ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ നീക്കത്തിന് തിരിച്ചടി; പണ്ടാരഭൂമി ഏറ്റെടുക്കൽ നിർത്തിവെക്കണമെന്ന ഇടക്കാല ഉത്തരവ് നീട്ടി

കൊച്ചി: ലക്ഷ‍ദ്വീപിൽ ജനങ്ങൾ കൃഷി ചെയ്ത് താമസിക്കുന്ന പണ്ടാരഭൂമി ഏറ്റെടുക്കാൻ ശ്രമിച്ച അഡ്മിനിസ്ട്രേഷൻ നടപടികൾക്ക് തിരിച്ചടി. പരാതിക്കാരുടെ ഭൂമി പിടിച്ചെടുക്കുന്ന നടപടികൾ നിർത്തിവെക്കണമെന്നുള്ള ഇടക്കാല ഉത്തരവ് ഹൈകോടതി നീട്ടി. രണ്ടുമാസത്തേക്കാണ് നീട്ടിയിരിക്കുന്നത്. ഹരജി ജൂലൈ രണ്ടിന് വീണ്ടും പരിഗണിക്കും.

ലക്ഷദ്വീപിലെ മുഴുവൻ പണ്ടാരഭൂമിയും പിടിച്ചെടുക്കണമെന്ന് ജില്ല കലക്ടർ കഴിഞ്ഞ വ്യാഴാഴ്ച ഉത്തരവിറക്കിയിരുന്നു. പണ്ടാരഭൂമി സർക്കാറിന്‍റേതാണെന്നും മുൻകാലങ്ങളിൽ ജനങ്ങൾക്ക് കൃഷിയാവശ്യത്തിനായി പാട്ടത്തിന് നൽകിയതാണെന്നും സർക്കാറിന് ആവശ്യമുള്ളപ്പോൾ തിരിച്ചെടുക്കാം എന്നുമായിരുന്നു കലക്ടറുടെ ഉത്തരവിലുണ്ടായിരുന്നത്. ഇതിനെതിരെ പരാതിക്കാർ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

ഭൂമി ഏറ്റെടുക്കലിനെതിരെ 2023 ഡിസംബറിലാണ് ആദ്യം ഹരജി നൽകിയതും ഇടക്കാല ഉത്തരവ് വന്നതും. ജസ്റ്റിസ് വിജു എബ്രഹാമാണ് ഹരജി പരിഗണിക്കുന്നത്.

നഷ്ടപരിഹാരമില്ലാതെ ഭൂമി ഏറ്റെടുക്കാനാണ് അധികൃതരുടെ നീക്കം. റോഡുകൾ, ആശുപത്രികൾ, സ്കൂളുകൾ തുടങ്ങിയവയുടെ നിർമാണത്തിനും വികസനത്തിനുമാണ് ഭൂമി തിരിച്ചുപിടിക്കുന്നതെന്നാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ വിശദീകരണം.

Tags:    
News Summary - interim order to stop the acquisition of Pandarabhoomi in lakshadweep extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.