ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മമ്മൂട്ടിക്കൊപ്പം ഇന്നസെന്‍റ്

‘ഞാൻ റെഡിയാണ് പിണറായി സഖാവിനോട് പറഞ്ഞേക്ക്’

കമ്യൂണിസ്റ്റുകാരനാണ് താനും തന്റെ അപ്പനെന്നും ഉറക്കെ പ്രഖ്യാപിച്ച നടനായിരുന്നു ഇന്നസെന്റ്. ആർ.എസ്.പി ക്കാരനായും സ്വതന്ത്രനായും വേഷം മാറേണ്ടി വന്നിട്ടുണ്ടെങ്കിലും ജനപ്രതിനിധിയായത് രണ്ട് തവണ. ഒന്ന് ഇരിങ്ങാലക്കുട 12-ാം വാർഡ് ജനപ്രതിനിധിയായും രണ്ടാമത്തെത് അർബുദ ബാധക്ക് ശേഷം ചാലക്കുടി മണ്ഡലം ലോകസഭാ സ്ഥാനാർഥിയായും. കോൺഗ്രസ് നേതാവ് പി.സി. ചാക്കോയെ പരാജയപ്പെടുത്തിയാണ് ജനപ്രതിനിധിയായത്. സി.പി.എം പിന്തുണയോടെയായിരുന്നു രണ്ട് വിജയങ്ങളും. വീണ്ടും സ്ഥാനാർഥിയായെങ്കിലും പരാജയപ്പെടുകയായിരുന്നു.

പിണറായി വിജയൻ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്ന മുഖവുരയോടെയാണ് ചാലക്കുടിയിലെ ലോകസഭ സ്ഥാനാർഥിയാകാൻ താൽപര്യമുണ്ടോയെന്ന് മമ്മൂട്ടി ചോദിച്ചതെന്ന് ഇന്നസെന്റ് വെളിപ്പെടുത്തിയിട്ടുണ്ട്. അസുഖമടക്കമുള്ളവ ഉള്ളതിനാൽ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ ഇന്നസെന്റിനോട് ആലോചിച്ച് മറുപടി പറയാൻ ആവശ്യപ്പെട്ടു. സുഹൃത്തുക്കളോടും വീട്ടുകാരോടും വിഷയം പറഞ്ഞപ്പോൾ മത്സരിക്കാമെന്ന് തീരുമാനിച്ചു. പിറ്റേന്ന് രാവിലെ തന്നെ മമ്മൂട്ടിയെ വിളിച്ച് പറഞ്ഞു.‘‘ഞാൻ റെഡിയാണ് പിണറായി സഖാവിനോട് പറഞ്ഞേക്ക്’’. അങ്ങനെയാണ് ആശുപത്രിക്കിടക്കയിൽ നിന്ന് തെരഞ്ഞെടുപ്പ് ചൂടിലേക്ക് ഇറങ്ങുന്നത്.

ആളുകളുടെ പ്രതികരണവും ആവേശവും കണ്ടപ്പോൾ അർബുദ ചികിത്സയുടെ ക്ഷീണം പമ്പകടന്നു.വർത്തമാനംപറയുന്ന രീതിയിൽ സംസാരിച്ചും ആളുകളെ സന്തോഷിപ്പിച്ചുമായിരുന്നു പ്രചാരണം. അങ്കമാലിയിൽ ഒരു യു.ഡി.എഫ് നേതാവ് പ്രസംഗിച്ചത് അഞ്ചു കൊല്ലം ഇന്നസെന്റ് ജീവിച്ചിരിക്കും എന്നതിന് എന്താണുറപ്പ് എന്നായിരുന്നു. സഹതാപ തരംഗത്തിൽ കുറേ വോട്ട് കിട്ടാൻ ഇതും ഇടയാക്കിയെന്ന് അദ്ദേഹം സമ്മതിച്ചിരുന്നു. സുരേഷ്ഗോപിയുടെ നെഹ്റു കുടുംബത്തിനെതിരായി നടത്തിയ പ്രസംഗവും തുറന്ന ജീപ്പിൽ പോകുമ്പോൾ പുളിയുറുമ്പ് കൂട്ടം ദേഹത്ത് വീണതുമൊക്കെ ഇന്നസെന്റ് പല വേദികളിലും പങ്കുവെച്ചിരുന്നു. ആദ്യമായി പാർലമെന്റിന്റെ ഉള്ളിലേക്ക് കയറിയപ്പോൾ തൃശൂർ കാഴ്ചബംഗ്ലാവലേക്ക് കേറുന്ന കൗതുകമായിരുന്നെന്ന് അദ്ദേഹം ഓർമക്കുറിപ്പിൽ എഴുതി. ആദ്യംഒപ്പിടൽ. ഉള്ളിൽ കടന്നപ്പോൾ കുറേ ബഞ്ചും ഡസ്കും. ജീവിതം ഇങ്ങനെ സംസാരിച്ച് തീർന്നു പോകുമോ എന്ന് ഭയന്ന രാഹുൽ ഗാന്ധിയെയും എങ്ങനെയെങ്കിലും പ്രധാനമന്ത്രിയായി തുടർന്നാൽ മതിയെന്ന പോലെ പെരുമാറുന്ന നരേന്ദ്ര മോദിയെയും അവിടെ കണ്ടുവെന്ന് ഇന്നസെന്റ് .

ജയത്തേക്കാളേറെ തോൽവിയെക്കുറിച്ചുള്ള ഓർമകളാണ് ഇന്നസെന്റ് കൂടുതൽ എഴുതിയിട്ടുള്ളത്. ‘‘എന്റെ ജീവിതത്തിൽ സ്കൂൾ കാലഘട്ടം മുതൽ തോൽവിയായിരുന്നു അധികം സംഭവിച്ചത്. രണ്ടാമതും ചാലക്കുടിയിൽ നിന്ന് മത്സരിച്ച് തോറ്റ തെരഞ്ഞെടുപ്പിൽ തീർച്ചയായും ജയിക്കും എന്ന് കണക്ക് കൂട്ടിയിരുന്നു. വോട്ടെണ്ണൽ ദിവസം അടുത്ത ബന്ധുക്കളെ വീട്ടിലേക്ക് വിളിച്ചു. സമൃദ്ധമായ സദ്യയൊരുക്കി. ജോസ് ചിറ്റിലപ്പിള്ളി ഉൾപ്പെടെ പ്രവർത്തകർ എത്തി. എണ്ണൽ തുടങ്ങി. ആദ്യമൊക്കെ മുന്നിലായിരുന്നു. ഇത് കുറേ കേട്ടിട്ടുണ്ട് എന്ന മട്ടിൽ ഞാനിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ഞാൻ പിറകിലായിത്തുടങ്ങി. അയാളുടെ ഭൂരിപക്ഷം കുറച്ച് കൂടെ മുകളിലേക്ക് കേറിയപ്പോൾ ജോസ് പറഞ്ഞു ‘കയ്പമംഗലം’ എണ്ണീട്ടില്ല്യ. വൈകാതെ അതിന്റെ കാര്യത്തിൽ തീരുമാനമായി. ഞാൻ തോറ്റു’’.

ശരിയുടെ കൂടെ നിൽക്കാൻ പഠിപ്പിച്ച അപ്പൻ

കമ്യൂണിസ്റ്റായാലും കോൺഗ്രസായാലും ശരിയുടെ കൂടെ നിൽക്കണം എന്ന് പഠിപ്പിച്ചത് അപ്പനാണെന്ന് ഇന്നസെന്റ്. ഇ.എം.എസായിരുന്നു അപ്പന്റെ ഇഷ്ട നേതാവ്. അപ്പൻ കട നടത്തുമ്പേഴും ഓരോ ദിവസവും ശ്രമിച്ചത് പുതിയൊരാളെ കമ്യൂണിസ്റ്റാക്കാനാണ്. അതിനാൽ പാർട്ടി വളർന്നെങ്കിലും അപ്പന്റെ കച്ചവടം പൊട്ടിപ്പോയി.

തീപ്പെട്ടിക്കമ്പനി നടത്തുന്ന സമയത്ത് ഇന്നസെന്റ് ആർ.എസ്.പിയിൽ ആയിരുന്നു. ആ കമ്പനിയിൽ ട്രേഡ് യൂനിയൻ വേണമെന്ന് പാർട്ടി ആവശ്യപ്പെട്ടപ്പോൾ ആർ.എസ്.പി വിടുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അപ്പോഴാണ് ഇരിങ്ങാലക്കുട നഗരസഭ തെരഞ്ഞെടുപ്പ് വരുന്നത്. 12-ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ കമ്യൂണിസ്റ്റ് പാർട്ടി പിന്തുണച്ചു.

രണ്ടില ചിഹ്നത്തിൽ മത്സരിച്ച അദ്ദേഹം വിജയിച്ചപ്പോൾ പിതാവിന്റെ പ്രതികരണം രസകരമായിരുന്നു ‘വാർഡിൽ ഇത്രയധികം വിഡ്ഡികളുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്.’’.

Tags:    
News Summary - Innocent's political career

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.