാലോചനക്കാരുടെ പട്ടികയിൽ സീതാറാം യെച്ചൂരിയെ ഉൾപ്പെടുത്തുന്നതിൽ പ്രതിഷേധിക്കുക. കഴിഞ്ഞ ഫെബ്രുവരിയിൽ ദില്ലിയിൽ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ ഗൂഡാലോചന നടത്തിയവരായി സിപിഐഎം ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരി, പൊതു പ്രവർത്തകൻ യോഗേന്ദ്ര യാദവ്, ജവഹർലാൽ നെഹ്രു സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്രം പ്രൊഫസർ ജയതി ഘോഷ്, ദില്ലി സർവകലാശാലയിലെ ഹിന്ദി പ്രൊഫസർ അപൂർവാനന്ദ്, ഡോക്കുമെൻററി നിർമാതാവ് രാഹുൽ റോയി എന്നിവരെ പരാമർശിക്കുന്നത് ഇന്ത്യയിൽ സ്വതന്ത്ര രാഷ്ട്രീയപ്രവർത്തനത്തിനു കൂച്ചുവിലങ്ങിടാനുള്ള പദ്ധതിയുടെ ഭാഗമാണ്. കമ്യൂണിസ്റ്റ് പാർടിയെ നശിപ്പിക്കാൻ ബ്രിട്ടീഷുകാർ കെട്ടിപ്പടുത്ത മീററ്റ്, കാൺപൂർ ഗൂഡാലോചനക്കേസുകളെയാണ് ഇത് ഓർമിപ്പിക്കുന്നത്.
ജെഎൻയു, ജാമിയ മിലിയ എന്നിവിടങ്ങളിലെ വിദ്യാർത്ഥിനികളായ ദേവാംഗന കലിത, നടാഷ നർവാൾ, ഗുൽഫിഷ ഫാത്തിമ എന്നിവരുടെ മൊഴികളിൽ സീതാറാം അടക്കമുള്ളവരുടെ പേരുകൾ പരാമർശിച്ചിട്ടുണ്ട്. എന്നു പറഞ്ഞാണ് ഈ കുറ്റപത്രത്തിൽ ഇവരുടെ പേരുകൾ നല്കിയിരിക്കുന്നത്.
ജെഎൻയു വിദ്യാർത്ഥിനികളായ ദേവാംഗന കലിതയും നടാഷ നർവാളും പിന്ജ് രാ തോട് എന്ന സംഘടനയുടെ പ്രവർത്തകരാണ്, ഇവർ കഴിഞ്ഞ മേയ് മാസം മുതൽ യുഎപിഎ പ്രകാരം തടവിലാണ്. ഗുൽഫിഷ ഫാത്തിമ ജൂലൈ മുതലും. ഇവരുടെ മൊഴികൾ എന്ന പേരിൽ കോടതിയിൽ ഹാജരാക്കിയ രേഖയിൽ ഇവർ ഒപ്പിടാൻ വിസമ്മതിച്ചു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. സഖാവ് സീതാറാമും യോഗേന്ദ്ര യാദവും അധ്യാപകരായ ജയതിയും അപൂർവാനന്ദും ഈ വിദ്യാർത്ഥികൾക്ക് അക്രമങ്ങൾക്ക് പ്രേരണ നല്കി എന്നാണ് ആരോപണം.
പൗരത്വ ഭേദഗതിയ്ക്കെതിരായി ഇന്ത്യയാകെ നടന്ന പ്രക്ഷോഭത്തെ തുറുങ്കിലടച്ചു ഭയപ്പെടുത്താനാണ് അമിത് ഷായുടെ ദില്ലി പോലീസ് ശ്രമിക്കുന്നത്. ഭാവിയിൽ ഇത്തരം ഒരു ജനകീയ പ്രക്ഷോഭവവും ഉയർന്നു വരാതിരിക്കാനാണ് ഈ പേടിപ്പിക്കൽ. ബ്രിട്ടീഷുകാരെ അതിജീവിച്ച ഇന്ത്യക്കാർ ആർ എസ് എസിനെയും അതിജീവിക്കും എന്നു മാത്രം പറയട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.