കോട്ടയം: കേരളം ഞെട്ടിയ പങ്കാളി കൈമാറ്റക്കേസിലേക്ക് നയിച്ച പരാതിക്കാരിയുടെ കൊലപാതകത്തിന്റെ നടുക്കത്തിൽ നാട്. ദൃക്സാക്ഷികളില്ലാത്തതിനാൽ പ്രതിയെ ഉറപ്പിക്കാനായിട്ടില്ലെന്ന് പൊലീസ് പറയുമ്പോഴും ഭർത്താവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. യുവതിയെ കൊലപ്പെടുത്തിയത് ഭർത്താവാണെന്നും കഴിഞ്ഞ ദിവസങ്ങളിൽ പലതവണ ഇയാൾ വീടിന്റെ പരിസരത്ത് എത്തിയിരുന്നതായും യുവതിയുടെ സഹോദരൻ പറഞ്ഞു. പിതാവും സമാനമൊഴി പൊലീസിന് നൽകിയിട്ടുണ്ട്.
വൈഫ് സ്വാപ്പിങ്ങിനെ എതിർത്ത യുവതി പരാതിയുമായി കഴിഞ്ഞ ജനുവരിയിലാണ് കറുകച്ചാൽ പൊലീസിനെ സമീപിച്ചത്. തുടർന്ന് ഭർത്താവുമായി അകന്ന ഇവർ മണർകാട്ടെ സ്വന്തം വീട്ടിലേക്ക് കുട്ടികളുമായി മടങ്ങി. കേസിൽ ഭർത്താവ് റിമാൻഡിലാകുകയും ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാൾ പലതവണ യുവതിയെ കാണുകയും മാപ്പ് പറയുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇവർ വീണ്ടും ഒന്നിച്ചു. ഇരുവരും ഭർത്താവിന്റെ കങ്ങഴയിലെ വീട്ടിൽ താമസമാക്കുകയും ചെയ്തു. പിന്നീടും നിരവധി തവണ ഭർത്താവുമായി പിണങ്ങി യുവതി സ്വന്തം വീട്ടിലെത്തി. ഒരുമാസം മുമ്പാണ് സ്വന്തം വീട്ടിലേക്ക് വീണ്ടും കുട്ടികളുമായി ഇവർ എത്തിയത്. പിന്നീട് ഇവർ ഭർത്താവിനൊപ്പം പോകാൻ തയാറായിരുന്നില്ല. ഭർത്താവ് മറ്റ് പലരുമായി ലൈംഗികബന്ധത്തിന് നിർബന്ധിക്കുന്നുവെന്ന പരാതിയിൽ ഒമ്പതുപേർക്കെതിരെയാണ് കറുകച്ചാൽ പൊലീസ് കേസെടുത്തത്. ഇതിൽ ഏഴുപേർ അറസ്റ്റിലായിരുന്നു. രണ്ടുപേരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. തുടരന്വേഷണത്തിൽ പങ്കാളികളെ ലൈംഗികബന്ധത്തിന് കൈമാറുന്ന വിവിധ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതായി പൊലീസ് കണ്ടെത്തി.
സുഹൃത്തുക്കളുടെ ‘വീട്ടിലെ വിരുന്ന്’ എന്നതിന്റെ മറവിലാണ് അറസ്റ്റിലായ സംഘം പങ്കാളി കൈമാറ്റങ്ങള്‍ നടത്തിയതെന്ന് തെളിഞ്ഞിരുന്നു. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ഫോട്ടോകളും വിഡിയോകളും പോസ്റ്റ് ചെയ്താണ് ഇവര്‍ കണ്ണികളെ ആകര്‍ഷിക്കുന്നത്. തുടര്‍ന്ന്, സ്വകാര്യ ചാറ്റിങ് നടത്തും. അടുത്ത ബന്ധം സ്ഥാപിക്കപ്പെട്ടെന്ന് ഉറപ്പായശേഷം ലൈംഗിക താല്പര്യങ്ങള് അന്വേഷിച്ച് അറിയും. പങ്കാളി കൈമാറ്റത്തിന് താല്പര്യമുള്ള വ്യക്തിയാണെന്ന് തിരിച്ചറിഞ്ഞാല്‍ രഹസ്യ മെസഞ്ചര്‍, ടെലിഗ്രാം ഗ്രൂപ്പുകളില്‍ അംഗങ്ങളാക്കും. തുടര്‍ന്നാണ് വീടുകളിലേക്ക് വിരുന്നിനുള്ള ക്ഷണം. മാസങ്ങളുടെ ഇടവേളകളിലാണ് വിരുന്ന് സംഘടിപ്പിക്കുന്നത്. വിരുന്ന് സംഘടിപ്പിക്കുന്ന വീട്ടിലേക്ക് ഗ്രൂപ്പിലെ മറ്റൊരു കുടുംബം എത്തുന്നു. ഇതിനിടയില്‍ ലൈംഗികബന്ധത്തിന് തന്ത്രപരമായി സൗകര്യങ്ങളൊരുക്കി നല്‍കുകയാണ് ഇവരുടെ രീതിയെന്നായിരുന്നു പൊലീസ് വ്യക്തമാക്കിയിരുന്നത്.
എന്നാൽ, ഒരാളല്ലാതെ മറ്റാരും പരാതി നൽകാൻ തയാറാകാതിരുന്നതോടെ കേസ് അന്വേഷണം നിലക്കുകയായിരുന്നു. ഉന്നതരടക്കം നിരവധിപേര്‍ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നായിരുന്നു അന്ന് പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ, പുതുതായി പരാതികളൊന്നും ലഭിക്കാത്തതിനാൽ കേസുമായി മുന്നോട്ടുപോകാൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് വിശദീകരണം. പരാതിയിൽ അഞ്ച് കേസാണ് കറുകച്ചാൽ പൊലീസ് ആദ്യം രജിസ്റ്റർ ചെയ്തത്. പിന്നീട് നാലുകേസ് പാലാ, എളമക്കര, പുന്നപ്ര, ആലപ്പുഴ എന്നിവിടങ്ങളിലേക്ക് കൈമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.