തിരുവനന്തപുരം: കോവിഡ് മഹാമാരിയിൽ ജോലിയും വരുമാനവും നഷ്ടപ്പെട്ട് നടുവൊടിഞ്ഞ സാധാരണക്കാരന് അധികഭാരം അടിച്ചേൽപ്പിച്ച് സർക്കാർ. ഏറ്റവുമൊടുവിൽ വൈദ്യുതി നിരക്ക് കൂടി വർധിപ്പിച്ച സർക്കാർ അധികം വൈകാതെ വെള്ളക്കരവും കൂട്ടുമെന്ന ആശങ്കയിലാണ് ജനം. വിലക്കയറ്റത്തിന്‍റെ രൂക്ഷതയിൽ കുടുംബജറ്റുകൾ താളംതെറ്റുമ്പോഴാണ് ഒന്നിനുപിറകെ ഒന്നായി നിരക്ക് വർധന. ഇന്ധനവില, പാചകവാതക വില, നിത്യോപയോഗ സാധന വില, ബസ്-ഓട്ടോ ചാർജ്, കെട്ടിടനികുതി എന്നിവയുടെ വർധനക്ക് പിന്നാലെയാണ് ഒടുവിൽ വൈദ്യുതി ചാർജും കൂട്ടിയത്. ഇത് താങ്ങാവുന്നതിലപ്പുറമാണെന്നാണ് പൊതുഅഭിപ്രായം. 2014ൽ 410 രൂപയായിരുന്ന പാചകവാതക വില 2022 ആയപ്പോൾ 1000 രൂപയായി.
വീട്ടിലെത്തണമെങ്കിൽ 1060 രൂപ കൊടുക്കണം. എക്സൈസ് തീരുവ എട്ടുരൂപ പെട്രോളിനും ആറുരൂപ ഡീസലിനും കുറച്ചെങ്കിലും ഇന്ധനവില ജനത്തിന് അധികഭാരം തന്നെയാണ് ഇപ്പോഴും. പച്ചക്കറി ഉൾപ്പെടെ നിത്യോപയോഗ സാധന വില ഇപ്പോഴും ഉയർന്നുതന്നെയാണ്. 100 കടന്ന തക്കാളിവില വിപണിയിൽ സർക്കാർ ഇടപെടൽ ഉണ്ടായിട്ടുപോലും 70ൽ മാത്രേമ എത്തിയിട്ടുള്ളൂ. അരി, മുളക്, വാഴപ്പഴം വിലയിലും കാര്യമായ കുറവ് ഇപ്പോഴുമില്ല.എല്ലാം കൂട്ടിയപ്പോൾ ബസ്, ഓട്ടോ-ടാക്‌സി നിരക്ക് പുതുക്കി. ബസ് ചാര്‍ജ് മിനിമം 10 രൂപയാക്കിയും ഓട്ടോ മിനിമം ചാര്‍ജ് 30 രൂപയായും ഉയർത്തി.
കഴിഞ്ഞദിവസം കെട്ടിട നികുതിയും കുത്തനെ കൂട്ടി. സൗജന്യ പരിധി 600 ചതുരശ്ര അടിയിൽ നിന്ന് 538 ചതുരശ്ര അടിയാക്കിയതോടെ കൂടുതൽ കെട്ടിടങ്ങൾ നികുതി നൽകേണ്ട പരിധിയിലേക്ക് വന്നു. ഇതിനൊക്കെ പുറമെയാണ് വെള്ളക്കരം കൂട്ടാനുള്ള നീക്കം.ഗാർഹിക ഉപയോക്താക്കൾക്ക് ലിറ്ററിന് ഒരുപൈസ വർധിപ്പിക്കാനാണ് ജലഅതോറിറ്റി ശിപാർശ. ഗാർഹികേതര, വ്യവസായ കണക‍്ഷനുകൾക്ക് ഉപയോഗം അനുസരിച്ച് നിരക്ക് വർധിപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ അഞ്ചുശതമാനം വർധന നടപ്പാക്കിയിരുന്നു. ഗാർഹിക, ഗാർഹികേതര, വ്യവസായിക കണക്ഷനുകളിലെ എല്ലാ സ്ലാബുകളിലും അഞ്ച് ശതമാനത്തോളം വർധനയാണ് വരുത്തിയത്.
ബാധ്യത ജനങ്ങളുടെ തലയില്‍ കെട്ടിവെക്കുന്നു-വി.ഡി. സതീശൻ
കൊച്ചി: അഴിമതിയും കെടുകാര്യസ്ഥതയും കാരണം കെ.എസ്.ഇ.ബിയില്‍ ഉണ്ടായ സമ്പത്തിക പ്രതിസന്ധിയുടെ ബാധ്യത വൈദ്യുതി ചാര്‍ജ് വര്‍ധനയിലൂടെ ജനങ്ങളുടെ തലയില്‍ കെട്ടിവെക്കുന്നത് പ്രതിഷേധാര്‍ഹമാണന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജനം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്നതിനിടെ കൂടുതല്‍ ഭാരം അടിച്ചേൽപിച്ചത് നീതീകരിക്കാനാകില്ല.
നിരക്ക് വര്‍ധനകള്‍ അടിച്ചേൽപിക്കുന്ന സര്‍ക്കാര്‍ ആളുകള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാക്കരുതെന്നും അദ്ദേഹം കൊച്ചിയിൽ വാർത്തലേഖകരോട് പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. നികുതി പിരിവില്‍ ദയനീയമായി പരാജയപ്പെട്ടതും സര്‍ക്കാറിന്റെ ദുര്‍ചെലവുകളുമാണ് സംസ്ഥാനത്തെ ഈ അവസ്ഥയില്‍ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.