കോഴിക്കോട്: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഒരു മുസ്‌ലിം പ്രതിനിധി പോലും ഇല്ലാതെ കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭ അധികാരത്തിലേറിയിട്ടും പ്രതിപക്ഷ പാർട്ടികൾ അടക്കം തുടരുന്ന മൗനം ഞെട്ടിപ്പിക്കുന്നതാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ.
1999 മുതൽ 2022 വരെ എൻ ഡി എ മന്ത്രിസഭയിൽ പേരിനെങ്കിലും മുസ്‌ലിം പ്രതിനിധി ഉണ്ടായിരുന്നു. രാജ്യസഭയിലൂടെ പാർലമെൻറിൽ എത്തിച്ചാകും ക്രിസ്ത്യൻ പ്രതിനിധിയായ ജോർജ് കുര്യനെ മന്ത്രിയാക്കുന്നത്. എന്നാൽ 15 ശതമാനം വരുന്ന 22 കോടി മുസ്‌ലിംകളുടെ പ്രതിനിധി മന്ത്രിസഭയിൽ ഉണ്ടാവണമെന്ന് തോന്നാത്ത മുസ്‌ലിം വിരുദ്ധ നിലപാടിനെതിരെ പ്രതിപക്ഷ പാർട്ടികൾ പോലും മിണ്ടാതിരിക്കുന്നത് ഭരണഘടന വിഭാവന ചെയ്യുന്ന മതേതര സങ്കൽപത്തെ തന്നെ തകർക്കുന്നതാണ്.
ഗണ്യമായ ഒരു ജനതയെ അധികാരത്തിൽ നിന്നും സ്ഥാനമാനങ്ങളിൽ നിന്നും മാറ്റി നിർത്തി പൂർണമായും അന്യവത്കരിക്കുന്ന അത്യന്തം ഹീനമായ നിലപാടിനെതിരെ സെക്കുലറിസം തൊട്ട് ആണയിടുന്ന കോൺഗ്രസ് അടക്കമുള്ള കക്ഷികൾ മൗനം വെടിയണം. ലോകത്തിന് മുന്നിൽ രാജ്യം നാണം കെടുന്നു എന്ന് മാത്രമല്ല ഈ രാജ്യത്തിന്റെ രാഷ്ട്രീയ വ്യവസ്ഥിതിയിൽ തന്നെ മുസ്‌ലിംകൾക്കുള്ള വിശ്വാസം നഷ്ടപ്പെടാനേ ഈ അവസ്ഥ ഉപകരിക്കു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങിയ കനത്ത തിരിച്ചടിയിൽ നിന്ന് പാഠം ഉൾക്കൊള്ളാതെ തുടരുന്ന കൊടും വർഗീയ കാഴ്ചപ്പാട് ഹിന്ദുത്വ ശക്തികളെ കൂടുതൽ നാശത്തിലേക്കേ നയിക്കൂ. സംഘ പരിവാറിന്റെ വർഗീയ നിലപാടുകളോട് ഇന്ത്യയിലെ ജനങ്ങൾക്ക് താൽപര്യമില്ലെന്നതു കൂടിയാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠമെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.