കോഴിക്കോട്: ഇന്ത്യൻ നാഷനൽ ലീഗിൽ വിഭാഗീയത തുടരുകയും അണിയറയിൽ അനുരഞ്ജന ശ്രമങ്ങൾ നടക്കുന്നതിനുമിടെ അഖിലേന്ത്യ പ്രസിഡൻറ് മുഹമ്മദ് സുലൈമാൻ ശനിയാഴ്ച കേരളത്തിൽ.
കാസർകോട്ട് സംസ്ഥാന നേതാവിെൻറ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് എത്തുന്നതെങ്കിലും ഭാരവാഹികളുമായും മധ്യസ്ഥത വഹിക്കുന്ന ഡോ. അബ്ദുൽ ഹക്കീം അസ്ഹരിയുമായും ചർച്ച നടത്തുമെന്ന് അറിയുന്നു. എറണാകുളത്ത് നടന്ന ഭാരവാഹി യോഗത്തിനിടെ ഉണ്ടായ ബഹളവും കൈയാങ്കളിയും സംഘടനയിൽ വലിയ പൊട്ടിത്തെറി ഉണ്ടാക്കിയിരുന്നു. തുടർന്ന് സംസ്ഥാന പ്രസിഡൻറ് എ.പി. അബ്ദുൽ വഹാബിനെ പുറത്താക്കിയത് അഖിലേന്ത്യ പ്രസിഡൻറായിരുന്നു. പിന്നീട് അഖിലേന്ത്യ കമ്മിറ്റിയെ തള്ളി വഹാബ് രംഗത്തുവരുകയും ചെയ്തു. ഇതിനിടയിലാണ് കാന്തപുരം വിഭാഗത്തിെൻറ യുവ നേതാവ് ഡോ. അബ്ദുൽ ഹക്കീം അസ്ഹരി അനുരഞ്ജന ശ്രമങ്ങൾക്ക് തുടക്കം കുറിച്ചത്.
വഹാബ് വിഭാഗവുമായും കാസിം ഇരിക്കൂർ വിഭാഗവുമായും ഹക്കീം അസ്ഹരി ഇതിനകം രണ്ടുവട്ടം ചർച്ച നടത്തി. പ്രശ്നം പരിഹരിക്കുന്നതിൽ അഖിലേന്ത്യ നേതൃത്വത്തിെൻറ നിലപാട് നിർണായകമായതിനാൽ മുഹമ്മദ് സുലൈമാനുമായി ചർച്ച നടത്തിയശേഷം തുടർനീക്കം നടത്താനാണ് ആലോചനയെന്ന് അറിയുന്നു. അതിനിടെ, കാസിം വിഭാഗം മെംബർഷിപ് കാമ്പയിനുമായി മുന്നോട്ടുപോവുകയാണ്. വഹാബ് പക്ഷമാകട്ടെ പുതിയ നാഷനൽ യൂത്ത്ലീഗ് കമ്മിറ്റി രൂപവത്കരിക്കുകയും പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയും ചെയ്യുന്നു. വിഘടിച്ചുനിന്നാൽ മുന്നണിയിൽനിന്ന് പുറത്തുപോകേണ്ടി വരുമെന്ന എൽ.ഡി.എഫ് മുന്നറിയിപ്പുള്ളതിനാൽ പരസ്യ പ്രസ്താവനകളിൽനിന്ന് ഇരുവിഭാഗവും വിട്ടുനിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.