ഇരിക്കൂർ: ബ്ലാത്തൂർ പന്നിപ്പാറയിൽ ഇതരസംസ്ഥാന തൊഴിലാളിയെ താമസസ്ഥലത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. അസം ദുബ്രി ജില്ലയിലെ മോദിബറ സ്വദേശി സ്വഹദേവ് (45) ആണ് കൊല്ലപ്പെട്ടത്. കല്യാട് ചെങ്കൽക്വാറി തൊഴിലാളിയാണ്. ഇന്നലെ വൈകുന്നേരം നാലിനും അഞ്ചിനുമിടയിലാണ് സംഭവം പുറത്തറിഞ്ഞത്. വിവരമറിഞ്ഞ് ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തിൽ, മട്ടന്നൂർ സർക്കിൾ ഇൻസ്പെക്ടർ വി.വി. ജോൺ, ഇരിക്കൂർ എസ്.ഐ വി.വി. പ്രദീപ്, വി.എം. വിനോദ് എന്നിവർ സംഭവസ്ഥലത്തെത്തി. കണ്ണൂരിൽനിന്ന് കിമോ എന്ന പൊലീസ് നായും വിരലടയാള വിദഗ്ധരും കൊല്ലപ്പെട്ട വാടകവീട്ടിലെത്തിയെങ്കിലും വെളിച്ചക്കുറവ് മൂലം തിരിച്ചുപോയി. അന്വേഷണത്തിനായി ഇന്ന് വീണ്ടുമെത്തും.
കൊല്ലപ്പെട്ട സ്വഹദേവ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ ജോലിക്ക് പോയിരുന്നില്ല. സഹോദരനടക്കം ഏഴുപേരാണ് വയലംവളപ്പിൽ റുഖിയയുടെ തറവാട് വീട്ടിൽ വാടകക്ക് താമസിച്ചു വരുന്നത്. ഇതിൽ ആറുപേർ പതിവുപോലെ രാവിലെ അഞ്ചുമണിക്ക് പണിസ്ഥലത്തേക്കും ഒരാൾ നാട്ടിലേക്ക് പോകുന്നതിന് ട്രെയിൻ ടിക്കറ്റെടുക്കാൻ കണ്ണൂരിലേക്കും പോയിരുന്നു. ഇവരുടെ കൂടെ താമസിക്കുന്ന ചെങ്കൽ ലോഡിങ് തൊഴിലാളികളായ മൂന്നുപേർ വൈകുന്നേരം താമസസ്ഥലത്ത് തിരിച്ചെത്തിയപ്പോഴാണ് സ്വഹദേവിനെ രക്തം വാർന്ന് കൊല്ലപ്പെട്ടനിലയിൽ കണ്ടത്. ഉടൻതന്നെ ഇവർ തൊട്ടടുത്ത് താമസിക്കുന്ന വീട്ടുടമയെ വിവരമറിയിച്ചു. സംഭവമറിഞ്ഞ് കൊല്ലപ്പെട്ട വീട്ടിലേക്ക് നാട്ടുകാർ ഒഴുകിയെത്തി.
കൂടെ താമസിക്കുന്ന ഏഴുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത്, ഇരിക്കൂർ പൊലീസ് സ്റ്റേഷനിൽ വെച്ച് ചോദ്യംചെയ്തുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.