കോഴിക്കോട്: കലയുടെ ചിലമ്പൊലിത്താളങ്ങൾ തുയിലുണർത്തിയ സർഗവസന്തത്തിന് വെള്ളിയാഴ്ച തിരശ്ശീല വീഴുമ്പോൾ കോഴിക്കോട് സെൻറ് ജോസഫ്സ് ദേവഗിരി കോളജ് 108 പോയൻറുമായി കിരീടത്തിലേക്ക് കുതിക്കുന്നു. 102 പോയൻറുമായി ഫാറൂഖ് കോളജ് തൊട്ടുപിന്നിലുണ്ട്. 80 പോയൻറുമായി പാലക്കാട് വിക്ടോറിയ കോളജാണ് മൂന്നാം സ്ഥാനത്തുള്ളത്.
സ്റ്റേജ് മത്സരങ്ങളിൽ 73 പോയൻറുമായി ദേവഗിരിതന്നെയാണ് മികവു പുലർത്തുന്നത്. 68 പോയൻറുമായി കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസും 60 പോയൻറുമായി ഫാറൂഖ് കോളജും പിന്നിലുണ്ട്. വ്യക്തിഗത ഇനങ്ങളിൽ 18 പോയൻറുമായി ഫാറൂഖ് കോളജിലെ കെ.സി. വിവേകും, 10 പോയൻറുകൾ വീതം നേടി നാട്ടിക ശ്രീനാരായണ ഗുരു കോളജിലെ ടി.ബി. ദേവികൃഷ്ണ, കല്ലേക്കാട് ഭാരതീയ വിദ്യാനികേതൻ കോളജ് ഓഫ് ടീച്ചർ എജുക്കേഷനിലെ കെ.പി. ആര്യയുമാണ് മുന്നിലുള്ളത്. സമാപന ദിവസമായ വെള്ളിയാഴ്ച ഒപ്പന, വട്ടപ്പാട്ട്, ദഫ്മുട്ട്, അറബനമുട്ട്, മിമിക്രി, നാടോടിനൃത്തം, മോണോആക്ട്, ബാൻഡ്മേളം എന്നിവ അരങ്ങേറും. വൈകീട്ട് അഞ്ചിനാണ് സമാപന സമ്മേളനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.