സമസ്തയിലും ലീഗിലും നിലയ്ക്കാതെ നിഴൽയുദ്ധങ്ങൾ

മലപ്പുറം: സമസ്ത-ലീഗ് ബന്ധത്തിന് വിള്ളലുണ്ടാക്കും വിധമുള്ള നിഴൽ യുദ്ധങ്ങൾ ഇരുഭാഗത്തു നിന്നും തുടരുന്നു. ഏറ്റവുമൊടുവിൽ പാണക്കാട് ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈനലി തങ്ങൾ പി.കെ. കുഞ്ഞാലിക്കുട്ടിക്കും സമദാനിക്കുമെതിരെയാണ് ഒളിയമ്പ് എയ്തത്. ലീഗുവിരുദ്ധരായ സമസ്തയിലെ വിഭാഗത്തോട് മൃദുസമീപനം സ്വീകരിക്കുന്ന മുഈനലി തങ്ങൾ, കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം പാണക്കാട് നടന്ന ചടങ്ങിൽ നടത്തിയ പ്രസംഗത്തിനാണ് മറുപടി നൽകിയത്.

‘‘പാണക്കാട്ടെ കൊമ്പും ചില്ലയും വെട്ടാൻ ആരും നോക്കണ്ടെ’’ന്നായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി സമസ്തയിലെ ലീഗ് വിരുദ്ധർക്കെതിരെ നടത്തിയ പ്രസംഗം. ഇതിന് മറുപടിയായി ‘‘ ആരുമിവിടെ കൊമ്പും ചില്ലയും വെട്ടാൻ വരുന്നില്ലെന്നും അതൊക്കെ ചിലരുടെ വെറും തോന്നലുകളാണ്, പ്രായമാകുന്നതിനനുസരിച്ച് കാഴ്ചകൾക്ക് മങ്ങലുകൾ വരും. അതൊക്കെ ചികിത്സിച്ചാൽ മാറുമെന്നുമായിരുന്നു മഈനലി തങ്ങളുടെ മറുപടി.

ചന്ദ്രനോളം വരുന്ന പാണക്കാട് കുടുംബത്തെ ആർക്കും തൊടാനാവില്ലെന്ന സമദാനിയുടെ പരമാർശത്തെയും മുഈനലി തങ്ങൾ വിമർശിച്ചു. സമസ്തയുടെ ആദർശസമ്മേളനവേദിയിൽ വെച്ചാണ് ലീഗ് ഉന്നത നേതൃത്വത്തിന് മുഈനലിയുടെ മറുപടി. കഴിഞ്ഞ ദിവസം സമസ്ത നേതാവ് സത്താർ പന്തല്ലൂരിനെതിരെ എസ്.കെ.എസ്.എസ്.എഫ് മു​ൻഭാരവാഹി പാണക്കാട് സമീർ അലി ശിഹാബ്തങ്ങളും രംഗത്തെത്തിയിരുന്നു.

പട്ടിക്കാട് ജാമിഅ സമ്മേളനത്തോടെ രൂക്ഷമായ സമസ്തയിലെ തർക്കം നേതൃത്വം ഇടപെട്ടിട്ടും അടങ്ങിയിട്ടില്ല. ജാമിഅ നൂരിയ സമ്മേളനത്തിൽ നിന്ന് സമസ്തയിലെ പ്രമുഖ യുവ നേതാക്കളായ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിനെയും സത്താർ പന്തല്ലൂരിനെയും മാറ്റി നിർത്തിയതാണ് പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയും ലീഗിനെതിരെയും പരസ്യമായ പോർവിളികൾക്ക് കാരണമായത്. ഈ സമ്മേളനത്തിന്റെ സമാപനവേദിയിൽ സമസ്ത അധ്യക്ഷൻ ലീഗിനെതിരായ സമസ്തയിലെ വിഭാഗത്തി​ന്റെ നിലപാടുകളെ തള്ളിക്കളഞ്ഞിരുന്നു.

ലീഗിനും സമസ്തക്കുമിടയിലെ വാക്പോരിന് ഇതോടെ ശമനമുണ്ടാവുമെന്ന് കരുതിയെങ്കിലും വെടിനിർത്തൽ ഉണ്ടായില്ല. കഴിഞ്ഞ ആഴ്ച മലപ്പുറത്ത് എസ്.കെ.എസ്.എസ്.എഫ് വേദിയിൽ പാണക്കാട് കുടുംബത്തിന് നേരെ ഒളിയമ്പുകളുടെ പൂരമായിരുന്നു കണ്ടത്. ഇതിനിടയിൽ സമസ്തയിലെ നേതാക്കളെ പ്രയാസപ്പെടുത്തുന്നവരുടെ കൈ വെട്ടാനും തയാറാവുമെന്ന സത്താർ പന്തല്ലൂരിന്റെ പ്രസംഗം വിവാദമാവുകയും ​ചെയ്തു.

അതിന് മറുപടിയായാണ് കുഞ്ഞാലിക്കുട്ടി എം.എസ്.എഫിന്റെ വേദിയിൽ പാണക്കാട് കുടുംബത്തെ ആക്രമിക്കുന്നവർക്തെിരെ മുന്നറിയിപ്പ് നൽകിയത്. ഇതിന് പാണക്കാട് നിന്നുള്ള അംഗത്തെ കൊണ്ട് തന്നെ സമസ്തയിലെ ലീഗ് വിരുദ്ധർ മറുപടി പറയിച്ചു എന്നതാണ് പുതിയ സാഹചര്യം.

ലീഗ് സമസ്ത ബന്ധം വഷളാവാതെ നോക്കാനുള്ള നേതൃത്വത്തിന്റെ നീക്കങ്ങൾ ഫലം കാണാതെ പോവുകയാണ്. വിവാദ പ്രസംഗം നടത്തിയ സത്താർ പന്തല്ലൂരിനെ അനുകൂലിച്ച് സമസ്ത മുശാവറ അംഗങ്ങൾ ഉൾപടെയുള്ള നേതാക്കൾ രംഗത്തെത്തിയത് സാഹചര്യം ഗൗരവതരമാക്കുന്നതാണ്. മുസ്‍ലീം ലീഗിനെ തൽക്കാലേത്തേ​ക്കെങ്കിലും പ്രതിസന്ധിയിലാക്കുന്നതാണ് ഈ നിഴൽ യുദ്ധങ്ങൾ. സമസ്തയാവട്ടെ വീണ്ടുമൊരു വിള്ളലിന്റെ വക്കിലാണ് എന്ന പ്രതീതിയാണ് സൃഷ്ടിക്കുന്നത്.


Tags:    
News Summary - Internal strife continues in Samasta and the League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.