പാലക്കാട്: സംസ്ഥാനം വൻ സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുമ്പോൾ തദ്ദേശഭരണ സ്ഥാപനങ്ങളിൽനിന്നും കോടികൾ പിരിച്ചെടുത്ത് സർക്കാറിന്റെ തദ്ദേശ ദിനാഘോഷം. വകുപ്പ് മന്ത്രിയുടെ മണ്ഡലമായ തൃത്താലയിലെ ചാലിശ്ലേരിയിൽ ഫെബ്രുവരി 18, 19 തീയതികളിൽ നടക്കുന്ന മേളയുടെ ചെലവിലേക്ക് അഞ്ചുലക്ഷം മുതൽ 30,000 രൂപവരെ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ക്വോട്ട നിശ്ചയിച്ച് അഡീഷനൽ ഡയറക്ടർ ഉത്തരവ് നൽകി. മേള വിപുലമായി സംഘടിപ്പിക്കാനാണ് തീരുമാനമെന്നും പരിപാടിയുടെ നടത്തിപ്പിന് വിഹിതം നൽകണമെന്നും ഉത്തരവിൽ പറയുന്നു.
രണ്ടുദിവസത്തെ പരിപാടികൾക്ക് അഞ്ചര കോടിയിലേറെ രൂപയാണ് സംസ്ഥാന സർക്കാർ തദ്ദേശഭരണ സ്ഥാപനങ്ങളിൽനിന്നും പിരിച്ചെടുക്കുന്നത്. കോർപറേഷനുകൾ അഞ്ചുലക്ഷവും ജില്ല പഞ്ചായത്തുകൾ രണ്ടുലക്ഷവും നഗരസഭകൾ 1,25,000 രൂപയും േബ്ലാക്ക് പഞ്ചായത്തുകൾ 70,000 രൂപയും ഗ്രാമപഞ്ചായത്ത് 30,000 രൂപയും വിഹിതമായി നൽകണമെന്നും തുക പ്രിൻസിപ്പൽ ഡയറക്ടറുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കണമെന്നും ഉത്തരവിൽ പറയുന്നു. പണം നൽകിയ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വിവരങ്ങൾ ജോയന്റ് ഡയറക്ടർമാർ, ഡയറക്ടറേറ്റിനെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്.
സംസ്ഥാനത്ത് 941 ഗ്രാമപഞ്ചായത്തുകളും 152 േബ്ലാക്ക് പഞ്ചായത്തുകളും 87 നഗരസഭകളും 14 ജില്ല പഞ്ചായത്തുകളും ആറു കോർപറേഷനുകളുമാണുള്ളത്. കഴിഞ്ഞവർഷം തദ്ദേശ ദിനാഘോഷത്തിന് വളരെ കുറഞ്ഞ തുകയാണ് സർക്കാർ പിരിച്ചെടുത്തിരുന്നത്. കോർപറേഷനുകൾ -50,000, നഗരസഭകൾ -25,000, ജില്ല പഞ്ചായത്ത് -25,000, േബ്ലാക്ക് പഞ്ചായത്തുകൾ -12,500, ഗ്രാമപഞ്ചായത്ത് -7500 എന്നിങ്ങനെയായിരുന്നു ക്വോട്ട. കോവിഡിനുശേഷം ഒട്ടുമിക്ക തദ്ദേശസ്ഥാപനങ്ങളും തനതുവരുമാനമില്ലാെത കടുത്ത പ്രതിസന്ധിയിലാണ്. ദൈനംദിന ചെലവുകൾക്കുപോലും ബുദ്ധിമുട്ടുമ്പോഴാണ് സർക്കാറിന്റെ രണ്ടു ദിവസത്തെ മേളക്ക് വൻതുക നിർബന്ധിച്ച് പിരിച്ചെടുക്കാനുള്ള നീക്കം. തദ്ദേശഭരണ സ്ഥാപനങ്ങളിൽനിന്ന് ദിനാഘോഷത്തിന് വരുന്ന പ്രതിനിധികളുടെ താമസം ബന്ധപ്പെട്ട സെക്രട്ടറിമാർതന്നെ ഉറപ്പുവരുത്തണമെന്നും സംഘാടകർക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കില്ലെന്നും മറ്റൊരു ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.