കൊച്ചി: വിവിധ തരത്തിലുള്ള അനാദരവുകളുടെ പേരുപറഞ്ഞ് കലാ-സാംസ്കാരികാവിഷ്കാരങ്ങൾക്കു നേരെ ഉയർത്തുന്ന അസഹിഷ്ണുതാപരമായ സമീപനം പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് ഹൈകോടതി. സിനിമയിൽ മതപരമോ വംശീയമോ ആയ അനാദരവ് പ്രകടമാകുന്ന ദൃശ്യങ്ങളുണ്ടെങ്കിൽ തീരുമാനമെടുക്കേണ്ടത് സെൻസർ ബോർഡാണ്. കാൽപനികതയുടെയും യഥാർഥ അനുഭവങ്ങളുടെയും ആവിഷ്കാരമാണ് സിനിമ. സമൂഹത്തിന്റെയോ വ്യക്തിയുടെയോ സ്വാതന്ത്ര്യം ഹനിക്കാത്തിടത്തോളം സൃഷ്ടിപരമായ ആ സ്വാതന്ത്ര്യം അംഗീകരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
‘ആന്റണി’ എന്ന സിനിമയിൽ ബൈബിളിനുള്ളിൽ തോക്ക് ഒളിപ്പിച്ച ദൃശ്യം നീക്കംചെയ്യാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിലെ തുടർ നടപടികൾ അവസാനിപ്പിച്ച് പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ നിരീക്ഷണം.
ബൈബിളിൽ തോക്ക് ഒളിപ്പിച്ച ദൃശ്യം കൃസ്തീയ വിശ്വാസികളെ വേദനിപ്പിക്കുന്നതാണെന്നും സെൻസർ ബോർഡ് ഇതിന് അനുമതി നൽകരുതെന്നുമാവശ്യപ്പെട്ടായിരുന്നു ഹരജി. എന്നാൽ, വളരെ വേഗത്തിലുള്ള ദൃശ്യം തങ്ങളുടെ ശ്രദ്ധയിൽപോലുംപെട്ടിരുന്നില്ലെന്ന് സെൻസർ ബോർഡിന്റെ വിശദീകരണത്തിൽ പറയുന്നതായി കോടതി ചൂണ്ടിക്കാട്ടി. ദൃശ്യങ്ങൾ ഏതെങ്കിലും വിശ്വാസത്തെ നിന്ദിക്കുന്നതാണെന്ന് ഇതിൽ പറയുന്നില്ല. ബൈബിൾപോലെ തോന്നിപ്പിക്കുന്ന പുസ്തകത്തിൽ തോക്ക് ഒളിപ്പിച്ച ദൃശ്യങ്ങൾ ക്രിസ്തുമത വിശ്വാസികളെ അധിക്ഷേപിക്കുന്നുവെന്ന വാദം ശരിയാണെന്ന് കരുതാനാവില്ലെന്നും കോടതി വ്യക്തമാക്കി. പുസ്തകം ബൈബിളാണെന്ന് തിരിച്ചറിയാൻ കഴിയാത്തവിധം ദൃശ്യത്തിൽ മാറ്റം വരുത്തിയെന്ന് കേന്ദ്ര സർക്കാറടക്കം കോടതിയെ അറിയിച്ചു. ഇക്കാര്യം പരിഗണിച്ചാണ് ഹരജിയിലെ തുടർനടപടികൾ അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.