തൃശൂർ: രാജ്യത്ത് ആദ്യ കോവിഡ് ബാധ സ്ഥിരീകരിച്ച തൃശൂർ ജില്ലയിൽ ആദ്യ വാനര വസൂരി മരണവും സ്ഥിരീകരിച്ചു. ചാവക്കാട് പുന്നയൂരിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച യുവാവിനാണ് വാനര വസൂരി സ്ഥിരീകരിച്ചത്. സ്രവസാമ്പിളുകൾ ആലപ്പുഴയിലെ വൈറോളജി ലാബിൽ പരിശോധിച്ചതിലൂടെയാണ് രോഗം കണ്ടെത്തിയത്.
വിദേശത്തായിരുന്ന ഇയാൾക്ക് അവിടെനിന്നുതന്നെ രോഗം ബാധിച്ചിരുന്നെന്നാണ് കണ്ടെത്തൽ. വിദേശത്തെ പരിശോധനയിൽ ഫലം പോസിറ്റിവ് ആയിരുന്നെന്ന റിപ്പോർട്ട് യുവാവ് മരിച്ച ദിവസമാണ് ചികിത്സിച്ച സ്വകാര്യ ആശുപത്രി അധികൃതർക്ക് ബന്ധുക്കൾ നൽകിയത്. ജൂലൈ 29ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് 30നാണ് മരിച്ചത്.
ജൂലൈ 21നാണ് യു.എ.ഇയിൽനിന്ന് എത്തിയത്. പനി ഉണ്ടായിരുന്നതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് വീട്ടിലേക്ക് വന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തി. മരിച്ച യുവാവിന് വിപുലമായ സമ്പർക്കം ഉണ്ടായിരുന്നതായാണ് ആരോഗ്യ വകുപ്പ് വൃത്തങ്ങൾ പറയുന്നത്.
റൂട്ട് മാപ് തയാറാക്കിയിട്ടുണ്ട്. 21ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് നാലുപേരാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. സമ്പർക്കം പുലർത്തിയവരെല്ലാം സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. ചൈനയിലെ വുഹാനിൽനിന്ന് എത്തിയ തൃശൂർ ജില്ലയിൽനിന്നുള്ള മെഡിക്കൽ വിദ്യാർഥിനിക്ക് 2020 ജനുവരി 30നാണ് കോവിഡ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.