നെടുമ്പാശ്ശേരി: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള ആഭ്യന്തര വിമാനയാത്രക്ക് അനുമതിയായതോടെ യാത്രക്കാരെ സ്വീകരിക്കാൻ കൊച്ചി രാജ്യാന്തര വിമാനത്താവളം ഒരുക്കം പൂർത്തിയാക്കി. തിങ്കളാഴ്ച മുതലാണ് സർവിസ്. 30 ശതമാനം സർവിസുകൾക്കാണ് വ്യോമയാന മന്ത്രാലയം അനുമതി നൽകിയിട്ടുള്ളത്. ഇതനുസരിച്ച് കൊച്ചിയിൽനിന്ന് പ്രതിവാരം 113 സർവിസുണ്ടാകും. യന്ത്രസംവിധാനങ്ങൾ ഉപയോഗിച്ചുള്ള ചെക്ക്-ഇൻ, സുരക്ഷാ പരിശോധന, തിരിച്ചറിയൽ പ്രക്രിയകൾ നടത്താൻ കൊച്ചി വിമാനത്താവളം തയാറായിട്ടുണ്ട്.
മേയ് 25 മുതൽ ജൂൺ 30 വരെ നിശ്ചയിച്ച ആദ്യഘട്ട സമയപ്പട്ടികയനുസരിച്ച് കൊച്ചിയിൽനിന്ന് അഗത്തി, ബാംഗ്ലൂർ, കോഴിക്കോട്, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കണ്ണൂർ, മുംബൈ, മൈസൂർ, പുെണ എന്നീ നഗരങ്ങളിലേക്കും തിരിച്ചും സർവിസുണ്ടാകും. എയർ ഏഷ്യ, എയർ ഇന്ത്യ, അലയൻസ് എയർ, ഇൻഡിഗോ, സ്പൈസ്ജെറ്റ്, വിസ്താര, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ എയർലൈനുകളാണ് സർവിസ് നടത്തുന്നത്.
വെബ് ചെക്ക് ഇൻ, ആരോഗ്യ സേതു മൊബൈൽ ആപ്, സ്വയം വിവരം നൽകൽ എന്നിവ സംബന്ധിച്ച കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾ പാലിച്ചുവേണം യാത്രക്കാർ വിമാനത്താവളത്തിൽ എത്തേണ്ടത്. യാത്രക്ക് നാല് മണിക്കൂർ മുമ്പുതന്നെ ടെർമിനലിൽ പ്രവേശിക്കാം. രണ്ടുമണിക്കൂറിന് മുമ്പെങ്കിലും റിപ്പോർട്ട് ചെയ്തിരിക്കണം. വിമാനക്കമ്പനികൾ ഓൺലൈൻ ബുക്കിങ് തുടങ്ങിയിട്ടുണ്ട്. മറ്റ് സംസ്ഥാനത്തേക്ക് പോകുന്നവർ അതത് സ്ഥലങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. ഇതിന് പാസ് ആവശ്യമാണെങ്കിൽ അത് ലഭ്യമാക്കണം.
കൊച്ചിയിൽ എത്തുന്ന യാത്രക്കാർ സംസ്ഥാന സർക്കാറിെൻറ സുരക്ഷ നിബന്ധനകൾ പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.