അനിരു അശോകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വിതരണം തകിടം മറിഞ്ഞതോടെ ജനങ്ങളുടെ കഞ്ഞികുടി മുട്ടിച്ച് നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിക്കുന്നു. അരിക്കും പാലിനും വിലവര്‍ധിച്ചതിനു പുറമേ, പച്ചക്കറിക്കും പഴവര്‍ഗങ്ങള്‍ക്കും വെള്ളിച്ചെണ്ണക്കും ഇറച്ചിക്കുമെല്ലാം തൊട്ടാല്‍ പൊള്ളുന്ന വിലയാണ്. തമിഴ്നാട്ടിലും ആന്ധ്രയിലും കടുത്തവരള്‍ച്ചമൂലം പ്രാദേശിക ഉല്‍പാദനം കുറഞ്ഞതും സപൈ്ളകോയുടെ അനാസ്ഥയുമാണ് വിലവര്‍ധനക്ക് കാരണം.
കഴിഞ്ഞയാഴ്ച തലസ്ഥാനത്തെ പൊതുവിപണിയില്‍ 105 രൂപ വിലയുണ്ടായിരുന്ന വെളിച്ചെണ്ണക്ക് ശനിയാഴ്ച 168 രൂപയായി. മുരിങ്ങക്ക ഒഴികെ പച്ചക്കറിക്കെല്ലാം രണ്ടിരട്ടിവിലയാണ്. കഴിഞ്ഞയാഴ്ച 20 രൂപയുണ്ടായിരുന്ന പടവലം, വെള്ളരി എന്നിവ 50 രൂപയിലേക്ക് ഉയര്‍ന്നു. ഏഴുദിവസം മുമ്പ് 30 രൂപയായിരുന്ന ഒരു കിലോ ബീന്‍സ് ശനിയാഴ്ച 110-120 രൂപയിലേക്ക് എത്തി. രണ്ടാഴ്ച മുമ്പ് 18 രൂപയായിരുന്ന അമരക്കക്ക് ഇപ്പോള്‍ വില 80. വെണ്ട 20 രൂപയില്‍ നിന്ന് 70ലേക്കത്തെി. തക്കാളി, വള്ളിപ്പയര്‍, മത്തന്‍ എന്നിവക്കെല്ലാം കഴിഞ്ഞ ആഴ്ചത്തെക്കാളും രണ്ടിരട്ടി വില വര്‍ധിച്ചിട്ടുണ്ട്. സാധാരണക്കാരന് അത്താണിയാകേണ്ട ഹോട്ടികോര്‍പിലും പൊതുവിപണിയെക്കാള്‍ വില കൂടുതലാണ്.
നാടന്‍ കോവക്കക്ക് പൊതുവിപണിയില്‍ 20 രൂപയാണെങ്കില്‍ ഹോര്‍ട്ടികോര്‍പില്‍ 23 രൂപയാണ് വില. അതുപോലെ വലിയചേമ്പ്, നാടന്‍വെള്ളരി, മരച്ചീനി എന്നിവക്കും അമിതവിലയാണ് ഈടാക്കുന്നത്. നാടന്‍ പച്ചക്കറി എന്നപേരിലാണ് ഇവയുടെ വില വര്‍ധിപ്പിച്ചിരിക്കുന്നത്. കൊടുംചൂടുമൂലം തമിഴ്നാട്ടില്‍ ഇറച്ചിക്കോഴി ഉല്‍പാദനം മന്ദഗതിയിലായതോടെ കോഴി വിലയും റെക്കോഡിലേക്കാണ്. ഞായറാഴ്ച തലസ്ഥാനത്തെ പൊതുവിപണിയില്‍ കോഴിക്ക് 125ഉം ഇറച്ചിക്ക് 190 രൂപയുമായി. വരും ദിവസങ്ങളില്‍ വില വീണ്ടും ഉയരാന്‍ സാധ്യതയുണ്ട്. കോഴിവില ഉയരുന്നതോടെ വരും ദിവസങ്ങളില്‍ മാട്ടിറച്ചിക്കും ആട്ടിറച്ചിക്കും വില വര്‍ധിക്കും.
ആപ്പിള്‍, ഓറഞ്ച്, മുന്തിരി തുടങ്ങിയ പഴവര്‍ഗങ്ങള്‍ക്കും വില 80ന് മുകളിലാണ്. കഴിഞ്ഞ ആഴ്ച 100 രൂപയായിരുന്ന മാതളം 140ലത്തെി. കിലോക്ക് 25 രൂപയുണ്ടായിരുന്ന റോബസ്റ്റക്ക് 35 രൂപയായി. ഏത്തപ്പഴത്തിന് പൊതുവിപണിയില്‍ 55 രൂപയാണ്. പലവ്യഞ്ജനത്തിലും സാധാരണക്കാരന് കൈ പൊള്ളിത്തുടങ്ങി. 130 രൂപയായിരുന്ന വെളുത്തുള്ളി 160ലേക്കും 38 രൂപയായിരുന്ന പഞ്ചസാരയുടെ വില 46ലുമത്തെി. കഴിഞ്ഞ മൂന്നാഴ്ചക്കുള്ളില്‍ ആറു മുതല്‍ 10 രൂപയുടെ വര്‍ധനയാണ് അരിക്കുണ്ടായത്. 32രൂപയായിരുന്ന ജയ അരിക്ക് ശനിയാഴ്ച പൊതുവിപണിയില്‍ 43 രൂപയായി. 36 രൂപയായിരുന്ന സുരേഖ അരിക്ക് മൂന്ന് രൂപവര്‍ധിച്ചു. തിങ്കളാഴ്ച മുതല്‍ അരി വില വീണ്ടും വര്‍ധിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. തലസ്ഥാനത്തെ തീരദേശമേഖലകളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് കഴിഞ്ഞ മൂന്നുമാസമായി റേഷന്‍ കിട്ടിയിട്ടില്ല. സപൈ്ളകോ വഴി സബ്സിഡി നിരക്കില്‍ പ്രതിമാസം 10 കിലോ അരി വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഇവിടെയും അരി കിട്ടാത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.