പോഴന്മാരുടെ ഭരണം അറബിക്കടലില്‍, ആവിക്കല്‍സമരം സിന്ദാബാദ്; കുറിപ്പ് വൈറൽ

മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ ആവിക്കൽതോടിൽ സമരം നടത്തുന്നത് തീവ്രവാദികളാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ​പ്രസ്താവനക്കെതിരെ ​സമൂഹമാധ്യമത്തിൽ പ്രതിഷേധ കവിത. സാമൂഹിക പ്രവർത്തകനും ചിന്തകനുമായ ഡോ. ആസാദ് ആണ് ഫേസ്ബുക്കിൽ കവിത പങ്കുവച്ചത്. നേരത്തേ ഗോവിന്ദന്റെ ​പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധവുമായി ആവിക്കൽ തോട് ജനകീയ സമരസമിതിയും രംഗത്തുവന്നിരുന്നു. ശനിയാഴ്ച ​വൈകീട്ട് ആറോടെ സമരസമിതിയുടെ നേതൃത്വത്തിൽ നൂറുകണക്കിനാളുകൾ പ​ങ്കെടുത്ത പ്രതി​ഷേധ പ്രകടനം നടന്നു. തുടർന്ന് പ്രതിഷേധക്കാൻ എം.വി. ഗോവിന്ദന്റെ കോലവും കത്തിച്ചു.

കഴിഞ്ഞ ദിവസം കണ്ണൂർ ​പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസിൽ പ​ങ്കെടുത്താണ് വിഴിഞ്ഞത്ത് സമരം ​ചെയ്യുന്നവർ തീവ്രവാദികളല്ലെന്നും എന്നാൽ ആവിക്കൽ തോട് സമരക്കാർ തീവ്രവാദികളാ​ണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞത്. വിഴിഞ്ഞത്തെ പോലെയുള്ള സമരമല്ല ആവിക്കൽ തോടിൽ നടക്കുന്നത്. പാർട്ടികൾ ഒറ്റക്കെട്ടായി തീരുമാനിച്ചശേഷം ചില ആളുകൾ അതി​നെ വർഗീയമാക്കി മാറ്റി. ആവിക്കൽ സമരത്തിനുപിന്നിൽ തീവ്രവാദികളാണ്. ഉള്ളത് ഉള്ളതുപോലെ പറയുന്നതാണ് പാർട്ടി രീതി. ദേശീയപാത വിരുദ്ധ സമരത്തിലും തീവ്രവാദ നിലപാടുകാരാണ് ഉണ്ടായിരുന്നത് എന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ പിന്നീട് ആവിക്കലിൽ സമരം ചെയ്യുന്നവരെല്ലാം തീവ്രവാദികളെന്ന് പറഞ്ഞിട്ടില്ലെന്നും വർഗീയ വാദികൾ സമരത്തെ സ്വാധീച്ചുവെന്നാണ് പറഞ്ഞത് എന്നും എം.വി. ഗോവിന്ദൻ തിരുത്തിയിരുന്നു.


ഡോ. ആസാദിന്‍റെ കുറിപ്പിന്റെ പൂർണരൂപം

ആവിക്കല്‍ സമരത്തിലെ തീവ്രവാദിയെ

തേടിപ്പോയതായിരുന്നു ഞാന്‍.

അപ്പോഴാണറിഞ്ഞത്

അയാളുടെ സഹോദരര്‍ മുത്തങ്ങയിലും

മൂലമ്പിള്ളിയിലും ഉണ്ടായിരുന്നു.

തോട്ടപ്പള്ളിയിലും തൊവരിമലയിലും

പാലിയേക്കരയിലുമുണ്ടായിരുന്നു.

അവരുടെ അച്ഛനമ്മമാരും മോശക്കാരല്ല.

അവര്‍ പട്ടിണിജാഥയില്‍ ചേര്‍ന്നിരുന്നു.

അമരാവതിയിലും അയ്യപ്പന്‍കോവിലിലും

കുടിയൊഴിക്കപ്പെട്ടവരെ തുണച്ചിരുന്നു

മിച്ചഭൂമിസമരത്തില്‍ പങ്കെടുത്തതിന്

മര്‍ദ്ദനമേറ്റ് ജെയിലില്‍ കഴിഞ്ഞിട്ടുണ്ട്.

മുത്തശ്ശനെയും മുത്തശ്ശിയെയും കുറിച്ച്

അവരുടെ തീവ്രാഭിമാനം കാണണം!

അവര്‍ പുന്നപ്രയിലും വയലാറിലും

വാരിക്കുന്തം കൂര്‍പ്പിച്ചവരാണ്.

കയ്യൂരില്‍ പൊലീസുകാരനെക്കൊണ്ട്

ചെങ്കൊടി ചുമപ്പിച്ചവരാണ്.

രക്തസാക്ഷികളെ ആവശ്യമുണ്ട് എന്ന

പരസ്യംകണ്ട് പണ്ടേ ഇങ്ങിത്തിരിച്ചവരാണ്.

തെലങ്കാനയിലവര്‍ വാര്‍ദ്ധക്യം മറന്ന്

സുന്ദരയ്യയെ തേടിപ്പോയിട്ടുണ്ട്.

രണദിവേപാലവും എ കെ ജിപ്പാലവും

കടന്നു പ്രകടനം നയിച്ചിട്ടുണ്ട്.

ആവിക്കലെ തീവ്രവാദിയോടു

ചെങ്കൊടിചൂടി ഞാന്‍ കല്‍പ്പിച്ചു

''നീ തീവ്രവാദമൊഴിയണം.

അച്ഛന്റെയും അച്ഛച്ഛന്റെയും

തീവ്രവാദബാധയൊഴിക്കണം

ഒപ്പം അമ്മയുടെയും മുത്തശ്ശിയുടെയും .

എന്നിട്ടു മാപ്പപേക്ഷ സമര്‍പ്പിക്കണം.

വിമോചനം സമരത്തിലൂടെയല്ല

സഹകരണത്തിലൂടെയെന്ന് തിരുത്തണം''.

തീവ്രവാദത്തെ എങ്ങനെ ഇല്ലാതാക്കാം?

അവര്‍ നിഷ്കളങ്കം ചോദിച്ചു.

''തീവ്രവാദ പിതാക്കളെ കുടിയിരുത്തണം

പൊന്‍പണത്തിന്റെ മാളികകളില്‍.

അതിനുമേല്‍ ചെങ്കൊടിയുടെ ഊറ്റം

പ്രായശ്ചിത്തമായി പൊലിക്കണം.

കസേരകളില്‍ അള്ളിപ്പിടിക്കണം

കീടങ്ങളെ ഞെരിച്ചു കൊല്ലണം.

കാട്ടുപന്നികളെ വെടിവെക്കണം.

കുടുംബമേളകള്‍ കൊണ്ടാടണം.

അന്നന്നത്തെ ദൈവങ്ങളെ വാഴ്ത്തണം.

സ്വാതന്ത്ര്യദിനത്തിന് മൂവര്‍ണക്കൊടി

ഗണേശോത്സവത്തിന് കാവിക്കൊടി

നേര്‍ച്ചക്ക് പച്ചക്കൊടി

നെഞ്ചില്‍ മങ്ങിയചെങ്കൊടി.

കൊടിയേറ്റങ്ങളുടെ പൊരുളറിയണം.

പടമറന്ന പടനായകരെ മാനിക്കണം.

വികസനത്തിന്റെ മാലിന്യം വിഴുങ്ങണം.

തളികയില്‍ മാംസവും

കോപ്പയില്‍ രക്തവും വിളമ്പണം''.

സഖാവേ, പോവാന്‍ നോക്ക്

നിന്റെ വഴി നിന്റേത് മാത്രം.

മുട്ടുമടക്കികളുടെ വഴി

ചെരിപ്പുനക്കികളുടെ വഴി

മുതലാളിത്തവികസനത്തിന്റെ

എച്ചില്‍നക്കികളുടെ വഴി.

ആവിക്കല്‍സമരത്തിലെ പോരാളികള്‍ക്ക്

നിന്റെ പാര്‍ട്ടിക്ലാസ് വേണ്ടെടാ പോഴാ.

ഞങ്ങള്‍ പോരാളിമുത്തശ്ശന്മാരുടെ പിന്മുറ

തൂക്കിലേറിയ കയ്യൂരിന്റെ മക്കള്‍.

സി പിയുടെ വെടിയുണ്ട തിന്നവര്‍

മുടവന്‍മുകളിലെ മതിലു തകര്‍ത്തവര്‍.

വയലുകളില്‍ ചെങ്കൊടി നാട്ടിയവര്‍.

സ്റ്റോക് എക്സ്ചേഞ്ചില്‍ മണിയടിച്ചവരുടെ

ഉപദേശം ഞങ്ങള്‍ക്കുവേണ്ട.

കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് പൊതുവിഭവം

കൈമാറുന്നവരുടെ സൗജന്യവും വേണ്ട.

ജീവിതം ക്ലേശകരമാകുമ്പോള്‍

സഹനസമരങ്ങള്‍ പൊട്ടിത്തെറിച്ചേക്കും.

മണ്ണിനുവേണ്ടി പൊരുതിയവരുടെ മക്കള്‍

തീവ്രവാദനെറ്റിപ്പട്ടം കണ്ടു വിരളുകയില്ല.

പോഴന്മാരുടെ ഭരണം അറബിക്കടലില്‍.

ആവിക്കല്‍സമരം സിന്ദാബാദ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.