തിരുവനന്തപുരം: ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഒേട്ടറെ ആനുകൂല്യങ്ങളുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ‘ആവാസ്’ നവംബർ ഒന്നിന് തുടങ്ങാനിരിക്കെ ഇതുവരെയും ഇൻഷുറൻസ് കമ്പനിയെ കണ്ടെത്തിയില്ല. ഇതിനുള്ള ടെൻഡർ നടപടിപോലും എങ്ങുമെത്തിയില്ലെന്നാണ് വിവരം. 15,000 രൂപയുടെ സൗജന്യ ചികിത്സയുടെ തുടക്കവും പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ഇൻഷുറൻസ് കാർഡ് വിതരണവും കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിക്കുന്നത്. എങ്കിലും സമീപകാലത്തൊന്നും ഇൻഷുറൻസ് പ്രകാരമുള്ള ആനുകൂല്യം കിട്ടില്ലെന്ന് ഏതാണ്ട് ഉറപ്പായി.
രണ്ടുലക്ഷം രൂപയുടെ അപകടമരണ ഇൻഷുറൻസും സർക്കാർ പ്രഖ്യാപിച്ചുവെങ്കിലും ഇത് നൽകാൻ സന്നദ്ധരായ ഇൻഷുറൻസ് കമ്പനിയെ ഇതുവരെയും കണ്ടെത്താത്തത് ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. ടെൻഡർ നടപടി പൂർത്തീകരിക്കാൻ ചുരുങ്ങിയത് നാലു മാസമെങ്കിലും വേണം. കരാർ ഒപ്പിടലും അനുബന്ധ നടപടിക്രമങ്ങളുമായി പിന്നെയും കാലതമാസം വരും. രണ്ടു ഘട്ടങ്ങളിലായാണ് തൊഴിൽവകുപ്പ് പദ്ധതി തയാറാക്കിയിരിക്കുന്നത്. എൻറോൾമെൻറും രജിസ്ട്രേഷനും ഉൾപ്പെടുന്ന ഒന്നാംഘട്ടവും ഇൻഷുറൻസ് ഏജൻസി ഉൾപ്പെടുന്ന രണ്ടാംഘട്ടവും.
എൻറോൾമെൻറിന് കൊൽക്കത്ത ആസ്ഥാനമായുള്ള ഏജൻസിയെ ഇ-ടെൻഡറിലൂടെ കണ്ടെത്തി. രജിസ്ട്രേഷൻ നടപടി ഒരുമാസമായി പുരോഗമിക്കുകയാണ്. തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും തൊഴിലിടങ്ങളിലുമെത്തി എൻറോൾമെൻറ് നടത്തലും ഇൗ ഏജൻസിയാണ് നിർവഹിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.