തിരുവനന്തപുരം: വാഹന ഇൻഷുറൻസിലെ വ്യാജന്മാരെ കുടുക്കാൻ 'വാഹനി'ൽ ഏർപ്പെടുത്തിയ പരിഷ്കാരം പൂർണമാകാത്തത് മറ്റുള്ളവർക്കും പാരയാകുന്നു.
ഒാൺലൈൻ സേവനങ്ങൾക്ക് ഉടമകൾ തന്നെ ഇൻഷുറൻസ് നമ്പർ ടൈപ് ചെയ്ത് നൽകുന്നതിനുപകരം ഇൻഷുറൻസ് കമ്പനികളിൽ നിന്ന് നേരിട്ട് വിവരങ്ങൾ വാഹൻ സോഫ്റ്റ് വെയറിലേക്ക് കൈമാറിയായിരുന്നു പുതിയ ക്രമീകരണം. വാഹന നമ്പർ നൽകുേമ്പാൾ തന്നെ ഇൻഷുറൻസ് വിവരങ്ങൾ സോഫ്റ്റ്വെയറിൽ തെളിയുകയും തുടർ സേവന നടപടികളിലേക്ക് കടക്കുകയും ചെയ്യാം.
ആധികാരികമല്ലാത്ത ഇൻഷുറൻസുകളെ ൈകയോടെ പിടികൂടാമെന്ന നിലയിൽ സംവിധാനം ഫലപ്രദമാണെങ്കിലും ഇൻഷുറൻസ് വിവരങ്ങൾ പൂർണമായും വാഹനിൽ ലഭ്യമായിട്ടില്ലെന്നതാണ് ഉടമകളെ വലയ്ക്കുന്നത്.
ആധികാരികമായ ഇൻഷുറൻസാണ് കൈവശമുള്ളതെങ്കിലും സോഫ്റ്റ്വെയറിൽ വിവരങ്ങൾ തെളിഞ്ഞില്ലെങ്കിൽ അടിയന്തര സേവനങ്ങൾക്ക് പോലും കഴിയുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. മോേട്ടാർ വാഹനവകുപ്പ് ഒാഫിസുകൾ വഴിയോ ഇൻഷുറൻസ് കമ്പനിയുടെ ബ്രാഞ്ചുകൾ വഴിയോ പ്രശ്നം പരിഹരിക്കാനാകില്ല.
പോളിസി വിവരങ്ങൾ ഉദ്യോഗസ്ഥർക്ക് കൂട്ടിച്ചേർക്കാൻ കഴിയുമായിരുന്ന സൗകര്യവും ഇപ്പോൾ ഒഴിവാക്കി.
ഇൻഷുറൻസ് കമ്പനികൾക്ക് നേരിേട്ട വാഹൻ സോഫ്റ്റ് വെയറിലേക്ക് വിവരങ്ങൾ കൈമാറാനാകൂ. നികുതി, രജിസ്ട്രേഷൻ പുതുക്കൽ, ഉടമസ്ഥാവകാശം മാറ്റൽ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അടക്കം എല്ലാ സേവനങ്ങൾക്കും ഇൻഷുറൻസ് വിവരങ്ങൾ അനിവാര്യമാണെന്നതിനാൽ സാേങ്കതിക തടസ്സം ഉടമകളെ വലയ്ക്കുകയാണ്.
അതേ സമയം ഓൺലൈനിൽ പോളിസി വിവരങ്ങൾ ഉൾക്കൊള്ളിക്കാത്ത കമ്പനികളെക്കുറിച്ചുള്ള വിവരങ്ങൾ മോട്ടോർ വാഹനവകുപ്പ് കേന്ദ്രത്തിന് കൈമാറിയെന്നാണ് വിവരം.
പുതിയ നിർദേശം സർക്കാർ വാഹനങ്ങളെയും വെട്ടിലാക്കിയിട്ടുണ്ട്. സ്േറ്ററ്റ് ഇൻഷുറൻസ് വകുപ്പിൽ നിന്നാണ് സർക്കാർ വാഹനങ്ങൾക്ക് ഇൻഷുറൻസ് നൽകുന്നത്. ഈ പോളിസി വിവരങ്ങൾ 'വാഹനി'ലേക്ക് നൽകിയിട്ടില്ല. ഇതോടെ സർക്കാർ വാഹനങ്ങളുടെ ഒാൺലൈൻ സേവനങ്ങളും പ്രതിസന്ധിയിലാണ്.
പൊതുമേഖല സ്ഥാപനമാണെന്നതിനാൽ കെ.എസ്.ആർ.ടി.സിക്ക് ഇൻഷുറൻസ് ഇല്ലാതെ സർവിസ് നടത്താം. അതേ സമയം വാഹനിൽ ഇക്കാര്യം പരിഗണിക്കാത്തതോടെ ബസുകളുടെ ഫിറ്റ്നസ് പുതുക്കലടക്കം അവതാളത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.