കോഴിക്കോട്: എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന് വിമാന യാത്രാ വിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ വിമാനക്കമ്പനിക്ക് എതിരെ സി.പി.എം നേതാവ് എം. പ്രകാശൻ. ഇൻഡിഗോ കമ്പനി ബി.ജെ.പിയുടെ കളിപ്പാവ (പപ്പറ്റ്) ആണെന്ന് അദ്ദേഹം ആരോപിച്ചു. മിഡിയവൺ ചാനലിന്റെ സ്‍പെഷൽ എഡിഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അങ്ങനെയെങ്കിൽ ഇൻഡിഗോയെ ബഹിഷ്കരിക്കാൻ സി.പി.എം തീരുമാനിക്കുമോ എന്ന ചോദ്യത്തോട് 'അത് പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും വ്യക്തി എന്ന നിലയിൽ ഇനി ആ കമ്പനിയുടെ വിമാനത്തിൽ കയറില്ലെന്ന് തീരുമാനമെടുക്കാൻ ഇ.പിക്ക് അധികാരമുണ്ട്' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ വന്നവരെ തടയുകയാണ് ഇ.പി ചെയ്തത്. ഇത് നീതിയും നിയമവും സംരക്ഷിക്കാനുള്ള പ്രവൃത്തിയാണ്. ഒരാളെ അക്രമിക്കാൻ രണ്ടുപേർ ഒന്നിച്ചു പോകുന്നു, അത് ഇ.പി തടയുന്നു. ഇന്ത്യൻ നിയമത്തിൽ അക്രമികളെ സ്വയരക്ഷക്ക് വേണ്ടി വധിച്ചാൽ പോലും അത് ശിക്ഷാർഹമല്ലാത്ത ഒന്നാണ്. അതാണ് ഇ.പി. ചെയ്തത്' -പ്രകാശൻ പറഞ്ഞു.
ഇൻഡിഗോയും വ്യോമയാന മന്ത്രാലയവും കോൺഗ്രസിന് അനുകൂലമായി തീരുമാനമെടുക്കുകയാണ്. പഴയ രാഹുൽ ബ്രിഗേഡായ ജ്യോതിരാദിത്യ സിന്ധ്യയാണ് കേന്ദ്ര വ്യോമയാന മന്ത്രി. കോൺഗ്രസിലുള്ളവരൊക്കെ ബി.ജെ.പിയിലേക്കാണല്ലോ പോകുന്നത്. അത്തരത്തിൽ അവർ തമ്മിൽ ബന്ധമുണ്ട്. അതുകൊണ്ടാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ജ്യോതിരാദിത്യക്ക് കത്തയച്ചത്. ഇതിന്റെ തുടർച്ചയായാണ് വിവേചനപരമായി ഇൻഡിഗോ ഇ.പി. ജയരാജന് വിലക്കേർപ്പെടുത്തിയത് -പ്രകാശൻ മാസ്റ്റർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.